
മാർ ജോസ് പുളിക്കൽ വത്തിക്കാനിലെ ഇന്റർനാഷണൽ കാറ്റക്കേറ്റിക്കൽ കൗൺസിൽ അംഗം
സുവിശേഷ വത്കരണത്തിനായുള്ള വത്തിക്കാൻ കാര്യാലയത്തിന്റെ ഭാഗമായ ഇന്റർനാഷണൽ കൗൺസിൽ ഫോർ കാറ്റക്കേസിസ് അംഗമായി കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷൻ മാർ ജോസ് പുളിക്കലിനെ മാർ ലെയോ പതിനാലാമൻ പാപ്പ നിയമിച്ചു.
മാർ പോൾ ആറാമൻ പാപ്പയാണ് വിശ്വാസ ജീവിത പരിശീലനത്തിനായുള്ള ഇന്റർ നാഷണൽ കൗൺസിൽ ഫോർ കാറ്റക്കേസിസ് 1973-ൽ സ്ഥാപിച്ചത്. വൈദികർക്കായുള്ള കാര്യാലയത്തിന്റെ ഭാഗമായിരുന്ന പ്രസ്തുത കൗൺസിൽ 2013-ൽ മാർ ബനഡിക്ട് പതിനാറാമൻ പാപ്പ സുവിശേഷവൽക്കരണത്തിനായുള്ള വത്തിക്കാൻ കാര്യാലയത്തിന്റെ ഭാഗമായി പുതുക്കി നിശ്ചയിച്ചു. എല്ലാ വിഭാഗത്തിലുമുള്ളവിശ്വാസികളുടെ വിശ്വാസ ജീവിത പരിശീലനം പ്രോത്സാഹിപ്പിക്കുക,
സഭയുടെ വിശ്വാസ പാരമ്പര്യത്തിനനുസൃതമായി വിശ്വാസ ജീവിത പരിശീലനം നൽകപ്പെടുന്നുവെന്ന് ഉറപ്പാക്കുന്നതിനുള്ള മാനദണ്ഡങ്ങളും നിർദേശങ്ങളും പുറപ്പെടുവിക്കുക,
സഭയുടെ പ്രബോധനാധികാരത്തിന്റെ മാർഗനിർദേശങ്ങൾക്കനുസൃതമായിവിശ്വാസ ജീവിത പരിശീലനത്തിന്റെ രീതികളും ലക്ഷ്യങ്ങളും ശരിയായി നടപ്പിലാക്കപ്പെടുന്നുവെന്ന് ഉറപ്പുവരുത്തുക,
വിശ്വാസതിരുസംഘത്തിന്റെ അനുവാദത്തോടെ മതബോധന ഗ്രന്ഥങ്ങൾ ഉൾപ്പെടെയുള്ള കാറ്റിക്കറ്റിക്കൽ പ്രസിദ്ധീകരണങ്ങൾക്ക് അംഗീകാരം നൽകുക.
ദേശീയ – പ്രാദേശിക മെത്രാൻ സമിതികളുടെ അന്താരാഷ്ട്ര മതബോധന പ്രവർത്തനങ്ങൾക്ക് സഹായം നൽകുകയും അവ തമ്മിൽ ഏകോപനം ഉറപ്പാക്കുകയും ചെയ്യുക തുടങ്ങിയ ചുമതലകളാണ് കൗൺസിൽ നിർവഹിക്കുന്നത്.
ഇഞ്ചിയാനി ഇടവകാംഗമായ മാർ ജോസ് പുളിക്കൽ പൊടിമറ്റം മേരി മാതാ മൈനർ സെമിനാരിയിലും വടവാതൂർ സെന്റ് തോമസ് അപ്പസ്തോലിക് സെമിനാരിയിലും വൈദികപരിശീലനം പൂർത്തിയാക്കി 1991 ജനുവരി 1-ന് ശുശ്രൂഷ പൗരോഹിത്യം സ്വീകരിച്ചു.ബെംഗളൂരുവിലെ ധർമ്മാരം ദൈവശാസ്ത്ര ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് ബൈബിൾ ദൈവശാസ്ത്രത്തിൽ ഡോക്ടറേറ്റ് പൂർത്തിയാക്കിയ അദ്ദേഹം കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കത്തീഡ്രൽ അസിസ്റ്റന്റ് വികാരി, വെട്ടുകാട് സ്നേഹാശ്രമം ഡയറക്ടർ,കാഞ്ഞിരപ്പള്ളി രൂപത വിശ്വാസ ജീവിത പരിശീലന കേന്ദ്രമായ സുവാറയുടെ ഡയറക്ടർ, പത്തനംതിട്ട ഫൊറോന വികാരി, രൂപത ഉപദേശക സമിതി അംഗം, വികാരി ജനറാൾ എന്നീ നിലകളിൽ ശുശ്രൂഷ നിർവഹിച്ചു. 2016 ഫെബ്രുവരി 4-ന് മെത്രാനായി അഭിഷിക്തനായ മാർ ജോസ് പുളിക്കൽ കാഞ്ഞിരപ്പള്ളി രൂപതയുടെ സഹായ മെത്രാനും ലാരെസ് രൂപതയുടെ സ്ഥാനീയ മെത്രാനുമായി ചുമതലയേറ്റു.
2020 ഫെബ്രുവരി 3-ന് കാഞ്ഞിരപ്പള്ളി രൂപതയുടെ മെത്രാനായി ഔദ്യോഗികമായി ചുമതലയേറ്റു.
സീറോ മലബാർ കാറ്റക്കേറ്റിക്കൽ കമ്മീഷൻ ചെയർമാൻ, കേരള കത്തോലിക്ക മെത്രാൻ സമിതി ബൈബിൾ കമ്മീഷൻ ചെയർമാൻ, വടവാതൂർ സെന്റ് തോമസ് അപ്പസ്തോലിക് സെമിനാരി സിനഡൽ കമ്മീഷനംഗം, സീറോ മലബാർ മീഡിയ കമ്മീഷൻ അംഗം, സീറോ മലബാർ പബ്ലിക് അഫയേഴ്സ് കമ്മീഷനംഗം തുടങ്ങിയ ശുശ്രൂഷകൾ നിർവഹിക്കുന്ന മാർ ജോസ് പുളിക്കൽ കാഞ്ഞിരപ്പള്ളി രൂപത വിശ്വാസ ജീവിത പരിശീലനം കേന്ദ്രം ഡയറക്ടറായിരിക്കുന്ന കാലയളവിൽ കാലികവും നൂതനവുമായ വിശ്വാസ ജീവിത പരിശീലന പദ്ധതികൾ നടപ്പാക്കുകയും പ്രസ്തുത പരിശീലന പദ്ധതികളെ വിവിധ രൂപതകൾ മാതൃകയാക്കുകയും ചെയ്തിരുന്നു. പരസ്പരം ശ്രവിച്ചു കൊണ്ട് ദൈവ സ്വരം ശ്രവിക്കുന്ന സിനഡാത്മ അജപാലന ശൈലി പിന്തുടരുന്ന മാർ ജോസ് പുളിക്കൽ സീറോ മലബാർ സഭയുടെ ആരാധന ക്രമം, ആദ്ധ്യാത്മിത എന്നിവയോട് വിശ്വസ്തമായി വിശ്വാസി സമൂഹത്തെ വളർത്തുന്നതിന് പ്രബോധനങ്ങളിലൂടെയും വിവിധ ഡിപ്പാർട്ട്മെന്റുകളുടെ അജപാലന പദ്ധതി എകോപനത്തിലൂടെയും ശ്രദ്ധിക്കുന്നു. കാലിക സാമൂഹ്യ രാഷ്ട്രീയ വിഷയങ്ങളിൽ നിലപാടറിയിക്കുകയും സാമൂഹ്യ വിഷയങ്ങളിൽ ക്രിയാത്മകമായി ഇടപെടുകയും ചെയ്യുന്ന മാർ ജോസ് പുളിക്കൽ തന്റെ ഭവനം പാർശ്വവത്കരിക്കപ്പെട്ട കുട്ടികൾക്കായി ‘സ്നേഹ ദീപം’ എന്ന പേരിൽ നല്കിയിരുന്നു.
2026 ഫെബ്രുവരിയിൽ മനിലയിൽ സംഘടിപ്പിച്ച ഏഷ്യയിലെ കത്തോലിക്കാ മെത്രാൻസമിതിയുടെ വിശ്വാസ ജീവിതപരിശീലന വിഭാഗത്തിൽ പ്രവർത്തിക്കുന്നവരുടെ സമ്മേളനത്തിൽ മാർ ജോസ് പുളിക്കൽ പങ്കെടുക്കുകയും സീറോമലബാർ സഭയുടെ വിശ്വാസ ജീവിതപരിശീലന പ്രവർത്തനങ്ങളും വിശ്വാസ ജീവിതപരിശീലന രംഗത്തെ നേട്ടങ്ങളും വെല്ലുവിളികളും അവതരിപ്പിക്കുകയും ചെയ്തിരുന്നു.വിശ്വാസപരിശീലന രംഗത്തെ മാർ ജോസ് പുളിക്കൽ പിതാവിൻ്റെ മികവുറ്റ നേതൃത്വത്തിനും സംഭാവനകൾക്കും ലഭിച്ച അന്തർദേശീയ അംഗീകാരമാണ് ഈ നിയമനം. സാർവത്രികസഭയുടെ വിശ്വാസജീവിത പരിശീലന ദൗത്യത്തിൽ സീറോമലബാർസഭയുടെ വിശ്വാസപരിശീലന പാരമ്പര്യം കൂടുതൽ ഫലപ്രദമായി പങ്കു വയ്ക്കുന്നതിനുള്ള അവസരമാണ് ഈ നിയമനത്തിലൂടെ ലഭിച്ചിരിക്കുന്നത്.