Parathode – 686 512

04828 – 234026

Vicar: Rev. Fr. Martin Velliamkulam

Cell: 9496 521 419,  9400 779 419

frmartinv@gmail.com

Click here to go to the Church

പതിന്നാലാം നൂറ്റാണ്ടു മുതല്‍ പൊടിമറ്റത്തു ക്രൈസ്തവസാന്നിദ്ധ്യം ഉണ്ടായിരുന്നതായും 1325 ല്‍ നിലയ്ക്കലില്‍ നിന്ന് ഒരുഗണം ക്രിസ്ത്യാനികള്‍ ഇന്നത്തെ പൊടിമറ്റം ഇടവകയുടെ ഭാഗമായ څപഴൂത്തടംچ എന്ന സ്ഥലത്തു വന്നു താമസിച്ചതായും ചരിത്രഗ്രന്ഥങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നു.

കുരിശുപള്ളി
കാഞ്ഞിരപ്പള്ളി ഇടവകയുടെ പൊടിമറ്റത്തെ റബര്‍ത്തോട്ടം സൂക്ഷിക്കുന്നതിനായി റൈട്ടര്‍ക്കാവശ്യമുള്ള ഓഫീസും മറ്റു സൗകര്യങ്ങളും നിര്‍മിക്കാന്‍ തീരുമാനിച്ചതായി കാഞ്ഞിരപ്പള്ളി ഇടവകയിലെ 1924 നവം. 24 ലെ പൊതുയോഗനിശ്ചയത്തില്‍ കാണുന്നു. ഇതനുസരിച്ച് പള്ളിയായി ഉപയോഗിക്കാനുതകുന്ന രീതിയില്‍ ഹാളും രണ്ടു മുറികളും ചേര്‍ന്ന ഒരു ബംഗ്ലാവ് പണി കഴിപ്പിക്കുകയും കുരിശുപള്ളി സ്ഥാപിക്കുകയും ചെയ്തു. 1925 ല്‍ ദിവ്യബലിയര്‍പ്പിക്കാന്‍ അനുവാദം ലഭിച്ചു. 16000 രൂപാ മുടക്കി 1927 ജനുവരി 11 ന് പള്ളിമുറിയും മറ്റും പണിതീര്‍ത്തു. കാഞ്ഞിരപ്പള്ളിയില്‍ നിന്നു വൈദികന്മാരെത്തി ഞായറാഴ്ചകളില്‍ ബലിയര്‍പ്പിച്ചിരുന്നു. ചൂരക്കാട്ട് ബ. മത്തായി അച്ചനെ സ്ഥിരം വൈദികനായി 1929 ല്‍ നിയമിച്ചു.

ഇടവകസ്ഥാപനം
1943-46 കാലഘട്ടത്തില്‍ വീട്ടുവേലിക്കുന്നേല്‍ ബ. ജോസഫച്ചന്‍റെ നേതൃത്വത്തില്‍ ദൈവാലയം സ്ഥാപിച്ചു. സണ്‍ഡേസ്കൂള്‍ ആരംഭിക്കുക എന്ന ലക്ഷ്യത്തോടെ, ഏതാണ്ട് 1952 ഓടെ മാര്‍ത്തോമ്മാശ്ലീഹായുടെ ഭാരതസന്ദര്‍ശനത്തിന്‍റെ 19-ാം ശതാബ്ദി സ്മാരകമായി പാരിഷ്ഹാള്‍ ഏര്‍ത്തയില്‍ ബ. ജേക്കബച്ചന്‍ പണികഴിപ്പിച്ചു. 1955 ല്‍ പൊട്ടനാനിക്കല്‍ ബ. ജേക്കബ് അച്ചന്‍ ദൈവാലയം പുതുക്കിപ്പണിതു. ഇക്കാലത്തുതന്നെ സിമിത്തേരിയും നിര്‍മിച്ചു. അഭിവന്ദ്യ മാര്‍ ആന്‍റണി പടിയറ 1971 സെപ്റ്റംബര്‍ 19 ന് 1216-ാം നമ്പര്‍ കല്പനപ്രകാരം പൊടിമറ്റം കുരിശുപള്ളിയെ ഇടവകയായി ഉയര്‍ത്തി. ഫൊറോനാപള്ളി വക സെന്‍റ് ഡോമിനിക്സ് കോളജ് ബര്‍സാര്‍ കൂടിയായിരുന്ന ആലുങ്കല്‍ ബ. മാത്യു അച്ചനായിരുന്നു വികാരി.

നവീനദൈവാലയം
മാലിയില്‍ ബ. ജോര്‍ജച്ചന്‍റെ കാലത്ത് 1986 ഓഗസ്റ്റ് 15 ന് പുതിയ പള്ളിക്കു തറക്കല്ലിട്ടു. വിശാലവും ശില്പസുന്ദരവുമായ ദൈവാലയം 1988 ഡിസംബര്‍ 18 ന് മാര്‍ മാത്യു വട്ടക്കുഴി കൂദാശ ചെയ്തു.

ശുശ്രൂഷ ചെയ്ത ബഹുമാനപ്പെട്ട വൈദികന്മാര്‍
മത്തായി ചൂരക്കാട്ട് (1929 – 30), യൗസേപ്പ് വാച്ചാപറമ്പില്‍ (1930 – 31), തോമസ് പാറയില്‍ (1931 – 40), യൗസേപ്പ് പൊരുന്നോലില്‍ (1940 – 41), യൗസേപ്പ് ചക്കന്‍കുളത്ത് (1941 – 43), ജോസഫ് വീട്ടുവേലിക്കുന്നേല്‍ (1943 – 46), മാത്യു കാപ്പുകാട്ട് (1946 – 51), വര്‍ഗീസ് ആറ്റുവാത്തല (1951 മാര്‍ച്ച് – ഏപ്രില്‍), ജേക്കബ് ഏര്‍ത്തയില്‍ (1951 – 55), ജേക്കബ് പൊട്ടനാനിക്കല്‍ (1955 – 56), തോമസ് പുത്തന്‍പറമ്പില്‍ (1956 – 57), ജോസഫ് മേപ്രക്കരോട്ട് (1957 – 58), അഗസ്റ്റിന്‍ തുരുത്തിമറ്റം (1958 – 59), ജോസഫ് കിഴക്കേത്തയ്യില്‍ (1959 – 65), സെബാസ്റ്റ്യന്‍ പഴയചിറ (1965 – 69), മാത്യു ആലുങ്കല്‍ (1969 – 75), തോമസ് ഏര്‍ത്തയില്‍ (1975 – 79), ജോസഫ് എരുതനാട്ട് (1979 – 84), ജോര്‍ജ് മാലിയില്‍ (1984 – 91), ജോര്‍ജ് ഡി. വെള്ളാപ്പള്ളി (1991 – 96), ജോസഫ് കുന്നത്തുപുരയിടം (1996 -).

ബഹുമാനപ്പെട്ട അസ്തേന്തിമാര്‍
സില്‍വാനോസ് മഠത്തിനകത്ത് (1997 – 99), ജോസഫ് മംഗലത്തില്‍ (1999 – 2000), മാത്യു നിരപ്പേല്‍ (2000 -).

കുടുംബം, ദൈവവിളി
367 കത്തോലിക്കാ കുടുംബങ്ങളിലായി 1845 ഇടവകാംഗങ്ങള്‍ ഇവിടെയുണ്ട്. 17 കുടുംബക്കൂട്ടായ്മകള്‍ സജീവമായി പ്രവര്‍ത്തിക്കുന്നു. എട്ടു വൈദികന്മാരും എട്ടു സന്യാസിനികളും സഭാശുശ്രൂഷ ചെയ്യുന്നു. രണ്ടു വൈദികസന്യാസാര്‍ഥികള്‍ പരിശീലനംനടത്തുന്നു. 204 ഹൈന്ദവകുടുംബങ്ങളും 245 മുസ്ലീം കുടുംബങ്ങളും ഇടവകയുടെ പരിധിയിലുണ്ട്.

സ്ഥാപനങ്ങള്‍
കാഞ്ഞിരപ്പള്ളി രൂപതയുടെ മൈനര്‍ സെമിനാരി ഇവിടെ സ്ഥിതി ചെയ്യുന്നു. ദിവ്യകാരുണ്യസഭയുടെ നൊവിഷ്യേറ്റ് ഹൗസും, റിഡംപ്ന്‍റിസ്റ്റ് സഭയുടെ മൈനര്‍സെമിനാരിയും, കര്‍മലീത്താ സന്യാസിനീസമൂഹത്തിന്‍റെയും തിരുഹൃദയസന്യാസിനീസമൂഹത്തിന്‍റെയും ഫ്രാന്‍സിസ്കന്‍ ക്ലാരിസ്റ്റ് സന്യാസിനീ സമൂഹത്തിന്‍റെയും പ്രൊവിഷ്യല്‍ ഹൗസുകളും, ആരാധനസന്യാസിനീ സമൂഹത്തിന്‍റെയും തിരുഹൃദയസന്യാസിനീ സമൂഹത്തിന്‍റെയും സ്റ്റഡി ഹൗസുകളും ക്ലാരിസ്റ്റ് സന്യാസിനീ സമൂഹത്തിന്‍റെയും സെന്‍റ് ജോണ്‍ ഓഫ് ഗോഡ് സന്യാസിനീ സമൂഹത്തിന്‍റെയും നൊവിഷ്യേറ്റ് ഹൗസുകളും അപ്പസ്തോലിക ഒബ്ലേറ്റ്സ് സമൂഹം നേതൃത്വം നല്‍കുന്ന നിര്‍മലാഹോസ്റ്റലും കര്‍മലീത്താ സഭ യുടെ കാര്‍മല്‍ ഹോസ്റ്റലും ഇതിനോടനുബന്ധിച്ച് സന്യാസഭവനവും ഇടവകയില്‍ ഉണ്ട്.
സി. എം. ഐ. സഭയുടെ ഭാരവാഹിത്വത്തിലുള്ള മേരി ക്വീന്‍സ് ആശുപത്രി, കാഞ്ഞിരപ്പള്ളി കത്തീദ്രല്‍ വക സെന്‍റ് ഡോമിനിക്സ് കോളജ്, രൂപതവക ജയമാതാ പാരലല്‍ കോളജ്, സന്യാസാര്‍ഥിനികള്‍ക്കായുള്ള നിര്‍മലാ തിയോളജിക്കല്‍ കോളജ് എന്നിവയാണ് ഇടവകാതിര്‍ത്തിക്കുള്ളിലെ പ്രധാന സ്ഥാപനങ്ങള്‍.

പ്രശസ്തര്‍
സ്റ്റേറ്റ് കോണ്‍ഗ്രസിന്‍റെ 12-ാമത്തെ പ്രസിഡന്‍റും സ്വാതന്ത്ര്യസമരസേനാനിയുമായ ശ്രീമതി അക്കാമ്മ ചെറിയാന്‍, സഹോദരി ശ്രീമതി റോസമ്മ പുന്നൂസ് എക്സ് എം. എല്‍. എ., ശ്രീ കെ. ജെ. തോമസ് എക്സ് എം. എല്‍. എ. എന്നീ പ്രശസ്ത വ്യക്തികള്‍ ഇടവകാംഗങ്ങളായിരുന്നു.

സംഘടനകള്‍
സെന്‍റ് വിന്‍സെന്‍റ് ഡി പോള്‍ സഖ്യം, ലീജിയന്‍ ഓഫ് മേരി, യുവദീപ്തി, മാതൃദീപ്തി, മദ്യവിരുദ്ധസമിതി, മിഷന്‍ലീഗ്, അള്‍ത്താരബാലസഖ്യം എന്നിവ ഇടവകയില്‍ പ്രവര്‍ത്തിക്കുന്നു.