504 Colony – 686 513

Vicar: Rev. Fr. Dominic Manniparampil

Cell: 9446 980 035

abhimdominic@gmail.com

Click here to go to the Church

കാഞ്ഞിരപ്പള്ളിയില്‍ നിന്ന് ഇരുപത്തേഴു കിലോമീറ്റര്‍ അകലെയാണ് മാങ്ങാപ്പേട്ട, 504 കോളനി സ്ഥലങ്ങള്‍. 1969-70 ല്‍ ശ്രീ കെ. റ്റി. ജേക്കബ് റവന്യുമന്ത്രിയായിരുന്ന കാലത്ത് കേരളസര്‍ക്കാര്‍ ഭൂരഹിതരായ കര്‍ഷകത്തൊഴിലാളികള്‍ക്ക് ഓരോ ഏക്കര്‍ സ്ഥലം പതിച്ചു നല്‍കി. 504 കുടുംബങ്ങള്‍ക്കു നല്‍കിയതിനാലാണ് ഇത് 504 കോളനി എന്നറിയപ്പെടുന്നത്. ഹരിജനകുടുംബങ്ങളായിരുന്നു ഭൂരിപക്ഷവും.

ദൈവാലയം
ദൈവാലയം സ്ഥാപിതമാകുന്നതിനു മുമ്പു പുഞ്ചവയല്‍ ഇടവകയില്‍പ്പെട്ടവരായിരുന്നു തദ്ദേശവാസികള്‍. ഏഴു കിലോമീറ്റര്‍ അകലെയുള്ള ഇടവകപ്പള്ളിയില്‍ പോയി ആത്മീയകാര്യങ്ങള്‍ അനുഷ്ഠിക്കുക ക്ലേശകരമായിരുന്നതിനാല്‍ വിശ്വാസികള്‍ ഒത്തുചേര്‍ന്നു ദിവ്യബലിയര്‍പ്പണത്തിനു സൗകര്യമുണ്ടാക്കുന്നതിന് അരമനയില്‍ അപേക്ഷ നല്‍കി. കോളനിയുടെ സമഗ്രവികസനത്തെക്കരുതി ആരംഭത്തില്‍ത്തന്നെ വിലയ്ക്കു വാങ്ങിയിരുന്ന രണ്ടേക്കര്‍സ്ഥലം പള്ളി സ്ഥാപനത്തിനു നല്‍കാമെന്ന തീരുമാനത്തോടെ 1988 ഓഗസ്റ്റ് 29 നു മാര്‍ മാത്യു വട്ടക്കുഴി പുഞ്ചവയല്‍ ഇടവക സന്ദര്‍ശിച്ചപ്പോള്‍ ഇവിടം നേരിട്ടു കാണുകയും ദിവ്യബലിയര്‍പ്പിക്കുന്നതിന് അനുവാദം നല്‍കുകയും ചെയ്തു. താമസിയാതെ, പുഞ്ചവയല്‍ വികാരി ആലുങ്കല്‍ ബ. ജേക്കബ് അച്ചന്‍ സാമൂഹികപ്രവര്‍ത്തനത്തിനായി നിര്‍മിച്ചിരുന്ന മലനാട് ഡെവലപ്പ്മെന്‍റ് സൊസൈറ്റിയുടെ കെട്ടിടത്തിന്‍റെ ഒരു മുറിയില്‍ ദിവ്യബലിയര്‍പ്പിച്ചു. തുടര്‍ന്നു പുഞ്ചവയല്‍പള്ളി വികാരിയായെത്തിയ കുമ്പുക്കാട്ട് ബ. തോമസച്ചന്‍ പള്ളി പണിക്കുള്ള അനുവാദം വാങ്ങി പ്രാരംഭപണികളാരംഭിച്ചു. പിന്നീട് വികാരിയായി എത്തിയ പരിന്തിരിക്കല്‍ ബ. വര്‍ഗീസച്ചന്‍ പള്ളിക്കു നൂതന ഭാവങ്ങളേകി. 1995 ജൂണ്‍ പതിനൊന്നിനു പള്ളിയുടെ ശിലാസ്ഥാപനവും 1997 ഏപ്രില്‍ ആറിനു കരിങ്കല്ലില്‍ മനോഹരമായി പണിതീര്‍ത്ത ദൈവാലയത്തിന്‍റെ കൂദാശയും മാര്‍ മാത്യു വട്ടക്കുഴി നിര്‍വഹിച്ചു.

കുടുംബം, ദൈവവിളി
70 കത്തോലിക്കാ കുടുംബങ്ങളിലായി 296 വിശ്വാസികളുണ്ട്. 300 ഹൈന്ദവഭവനങ്ങളും ഇതര സഭാസമൂഹങ്ങളില്‍പ്പെട്ട ധാരാളം ക്രൈസ്തവ കുടുംബങ്ങളും ഇടവകയുടെ പരിധിയിലുണ്ട്. കരിന്തകരയ്ക്കല്‍ ബ. വര്‍ഗീസച്ചന്‍ , മാരാരികുളം ബ. സ്റ്റീഫനച്ചന്‍ (എം. എസ്. എഫ്.) എന്നിവര്‍ ഇടവകാംഗങ്ങളാണ്. സിസ്റ്റര്‍ ട്രീസാ അഗസ്റ്റിന്‍ എഫ്. സി. സി., സിസ്റ്റര്‍ അന്നമ്മ തേക്കുംകാട്ടില്‍ എസ്. സി. ഒ. ജി. എന്നിവര്‍ സഭാ സേവനത്തിലേര്‍പ്പെട്ടിരിക്കുന്നു. ഒരു വൈദികാര്‍ഥി പരിശീലനം നടത്തുന്നുണ്ട്.

സ്ഥാപനം
സെന്‍റ് ജോണ്‍ ദി ബാപ്റ്റിസ്റ്റ് (എസ്.ജെ.ബി.) സിസ്റ്റേഴ്സിന്‍റെ മഠം 1996 മേയില്‍ സ്ഥാപിതമായി. ഇവരുടെ മാനേജ്മെന്‍റില്‍ 1999 മുതല്‍ നഴ്സറി സ്കൂള്‍ പ്രവര്‍ത്തിച്ചുവരുന്നു.
രൂപതയുടെ സാമൂഹികപ്രസ്ഥാനമായ എം. ഡി. എസിന്‍റെ പ്രവര്‍ത്തനങ്ങള്‍ പൊതുജനങ്ങളുടെ പക്കല്‍ എത്തിച്ചുകൊടുക്കുന്ന സേവനം ബ. സിസ്റ്റേഴ്സ് നിര്‍വഹിച്ചുകൊണ്ടിരിക്കുന്നു. സാധാരണക്കാരും പാവപ്പെട്ടവരുമായ ജനങ്ങളോടൊത്ത് ലളിതജീവിതശൈലി സ്വീകരിച്ചുകൊണ്ട് കുടുംബപ്രേഷിതരംഗത്തു സേവനമനുഷ്ഠിക്കുന്ന സെന്‍റ് ജോണ്‍ ദ ബാപ്റ്റിസ്റ്റ് സിസ്റ്റേഴ്സിന്‍റെ ശുശ്രൂഷ മഹത്തരമാണ്. വൈദികന്‍റെ മുഴവന്‍സമയസേവനവും പ്രതീക്ഷിച്ചുകൊണ്ടിരിക്കുകയാണ് ഇടവക.