Koovappally – 686 518

04828 – 251126

Vicar: Rev. Fr. Sebastian Kariplackal

Cell: 9446 9238 10

Click here to go to the Church

കൂവപ്പള്ളി ഇടവകയുടെ തുടക്കം ഇവിടുത്തെ കുരിശുമലയാണെന്നു പറയാം. മലമുകളില്‍ 1914 ല്‍ ഒരു കല്‍ക്കുരിശു സ്ഥാപിക്കപ്പെട്ടു. 1930-34 വരെ കാഞ്ഞിരപ്പള്ളി ഫൊറോനാവികാരിയായിരുന്ന തെക്കേമാളിയേക്കല്‍ ബ. മാത്യു അച്ചന്‍റെ കാലത്ത് ഇവിടം തീര്‍ഥാടനകേന്ദ്രമായി څകുരിശുമലچ എന്നു വിളിക്കപ്പെടുവാന്‍ തുടങ്ങി. പുതുഞായറാഴ്ചകളില്‍ കുരിശുമലയിലേക്ക് ഭക്തിനിര്‍ഭരമായ കുരിശിന്‍റെ വഴി നടത്തുകയും ദിവ്യബലി അര്‍പ്പിക്കുകയും ചെയ്തുപോന്നു.
കൂവപ്പള്ളിയില്‍ കുരിശുപള്ളി വയ്ക്കുന്നതിനു സ്ഥലവാസികള്‍ രൂപതയില്‍ അപേക്ഷ സമര്‍പ്പിച്ചു. 1947 നവംബര്‍ 2 നു ചേര്‍ന്ന ഫൊറോനാപ്പള്ളി പൊതുയോഗം കുരിശുപള്ളി പണിയുന്നതിനു തീരുമാനിച്ച് അഞ്ചേക്കര്‍ സ്ഥലം മാറ്റിയിട്ടു. മാര്‍ ജയിംസ് കാളാശേരിയുടെ കല്പനപ്രകാരം (1949 സെപ്തം. 18) കൂവപ്പള്ളി കാഞ്ഞിരപ്പള്ളി ഫൊറോനാപ്പള്ളിയുടെ കുരിശുപള്ളിയായി. 1949 നവംബറില്‍ കാഞ്ഞിരപ്പള്ളി വികാരി കുളംകുത്തിയില്‍ ബ. ദേവസ്യാച്ചന്‍ ഇവിടെ ആദ്യമായി ബലിയര്‍പ്പിച്ചു.
1949-51 വരെ കാഞ്ഞിരപ്പള്ളി, പഴയകൊരട്ടി എന്നിവിടങ്ങളില്‍നിന്നു വൈദികന്മാരെത്തി ശുശ്രൂഷകളനുഷ്ഠിച്ചു.

താല്ക്കാലിക പള്ളി
പള്ളി പണിയാന്‍ അനുമതി ലഭിച്ചതോടെ ഏകദേശം രണ്ടുമാസം കൊണ്ട് 1951 ല്‍ താല്ക്കാലികപള്ളി തീര്‍ത്തു ദിവ്യബലിയര്‍പ്പിച്ചു തുടങ്ങി. ഭിത്തികെട്ടി അടയ്ക്കാത്ത ഷെഡ്ഡില്‍ ഞായറാഴ്ചകളില്‍ സണ്‍ഡേസ്കൂളും മറ്റു ദിവസങ്ങളില്‍ എല്‍. പി. സ്കൂളും പ്രവര്‍ത്തിച്ചു.

നവീനദൈവാലയം
മങ്കന്താനത്ത് ബ. ഇമ്മാനുവേലച്ചന്‍ പുതിയ പള്ളിപണിക്കു മുന്‍കൈയെടുത്തു. തുരുത്തുമാലില്‍ ബ. സിറിയക്കച്ചന്‍ 1968 ഒക്ടോ. 27 നു പള്ളിക്കു തറക്കല്ലിട്ടു. നാലുവര്‍ഷംകൊണ്ട് രണ്ടുലക്ഷത്തില്‍പ്പരം രൂപാ മുടക്കി തീര്‍ത്ത ദൈവാലയം 1972 ഡിസംബര്‍ 8 നു മാര്‍ ആന്‍റണി പടിയറ കൂദാശ ചെയ്തു. 1972 ജനുവരി 2 ന് ഇത് ഇടവകയായി.

സേവനമനുഷ്ഠിച്ച ബ. വികാരിമാര്‍
ഫ്രാന്‍സിസ് പാട്ടത്തില്‍ (1951-58), തോമസ് ഏര്‍ത്തയില്‍ (1958-66), ഇമ്മാനുവേല്‍ മങ്കന്താനം (1966-73), സഖറിയാസ് വാച്ചാപറമ്പില്‍ (1973-76), ജേക്കബ് പൊട്ടനാനി (1976 മേയ്-നവം.), ജോസഫ് കണികതോട്ട് (1976-77), ജോര്‍ജ് ഇടത്തിനകം (1977), പോള്‍ വാഴപ്പനാടി (1977-88), ജോസഫ് വാഴയില്‍ (1988-92), ജോര്‍ജ് മാലിയില്‍ (1992-2000), ജോര്‍ജ് ഡി. വെള്ളാപ്പള്ളി (2000 – ).

ബഹുമാനപ്പെട്ട അസ്തേന്തിമാര്‍
ഡോമിനിക് കാഞ്ഞിരത്തിനാല്‍ (1995മേയ്-ഫെബ്രു.), ജോസഫ് താന്നിക്കല്‍ (1995-96), ജോസ് തട്ടാംപറമ്പില്‍ (1996- 97), തോമസ് തുരുത്തിപ്പള്ളില്‍ (1997-98), ഡോമിനിക് വാളന്മനാല്‍ (1998-2001).

പള്ളിമുറി
ആദ്യത്തെ പള്ളിമുറി പാട്ടത്തില്‍ ബ. ഫ്രാന്‍സിസച്ചന്‍റെ കാലത്തു പണികഴിപ്പിച്ചു. വാഴപ്പനാടി ബ. പോളച്ചന്‍റെ കാലത്ത് 1977 ജൂലൈയില്‍ പുതിയ പള്ളിമുറിക്കു കല്ലിട്ടു. വിശാലവും സൗകര്യപ്രദവുമായ പള്ളിമുറി ആറുമാസംകൊണ്ടു പൂര്‍ത്തീകരിച്ചു മാര്‍ ജോസഫ് പവ്വത്തില്‍ 1978 ജനുവരി 26 നു വെഞ്ചരിച്ചു.

തിരുഹൃദയമഠം
തിരുഹൃദയമഠം 1953 ല്‍ സ്ഥാപിതമായി. ചക്കുംമൂട്ടില്‍ ശ്രീ കുഞ്ഞപ്പിയുടെ വീടാണ് മൂന്നു വര്‍ഷത്തോളം താല്ക്കാലികമഠമായി ഉപയോഗിച്ചത്. 1956 ല്‍ കാഞ്ഞിരപ്പള്ളി ഫൊറോനാപ്പള്ളിയില്‍ നിന്നു മൂന്നേക്കര്‍ സ്ഥലം ലഭിച്ചതോടെ മഠം അവിടേക്കു മാറ്റി സ്ഥാപിച്ചു. ഒരു ദശകത്തിനുശേഷം കാഞ്ഞിരപ്പള്ളിപ്പള്ളിയില്‍നിന്നു പള്ളിക്കൂടത്തിനു സമീപത്തായി റോഡുസൈഡില്‍ മൂന്നേക്കര്‍ സ്ഥലം നല്കിയതോടെ പുതിയ മഠം അവിടെ പണിതു. കാഞ്ഞിരപ്പള്ളി രൂപതാ രൂപവല്‍ക്കരണം മുതല്‍ 1996 ഓഗസ്റ്റ് 21 വരെ ഈ ഭവനം തിരുഹൃദയസഭയുടെ പ്രോവിന്‍ഷ്യല്‍ ഹൗസ് ആയിരുന്നു. ബ. സിസ്റ്റേഴ്സിന്‍റെ മേല്‍നോട്ടത്തില്‍ 1996 ജൂണ്‍ 1 മുതല്‍ ബാലികാഭവന്‍ പ്രവര്‍ത്തിച്ചുവരുന്നു.

ഹോളിക്രോസ് മഠം
ഹോളിക്രോസ് സിസ്റ്റേഴ്സിന്‍റെ മഠം കാഞ്ഞിരപ്പള്ളി ഫൊറോനാപ്പള്ളിയില്‍ നിന്നു നല്കിയ 17 ഏക്കര്‍ സ്ഥലത്ത് 1956 ല്‍ സ്ഥാപിതമായി. ഇവരുടെ മേല്‍നോട്ടത്തില്‍ ക്ഷയരോഗചികിത്സാസൗകര്യത്തിനായി റ്റി.ബി.സാനിട്ടോറിയവും സാധാരണ ചികിത്സാസൗകര്യമുള്ള ആശുപത്രിയും പ്രവര്‍ത്തിക്കുന്നു. എം. ഡി. എസ്. ന്‍റെ പ്രോത്സാഹനത്തില്‍ പ്രകൃതി ജീവന കേന്ദ്രം 2001 ല്‍ ആരംഭിച്ചു.

സ്കൂള്‍
1950 ല്‍ എല്‍. പി. സ്കൂളും 1954 ല്‍ യൂ. പി. സ്കൂളും പ്രവര്‍ത്തിച്ചിരുന്നു. വാഴപ്പനാടി ബ. പോളച്ചന്‍റെ കാലത്ത് 1982 ജൂണ്‍ 7 നു ഹൈസ്കൂള്‍ സ്ഥാപിതമായി. അന്നുതന്നെ ഹൈസ്കൂളിന് മാര്‍ ജോസഫ് പവ്വത്തില്‍ ശിലാസ്ഥാപനം നടത്തി. ഭാഗികമായി പൂര്‍ത്തിയാക്കപ്പെട്ട സ്കൂള്‍ 1983 ജൂണ്‍ 20 നു വെഞ്ചരിച്ചു. രണ്ടുകൊല്ലംകൊണ്ടു പൂര്‍ത്തിയായ സ്കൂളിന് ഏഴുലക്ഷത്തോളം രൂപാ ചെലവായി. എസ്. എച്ച്. സിസ്റ്റേഴ്സിന്‍റെ നേതൃത്വത്തില്‍ 1968 മുതല്‍ നഴ്സറി സ്കൂള്‍ പ്രവര്‍ത്തിക്കുന്നു.

വൈദികവിശ്രമമന്ദിരം
രൂപതയിലെ വൈദികന്മാരുടെ ആദ്യത്തെ വിശ്രമമന്ദിരം ഇവിടെയായിരുന്നു. എസ്. എച്ച്. സിസ്റ്റേഴ്സ് ശുശ്രൂഷ ചെയ്തിരുന്നു. പിന്നീടു വൈദികമന്ദിരം കാഞ്ഞിരപ്പള്ളിയില്‍ സ്ഥാപിതമായപ്പോള്‍ സ്ഥലവും കെട്ടിടവും തിരുഹൃദയസഭയ്ക്കു കൈമാറി.

കുരിശുപള്ളി
കുളപ്പുറത്തു നിര്‍മിച്ച കുരിശടി മാര്‍ ജേക്കബ് തൂങ്കുഴി 1973 ഫെബ്രു. 21 ന് ആശീര്‍വദിച്ചു. കൂവപ്പള്ളി ടൗണില്‍ സ്ഥിതി ചെയ്യുന്ന കുരിശടി 1993 ല്‍ മാലിയില്‍ ബ. ജോര്‍ജച്ചന്‍റെ കാലത്തു പണി തീര്‍ത്തതാണ്.

സ്ഥിതിവിവരം
ഇവിടെ 482 കുടുംബങ്ങളും 2303 കത്തോലിക്കരുമുണ്ട്. മൂന്നു വൈദികന്മാരും 47 സന്യാസിനികളും വിവിധ ഭാഗങ്ങളിലായി സഭാസേവനം ചെയ്യുന്നു. ഒമ്പതു സന്യാസ വൈദികാര്‍ഥികള്‍ പരിശീലനം നടത്തുന്നു. ഇതരഭവനങ്ങള്‍ : ലത്തീന്‍ – 21, ക്നാനായ – 2, യാക്കോബായ – 13, പ്രോട്ടസ്റ്റന്‍റ് – 8, സി.എസ്.ഐ. – 46, ഹിന്ദുക്കള്‍ – 319, മുസ്ലീങ്ങള്‍ – 69.

വികസനപ്രവര്‍ത്തനങ്ങള്‍
കാഞ്ഞിരപ്പള്ളി അസ്തേന്തി പാട്ടത്തില്‍ ബ. ഫ്രാന്‍സിസച്ചന്‍റെ ഇവിടുത്തെ ഏഴുവര്‍ഷക്കാലത്തെ ശുശ്രൂഷ (1951 – 58) കൂവപ്പള്ളിയെ ഒട്ടേറെ വികസനത്തിലേക്കു നയിച്ചു. പള്ളിമുറി, സ്കൂള്‍, സിമിത്തേരി, തിരുഹൃദയമഠം, ലൈബ്രറി, ഭക്തസഖ്യങ്ങള്‍ എന്നിവ അച്ചന്‍ സ്ഥാപിച്ചവയാണ്. ഏര്‍ത്തയില്‍ ബ. തോമസച്ചന്‍ യൂ. പി. സ്കൂള്‍, ഓഫീസുമുറി, പള്ളിവക കെട്ടിടങ്ങള്‍ മുതലായവ പണികഴിപ്പിച്ചു.
നവീനദൈവാലയത്തിനു പുറമേ, കൂവപ്പള്ളി വില്ലേജാഫീസ് കെട്ടിടവും സിമിത്തേരിക്കപ്പേളയും നിര്‍മിച്ചത് മങ്കന്താനത്ത് ബ. ഇമ്മാനുവേലച്ചന്‍റെ കാലത്താണ്. വിശാലമായ പള്ളിമുറിയും ബൃഹത്തായ ഹൈസ്കൂള്‍ കെട്ടിടവും പള്ളിയുടെ മുന്‍വശത്തുള്ള പാരിഷ്ഹാളും സ്കൂള്‍ഗ്രൗണ്ടും വാഴപ്പനാടിയില്‍ ബ. പോളച്ചന്‍റെ ശ്രമഫലമാണ്. റോഡുസൈഡിലെ ഷോപ്പിംഗ് കോംപ്ലക്സും പുതിയ വില്ലേജാഫീസും മാലിയില്‍ ബ. ജോര്‍ജച്ചന്‍റെ കാലത്തു പണി തീര്‍ത്തു.

സ്ഥലവിശദാംശങ്ങള്‍
കാഞ്ഞിരപ്പള്ളി ഫൊറോനാപ്പള്ളിവക കൂവപ്പള്ളി ചേരിക്കല്‍ 1948 ല്‍ ലേലം ചെയ്തു വിറ്റയവസരത്തില്‍ ഇന്നാട്ടുകാരുടെ അഭ്യര്‍ഥനയനുസരിച്ച് പള്ളി, പള്ളിക്കൂടം, സിമിത്തേരി എന്നിവയുടെ ആവശ്യത്തിലേക്ക് അഞ്ചേക്കര്‍ സ്ഥലം ദാനം കിട്ടി. കൂവപ്പള്ളി 1972 ല്‍ ഇടവകയായപ്പോള്‍ നേരത്തേ ലഭിച്ചിരുന്ന അഞ്ച് ഏക്കര്‍ സ്ഥലത്തിനുപുറമേ യൂ. പി. സ്കൂളിന്‍റെ വികസനത്തിനായി രണ്ടേക്കര്‍ സ്ഥലം കൂടെ ലഭിച്ചു. കൂടാതെ പത്തേക്കര്‍ തെങ്ങിന്‍തോപ്പും അഞ്ച് ഏക്കര്‍ റബര്‍തോട്ടവും ഇന്നു ഹൈസ്കൂള്‍ സ്ഥിതി ചെയ്യുന്ന മൂന്നേക്കര്‍ സ്ഥലവും കാഞ്ഞിരപ്പള്ളി ഫൊറോനാപ്പള്ളിയില്‍ നിന്നു ലഭിച്ചു. അങ്ങനെ മൊത്തം 25 ഏക്കര്‍ സ്ഥലം ഇടവകയ്ക്കു സ്വന്തമായുണ്ട്.

ഭക്തസഖ്യങ്ങള്‍
മിഷന്‍ലീഗ് (1953), യുവദീപ്തി (1977), സെന്‍റ് വിന്‍സന്‍റ് ഡി പോള്‍ സഖ്യം (1970), മാതൃദീപ്തി, പിതൃവേദി എന്നീ ഭക്തസഖ്യങ്ങള്‍ പ്രവര്‍ത്തിച്ചുവരുന്നു. ദളിത് കത്തോലിക്കാ സംഘടനയായ ഡി. സി. എം. എസിന്‍റെ ശാഖ ഇവിടെ സ്ഥാപിതമായിട്ടുണ്ട്.

ഇതരവിവരങ്ങള്‍
നാടിന്‍റെ വികസനത്തില്‍ ഇടവകയുടെ സംഭാവന സ്തുത്യര്‍ഹമാണ്. സ്കൂളും ഇതര സാമൂഹികസാംസ്കാരിക പ്രസ്ഥാനങ്ങളും സ്ഥാപിക്കുന്നതിന് ബ. വൈദികന്മാരും ദൈവജനവും ഒറ്റക്കെട്ടായി പരിശ്രമിച്ചിട്ടുണ്ട്. സാമ്പത്തികമായി ഇടവക സ്വയം പര്യാപ്തമാണ്. സാമൂഹിക സേവനരംഗത്തു നിസ്തുല സേവനം കാഴ്ചവച്ചുകൊണ്ടിരിക്കുന്ന സിഡായുടെ ആസ്ഥാനം ഇവിടെയാണ്. അതിരുകളില്ലാതെ എല്ലാവര്‍ക്കും നന്മചെയ്ത് ഓടിനടക്കുന്ന എം. ഡി. എസ്. ഡയറക്ടര്‍ ഫാ. മാത്യു വടക്കേമുറി ഇടവകക്കാരനാണ്. രൂപതയുടെ څഅമല്‍ജ്യോതിچ എന്‍ജിനീയറിംഗ് കോളജ് കൂവപ്പള്ളി ഇടവകാതിര്‍ത്തിയിലാണ് സ്ഥാപിതമാകാന്‍ പോകുന്നത്. ഇവിടുത്തെ ഗവ. ടെക്നിക്കല്‍ സ്കൂള്‍ മറ്റൊരു പ്രധാനസ്ഥാപനമാണ്.
ചുരുങ്ങിയ കാലംകൊണ്ട് ഇടവകയും നാടും ഇനിയും ഒട്ടേറെ വികസനം പ്രാപിക്കുമെന്നത് നിസ്തര്‍ക്കമാണ്.