Cheruvally – 686 543

04828 – 247451

Vicar: Rev. Fr. Augustine Athimoottil

Cell: 944 723 0702

ajiathimoottil@yahoo.com

Click here to go to the Church

കുറവിലങ്ങാട്, പാലാ, തുമ്പമണ്‍ എന്നിവിടങ്ങളില്‍ നിന്നു 18-ാം നൂറ്റാണ്ടോടെ വന്നവരാണ് ഇവിടുത്തെ ആളുകള്‍. ഇടവക സ്ഥാപിതമാകുന്നതിനു മുമ്പ് മണിമല പഴയപള്ളിയില്‍ ഇവര്‍ തങ്ങളുടെ ആത്മീയാവശ്യങ്ങള്‍ നിറവേറ്റിപ്പോന്നു. മണിമലപ്പള്ളി വികാരി തേവാരില്‍ ബ. കുര്യാക്കോസച്ചന്‍റെ കാലത്ത് ഇവിടെ 1913 ല്‍ പള്ളി പണിയുന്നതിനുള്ള അനുവാദം ലഭിച്ചു. കാട്ടുകല്ലും മണ്ണുംകൊണ്ടു ദ്രുതഗതിയില്‍ ഒരു ഷെഡു പണിത്, 1913 സെപ്തംബര്‍ 8 ാം തീയതി വെഞ്ചരിച്ചു ദിവ്യബലിയര്‍പ്പിച്ചു. 1913 ഒക്ടോബര്‍ 2 ന് ഇടവകയായി ഉയര്‍ത്തപ്പെട്ടു. ഇടവകയിലെ ആദ്യതിരുനാള്‍ 1914 ഡിസംബര്‍ 8 നു നടത്തി.
സ്ഥലപരിമിതിമൂലം പള്ളിക്കു പുതിയ കെട്ടിടം പണിയുന്നതിന് 1925 മാര്‍ച്ച് 1 നു പരിന്തിരിക്കല്‍ ബ. തോമസച്ചന്‍റെ അധ്യക്ഷതയില്‍ കൂടിയ പൊതുയോഗം തീരുമാനിച്ചു. പള്ളി പണിയുന്നതിന് അനുവാദം നല്കിയ തോമസ് കുര്യാളശേരി പിതാവ് ആ വര്‍ഷം ജൂണ്‍ 2 നു റോമില്‍വച്ചു നിര്യാതനായി. മാര്‍ തോമസ് കുര്യാളശേരിയുടെ പ്രതിനിധിയായി എത്തിയ കാളാശേരിയില്‍ ബ. ജയിംസച്ചന്‍ 1926 ഡിസംബര്‍ 5-ാം തീയതി പള്ളി വെഞ്ചരിച്ചു. 1981 ല്‍ ചക്കാലയില്‍ ബ. ജോസഫച്ചന്‍റെ കാലത്തു പള്ളിയുടെ മുഖവാരവും മറ്റും പുതുക്കിപ്പണിതു.

വൈദികമന്ദിരം
ആദ്യത്തെ വൈദികമന്ദിരം പോരാതെവന്നതുകൊണ്ട് 1943 ല്‍ കൈതപ്പറമ്പില്‍ ബ. ജോസഫച്ചന്‍റെ കാലത്തു പുതിയ വൈദികമന്ദിരം പണിതു. 1954 ല്‍ കോയിപ്പള്ളില്‍ ബ. ഗീവര്‍ഗീസച്ചന്‍റെ കാലത്ത് ഇതു പൊളിച്ചുമാറ്റി ഇപ്പോള്‍ പടിഞ്ഞാറുവശത്തു സ്ഥിതി ചെയ്യുന്ന വൈദികമന്ദിരം പണിതു.

ശുശ്രൂഷചെയ്ത ബ. വൈദികന്മാര്‍
യൗസേപ്പ് മുഞ്ഞനാട്ട് (1914 – 17), യൗസേപ്പ് കയ്യാലാത്ത് (1917-20), യാക്കോബ് വെള്ളരിങ്ങാട്ട്(1920-22), സ്കറിയ കണ്ടംകരിയില്‍ (1922 – 24), തോമസ് പരിന്തിരിക്കല്‍ (1924-27), മത്തായി പടിഞ്ഞാറേക്കര (1927-29), യൗസേപ്പ് പടവുപുരയ്ക്കല്‍ (1929-37), യൗസേപ്പ് പുതുവീട്ടില്‍ (1937-38), യൗസേപ്പ് കൈതപ്പറമ്പില്‍ (1938-43), മത്തായി പടിഞ്ഞാറേക്കര (1943-44), യൗസേപ്പ് വാച്ചാപറമ്പില്‍ (1944-46), മത്തായി തെക്കേക്കര (1946-48), യൗസേപ്പ് കുരീക്കാട്ട് (1948-51), ഗീവര്‍ഗീസ് കോയിപ്പള്ളില്‍ (1951-54), തോമസ് മണ്ണംപ്ലാക്കല്‍ (1954-56), അഗസ്റ്റിന്‍ മണ്ണൂക്കുളം (1956-60), ഗ്രിഗറി കാട്ടാമ്പള്ളില്‍ (1960-61), യാക്കോബ് പൊട്ടനാനിക്കല്‍ (1961-63), യൗസേപ്പ് പിച്ചാംകളം (1963-67), യൗസേപ്പ് വട്ടയ്ക്കാട്ട് (1967-72), യൗസേപ്പ് കാലായില്‍ (1972-74), യൗസേപ്പ് പുത്തന്‍പുരയ്ക്കല്‍ (1974-77), യൗസേപ്പ് ചക്കാലയില്‍ (1977-83), ജോര്‍ജ് കോലത്ത് (1983 ഫെബ്രു.-മേയ്), അഗസ്റ്റിന്‍ നെല്ലിയാനി (1983 മേയ് – നവംബര്‍), മാത്യു വയലുങ്കല്‍ (1983 -85), ജോസ് മാറാമറ്റം (1985-89), തോമസ് പുറക്കരി (1989-95), സെബാസ്റ്റ്യന്‍ വടക്കേക്കൊട്ടാരം (1995 -2000), ഡോമിനിക് വെട്ടിക്കാട്ട് (2000 – ).

സ്ഥിതിവിവരം
ഇടവകയുടെ ആരംഭത്തില്‍ 33 കുടുംബങ്ങളേ ഉണ്ടായിരുന്നുള്ളു. ഇപ്പോള്‍ 310 കത്തോലിക്കാഭവനങ്ങളും 1,560 കത്തോലിക്കരുമുണ്ട്. 19 കുടുംബക്കൂട്ടായ്മകള്‍ ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്.
16 വൈദികന്മാരും ഒരു സന്യാസസഹോദരനും 30 സന്യാസിനികളും സഭയില്‍ സേവനമനുഷ്ഠിക്കുന്നു. രണ്ടു വൈദികാര്‍ഥികള്‍ പരിശീലനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നു.

സ്ഥാപനങ്ങള്‍
വെള്ളരിങ്ങാട്ട് ബ. യാക്കോബ് അച്ചന്‍റെ കാലത്ത് 1921 ല്‍ പ്രൈമറി സ്കൂള്‍ സ്ഥാപിതമായി. കൈതപ്പറമ്പില്‍ ബ. യൗസേപ്പച്ചന്‍ 1941 ല്‍ സെന്‍റ് തോമസ് കുരിശുപള്ളി സ്ഥാപിച്ചു. ആരാധനമഠം 1980 ജൂലൈ 2 ന് ആരംഭിച്ചു. അവര്‍ 1983 ല്‍ നഴ്സറിസ്കൂള്‍ തുടങ്ങി. പുറക്കരിയില്‍ ബ. തോമസച്ചന്‍റെ കാലത്തു ഒരു പാരിഷ് ഹാള്‍ നിര്‍മിച്ചു 1994 ജനുവരി 26 നു മാര്‍ മാത്യു വട്ടക്കുഴി വെഞ്ചരിച്ചു.

ഇതരവിവരങ്ങള്‍
ഫ്രാന്‍സിസ്കന്‍ അല്മായസഭ, സെന്‍റ് വിന്‍സെന്‍റ് ഡി പോള്‍ സഖ്യം, യുവദീപ്തി, മിഷന്‍ലീഗ്, മാതൃദീപ്തി എന്നീ ഭക്തസഖ്യങ്ങള്‍ ഇവിടെ സജീവമാണ്.
പള്ളിക്ക് ഒന്‍പതേക്കര്‍ പതിനൊന്നു സെന്‍റ് കൃഷിയിടമായുണ്ട്.
ശ്രീ എം. കെ. ജോസഫ് മൂലേപ്ലാക്കല്‍ ഐ. പി. എസ്. (മുന്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പോലീസ്, കേരളം) ഇടവകക്കാരനാണ്.