Chakkupallam Carmala Matha

Kumily – 685 509

04868-282218

Vicar: Rev. Fr. Joseph Mannamparampil CMI

Click here to go to the Church

കാഞ്ഞിരപ്പള്ളിയില്‍നിന്ന് 80 കിലോമീറ്റര്‍ കിഴക്ക് ഹൈറേഞ്ചിലാണു ചക്കുപള്ളം. 1948 മുതലാണ് ഇവിടെ കുടിയേറ്റമാരംഭിച്ചത്. ഇലവുങ്കല്‍, മൈലക്കല്‍, കൊന്നക്കല്‍, കുളമാക്കല്‍, വയലില്‍, താന്നിവേലില്‍, മാറാട്ടുകുന്നേല്‍, തെക്കുംമുറി, മാടപ്പള്ളിമറ്റം തുടങ്ങിയ കത്തോലിക്കാകുടുംബങ്ങളായിരുന്നു ആദ്യകാലകുടിയേറ്റക്കാര്‍. ആറാം മൈലിലും സമീപപ്രദേശങ്ങളിലും താമസിച്ചിരുന്ന ഇവരുടെ ആഗ്രഹപ്രകാരം 1958 ല്‍ അണക്കരപ്പള്ളി വികാരി കുമ്പുക്കാട്ട് ബ. തോമസച്ചന്‍ വലിയപാറയില്‍ കുരിശു സ്ഥാപിച്ചു. ഇടുക്കി പദ്ധതിക്കുവേണ്ടി 1961 ല്‍ അയ്യപ്പന്‍കോവിലില്‍ നിന്നു കുടിയിറക്കപ്പെട്ടവരെ അമരാവതിയില്‍ കുടിപാര്‍പ്പിച്ച അവസരത്തില്‍ വലിയപാറ കുരിശിനോടു ചേര്‍ന്ന് ഒരേക്കര്‍ സ്ഥലം ഗവണ്മെന്‍റില്‍ നിന്നു പള്ളിക്കായി ലഭിച്ചു. ഈ സ്ഥലത്തു പള്ളിയ്ക്കും മതപഠനശാലയ്ക്കും ഉപകരിക്കത്തക്കരീതിയില്‍ ഷെഡുണ്ടാക്കി. രാജത്വത്തിരുനാള്‍ ദിനത്തില്‍ അണക്കരപ്പള്ളിയില്‍ നിന്ന് ആണ്ടുതോറും ഇവിടേക്കു പ്രദക്ഷിണം നടത്തിയിരുന്നു.
സി.എം.ഐ. സഭക്കാരുടെ നേതൃത്വത്തില്‍ ആശ്രമവും ദൈവാലയവും 1977 ജൂലൈ 16 നു സ്ഥാപിതമായി. 1984 ഫെബ്രുവരി 16 ന് മാര്‍ ജോസഫ് പവ്വത്തില്‍ ഇതിനെ അജപാലനകേന്ദ്രമാക്കി ഉയര്‍ത്തി. മൃതസംസ്കാരം ഒഴികെയുള്ള എല്ലാ കര്‍മാനുഷ്ഠാനങ്ങളും ഇവിടെ നടത്തിപ്പോരുന്നു.

വികാരിമാര്‍
മാര്‍ മാത്യു വട്ടക്കുഴി 1998 മാര്‍ച്ച് 25 ന് ഇത് ഇടവകയാക്കി ഉയര്‍ത്തി. മഞ്ഞനാനി ബ. ജോസഫ് സി. എം. ഐ. ആയിരുന്നു പ്രഥമ വികാരി. കളപ്പുരയ്ക്കല്‍ ബ. സക്കറിയാസ് സി. എം. ഐ. 1999 ജൂണ്‍ 8 മുതല്‍ വികാരിയായി സേവനമനുഷ്ഠിക്കുന്നു.

സ്ഥാപനങ്ങള്‍
കരിപ്പാശേരി ബ. റാള്‍ഫച്ചന്‍റെ ശ്രമഫലമായി 1978 ഓഗസ്റ്റ് 15 നു നഴ്സറി സ്കൂളും കാഞ്ഞമല ബ. ജോര്‍ജച്ചന്‍റെ ശ്രമഫലമായി 1983 ജൂണ്‍ 1 നു എല്‍. പി. സ്കൂളും സ്ഥാപിതമായി. എല്‍. പി. സ്കൂളിന്‍റെ ഉദ്ഘാടനം അന്നത്തെ വിദ്യാഭ്യാസമന്ത്രി ശ്രീ ടി. എം. ജേക്കബ് 1983 ഒക്ടോബര്‍ 22 നു നിര്‍വഹിച്ചു. കര്‍മലീത്താമഠം 1986 ജൂലൈ 3 നു സ്ഥാപിതമായി.

കുരിശുപള്ളി
ആറാം മൈലില്‍ 1962 ല്‍ സ്ഥാപിച്ച കുരിശിന്‍റെ സ്ഥാനത്തു മഹാജൂബിലി സ്മാരകമായി മനോഹരമായ കുരിശുപള്ളി നിര്‍മിച്ചിട്ടുണ്ട്. ഇതിന്‍റെ ശിലാസ്ഥാപനം ചീരാംകുഴി ബ. മാത്യു സി. എം. ഐ. 2000 ജനുവരി 9 നു നടത്തി. മാര്‍ മാത്യു വട്ടക്കുഴി 2000 മേയ് 5 ന് ഇത് ആശീര്‍വദിച്ചു.

സ്ഥിതിവിവരം
169 കുടുംബങ്ങളിലായി 828 കത്തോലിക്കര്‍ ഇവിടെയുണ്ട്. ഏഴു കുടുംബക്കൂട്ടായ്മകള്‍ ഇവിടെ പ്രവര്‍ത്തിക്കുന്നു. ഒരാള്‍ സന്യാസപരിശീലനം നടത്തുന്നു. ഇവിടെനിന്ന് 6 സന്യാസിനികള്‍ ഭാരതത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ സേവനമനുഷ്ഠിക്കുന്നു. കത്തോലിക്കാ വിഭാഗത്തില്‍പ്പെട്ട ഭവനങ്ങള്‍: ലത്തീന്‍-3, മലങ്കര-35, ക്നാനായ-8; ഇതര സഭാസമൂഹം: യാക്കോബായ-103; മറ്റുള്ളവ- 22, അക്രൈസ്തവകുടുംബങ്ങള്‍ – 71. വിവിധ ഭക്തസംഘടനകള്‍ ഇടവകയില്‍ നാനാവിധത്തിലുള്ള സേവനങ്ങള്‍ അനുഷ്ഠിക്കുന്നു.
ആശ്രമങ്ങളോടുചേര്‍ന്ന് ആവശ്യമുള്ള സ്ഥലങ്ങളില്‍ വിശ്വാസികളുടെ സൗകര്യത്തെക്കരുതി ഇടവവകള്‍ സ്ഥാപിച്ചുകൊടുക്കുന്ന രീതി ഇന്നും പ്രോത്സാഹിപ്പിക്കപ്പെടുന്നുണ്ട്. കാഞ്ഞിരപ്പള്ളി രൂപതയിലെ ഇതിനുള്ള രണ്ടാമത്തെ ഉദാഹരണമാണു ചക്കുപള്ളം ഇടവക. ഹൈറേഞ്ചിന്‍റെ മിഷണറിയായിരുന്ന പുല്പറമ്പില്‍ ബ. ശൗര്യാരച്ചന്‍റെ തീക്ഷ്ണതയോടെ സി. എം. ഐ. സഭക്കാര്‍ ഇവിടെ ശുശ്രൂഷചെയ്യുന്നു. ഇടവകവികാരിയെ സി. എം. ഐ. സഭ പ്രദാനം ചെയ്യുന്നു; രൂപതാധ്യക്ഷന്‍ നിയമിക്കുന്നു. ഇതാണു നിലവിലിരിക്കുന്ന ഭരണക്രമം.