Edakadathy – 686 510
04828 – 214275
Vicar: Rev. Fr. Thomas Palackel
Cell: 944 751 1175
thomasachenpalackel@gmail.com
ഉമിക്കുപ്പ കുടിയേറ്റപ്രദേശമാണ്. രൂക്ഷമായ ഭക്ഷ്യദൗര്‍ലഭ്യത്തെത്തുടര്‍ന്ന് വിവിധ സ്ഥലങ്ങളില്‍ നിന്നു കുടിയേറിപ്പാര്‍ത്തവരാണ് ഇവിടുത്തെ ജനങ്ങള്‍. കൃഷിക്കാവശ്യമായ ഭൂമി കുറഞ്ഞ പാട്ടത്തിനു ഗവണ്‍മെന്‍റു നല്‍കി.
ദൈവാലയസ്ഥാപനം
ഇടവകയുടെ ആരംഭം 1954 ലാണ്. ചങ്ങനാശേരി അതിരൂപതയിലെ മണിപ്പുഴ ഇടവകയുടെ ഭാഗമായിരുന്നു അന്നിവിടം. മണിപ്പുഴപ്പള്ളി വികാരി പൊന്നെടത്തുകല്ലേല്‍ ബ. ജോര്‍ജച്ചന്‍റെ അജപാലനതീക്ഷ്ണതയാണ് പള്ളിയുടെ സ്ഥാപനത്തിനു പ്രേരണ. വളരെ കുറച്ചു കത്തോലിക്കര്‍ മാത്രമേ അന്നിവിടെയുണ്ടായിരുന്നുള്ളു. ഇവരുടെ ആത്മീയകാര്യത്തിനായി ഇടകടത്തി പ്രദേശത്ത് ശ്രീ എം. എം. ജോസഫ് മഠത്തില്‍ നല്കിയ സ്ഥലത്ത് ഒരു ഷെഡ്ഡു സ്ഥാപിതമായി. 1954 ലെ രാജത്വത്തിരുനാള്‍ ദിനത്തില്‍ ആദ്യമായി വി. കുര്‍ബാനയര്‍പ്പിച്ചു. ഇടകടത്തിയില്‍ കത്തോലിക്കര്‍ കുറവായിരുന്നതിനാല്‍ 1958 ല്‍ പ്രസ്തുത പള്ളി ഇവിടെനിന്നു മാറ്റി ഉമിക്കുപ്പയില്‍ സ്ഥാപിച്ചു. ചങ്ങനാശേരിക്കാരനായ നെടിയകാലാപ്പറമ്പില്‍ ശ്രീ അപ്പച്ചന്‍ ദാനം ചെയ്ത നാല്‍പതു സെന്‍റ് സ്ഥലത്തു പുതിയ പള്ളി പണിതു. തുടര്‍ന്ന് ഞൊണ്ടിമാക്കല്‍ ശ്രീ ചാക്കോ, പുല്ലാട്ട് ശ്രീ സ്കറിയാ കണ്ടത്തില്‍ ശ്രീ കുര്യന്‍, വെള്ളാപ്പള്ളിയില്‍ ശ്രീ ഇത്താക്ക്, പൂവാട്ടില്‍ ശ്രീ വര്‍ക്കിച്ചന്‍, പീടികയില്‍ ശ്രീ ദേവസ്യ, തുണ്ടത്തില്‍ ശ്രീ മാണി തുടങ്ങിയവരുടെ ആത്മാര്‍ഥമായ പ്രയത്നഫലമായി പള്ളിയുടെയും പള്ളിമുറിയുടെയും നിര്‍മാണം പൂര്‍ത്തിയാക്കി. 1958 ല്‍ ഇത് ഇടവകയായി.
നവീനദൈവാലയം
പള്ളി കാലപ്പഴക്കത്താല്‍ അപകടാവസ്ഥയിലായിരുന്നതിനാല്‍ 1971 ല്‍ ബലിയര്‍പ്പണം യു. പി. സ്കൂളിലേക്കു മാറ്റി. പുതിയ ദൈവാലയം നിര്‍മിക്കാന്‍ തീരുമാനിച്ചു. എന്നാല്‍ സാങ്കേതികകാരണങ്ങളാല്‍ പണി നീട്ടിവയ്ക്കേണ്ടി വന്നു. 1975 ല്‍ പള്ളിവകസ്ഥലവും കെട്ടിടവും വിന്‍സെന്‍ഷ്യന്‍ സഭയ്ക്കു വിട്ടുകൊടുക്കുവാന്‍ തീരുമാനിച്ചു. സ്ഥലവാസികളുടെ നിസ്സഹകരണവും സ്ഥലപരിമിതിയും മൂലം ഈ ശ്രമം ഉപേക്ഷിച്ചു. 1977 ല്‍ പന്തയ്ക്കല്‍ ബ. ജോര്‍ജച്ചന്‍റെ കാലത്ത് പള്ളിപണിക്കുള്ള ശ്രമങ്ങള്‍ വീണ്ടുമാരംഭിച്ചു. 1978 സെപ്തംബര്‍ 1 നു പുതിയ പള്ളിയുടെ ശിലാസ്ഥാപനം നടത്തി. പന്തയ്ക്കല്‍ ബ. ജോര്‍ജച്ചന്‍റെ നിരന്തരമായ പരിശ്രമത്തില്‍ മനോഹരമായി പള്ളി പൂര്‍ത്തിയാക്കി. മാര്‍ ജോസഫ് പവ്വത്തില്‍ നവീന ദൈവാലയം 1983 ജനുവരി 22 ന് കൂദാശ ചെയ്തു.
പള്ളിമുറി
പള്ളി ഉമിക്കുപ്പയിലേക്കു മാറ്റിപ്പണിതപ്പോള്‍ പൊന്നെടത്തുകല്ലേല്‍ ബ. ജോര്‍ജച്ചന്‍റെ ശ്രമഫലമായി പള്ളിമുറിയുടെ പണിയാരംഭിച്ചു. 1959 ല്‍ പള്ളിമുറി പണിതീരുന്നതു വരെ മണിപ്പുഴയില്‍ നിന്നു ബ. വൈദികന്മാരെത്തി തിരുക്കര്‍മങ്ങള നുഷ്ഠിച്ചുപോന്നു. പാലത്തുങ്കല്‍ ബ. ഡോമിനിക്കച്ചന്‍റെ കാലത്ത് ഇപ്പോഴത്തെ പള്ളിമുറിയുടെ പണികള്‍ പൂര്‍ത്തിയാക്കി.
സേവനമനുഷ്ഠിച്ച ബഹുമാനപ്പെട്ട വികാരിമാര്‍
ജോസഫ് പുത്തന്‍പുരയ്ക്കല്‍ (1958-59), ഔസേപ്പ് കാലായില്‍ (1959- 60), സെബാസ്റ്റ്യന്‍ ഒഴുകയില്‍ (1960- 65), സഖറിയാസ് ചൂരക്കാട്ട് (1965-69), ഡോമിനിക് പാലത്തിങ്കല്‍ (1969-72), മാത്യു പന്തപ്പള്ളില്‍ (1972-76), പോള്‍ കിടങ്ങയില്‍ (1976-77), ജോര്‍ജ് പന്തയ്ക്കല്‍ (1977-85), സെബാസ്റ്റ്യന്‍ കരികുളം (1985-89), പോള്‍ തെരുവന്‍മൂല (1989-90), ഡോമിനിക്ക് വെട്ടിക്കാട്ട് (1990-97), സെബാസ്റ്റ്യന്‍ പനച്ചിക്കല്‍ (1997-2000), സെബാസ്റ്റ്യന്‍ കറിപ്ലാക്കല്‍ (2000 – ).
സിമിത്തേരി
1960 ല്‍ ഒഴുകയില്‍ ബ. സെബാസ്റ്റ്യനച്ചന്‍റെ കാലത്ത് ആദ്യത്തെ സിമിത്തേരിയുടെ പണി പൂര്‍ത്തിയായി. വെട്ടിക്കാട്ട് ബ. ഡോമിനിക്കച്ചന്‍റെ കാലത്താരംഭിച്ച പുതിയ സിമിത്തേരിയുടെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ പനച്ചിക്കല്‍ ബ. സെബാസ്റ്റ്യനച്ചന്‍റെ കാലത്തു പൂര്‍ത്തിയായി.
യു. പി. സ്കൂള്‍
ഒഴുകയില്‍ ബ. സെബാസ്റ്റ്യനച്ചന്‍റെ ദീര്‍ഘവീക്ഷണത്തോടുകൂടിയ അജപാലനശുശ്രൂഷാഫലമായി 1964 ജൂണില്‍ യു.പി.സ്കൂള്‍ ആരംഭിച്ചു. ഓല ഷെഡ്ഡിലായിരുന്നു തുടക്കം. 1966 ല്‍ യു. പി. സ്കൂള്‍ ഹൈസ്കൂളാക്കുന്നതിനുള്ള ശ്രമങ്ങളാരംഭിച്ചു. 1968 ല്‍ സ്കൂള്‍ ചങ്ങനാശേരി അതിരൂപതാ കോര്‍പ്പറേറ്റ് മാനേജ്മെന്‍റിലേക്കു വിട്ടുകൊടുത്തു.
ഹൈസ്കൂള്‍
സെന്‍റ് മേരീസ് ഹൈസ്കൂള്‍ 1979 ജൂണ്‍ 6 ന് ആരംഭിച്ചു. ഇതിനായി രണ്ടേക്കര്‍ സ്ഥലം വാങ്ങി. യു. പി. സ്കൂളിനോടനുബന്ധിച്ചുള്ള താല്ക്കാലിക ഷെഡ്ഡില്‍ ഹൈസ്കൂളിന്‍റെ പ്രവര്‍ത്തനങ്ങളാരംഭിച്ചു. ഹൈസ്കൂള്‍ കെട്ടിടങ്ങളുടെ പണി 1979 ജൂലൈ 29 നു തുടങ്ങി.
കര്‍മലീത്താമഠം
കര്‍മലീത്താസന്യാസിനീ സഭക്കാര്‍ 1983 മാര്‍ച്ചിനു പുത്തേട്ടു ശ്രീ ജോസഫില്‍നിന്നു രണ്ടേക്കര്‍ സ്ഥലം വാങ്ങി. 1983 ജൂണില്‍ പ്രവര്‍ത്തനമാരംഭിച്ചു. ഇവരുടെ മേല്‍നോട്ടത്തില്‍ അന്നുമുതല്‍ ‘ജീവനാ’ നഴ്സറി സ്കൂള്‍ പ്രവര്‍ത്തിച്ചുവരുന്നു.
ഇതരസ്ഥാപനങ്ങള്‍
‘ടാഗോര്‍’ വായനശാലയും മാര്‍ തോമാ സഭയുടെ മേല്‍നോട്ടത്തിലുള്ള ‘ദീപം ബാലികാ ഭവനു’മാണ് ഇടവകയുടെ പരിധിക്കുള്ളില്‍ പ്രവര്‍ത്തിക്കുന്ന എടുത്തുപറയത്തക്ക മറ്റു സ്ഥാപനങ്ങള്‍.
സ്ഥലവിവരം
പ്രഥമ ദൈവാലയത്തിനുള്ള സ്ഥലം 1954 ല്‍ മഠത്തില്‍ ശ്രീ എം. എം. ജോസഫും നവീനദൈവാലയത്തിനുള്ള സ്ഥലം 1958 ല്‍ നെടിയകാലാപ്പറമ്പില്‍ ശ്രീ അപ്പച്ചനും സംഭാവന ചെയ്തു. പൊന്നെടത്തുകല്ലേല്‍ ബ. ജോര്‍ജച്ചന്‍റെ കാലത്തു മൂന്നേക്കര്‍ സ്ഥലം വാങ്ങി. 1961 ല്‍ 75 സെന്‍റ് സ്ഥലം വാങ്ങിയെങ്കിലും 1963 ല്‍ വിറ്റു. 1966 ല്‍ 15 സെന്‍റും 1978 ല്‍ രണ്ടേക്കറും വിലയ്ക്കു വാങ്ങി.
കുടുംബങ്ങള്‍
282 കുടുംബങ്ങളിലായി 1090 കത്തോലിക്കര്‍ ഇടവകയിലുണ്ട്. 19 കുടുംബക്കൂട്ടായ്മകള്‍ പ്രവര്‍ത്തിക്കുന്നു. ഇടവകയുടെ പരിധിയിലുള്ള ഇതരകുടുംബങ്ങള്‍ : ലത്തീന്‍- 65, മലങ്കര- 15, യാക്കോബായ- 160, പ്രോട്ടസ്റ്റന്‍റ്- 30, യഹോവസാക്ഷികള്‍- 14, സി.എസ്.ഐ.- 60, ഹൈന്ദവര്‍- 200, മുസ്ലീങ്ങള്‍- 20.
ദൈവവിളി
ഇവിടെനിന്ന് അഞ്ചു സന്യാസ വൈദികന്മാരും ഒരു ഇടവക വൈദികനും 22 സന്യാസിനികളും ദൈവജനസേവനമനുഷ്ഠിക്കുന്നു. മൂന്നു വൈദികാര്‍ഥികളും മൂന്നു സന്യാസാര്‍ഥിനികളും പരിശീലനം നടത്തുന്നു.