Vandiperiyar – 685 533
04869 – 252425
Vicar: Rev. Fr. Thomas Thekkel
Cell: 949 637 7432
rosepht@gmail.com
പെരിയാര്‍ വള്ളക്കടവില്‍ കുടിയേറ്റം ആരംഭിക്കുന്നത് 1957 ലാണ്. അത്യധ്വാനംകൊണ്ടു ഭൂമിയില്‍ കനകം വിളയിക്കാന്‍ കൊതിച്ച കര്‍ഷകര്‍ കാടു വെട്ടിത്തെളിച്ച്, മലമ്പനി യോടും കാട്ടുമൃഗങ്ങളോടും വിഷസര്‍പ്പങ്ങളോടും മല്ലടിച്ച് കാര്‍ഷികവൃത്തിയുടെ പുതുമാനങ്ങള്‍ കണ്ടെത്തി.
ഇടവകസ്ഥാപനം
ഇവിടുത്തെ ക്രിസ്ത്യാനികള്‍ ആത്മീയാവശ്യ ങ്ങള്‍ക്കായി നസ്രാണിപുരം, വാളാര്‍ഡി പള്ളികളെയും വണ്ടിപ്പെരിയാറിലുള്ള ലത്തീന്‍പള്ളിയെയുമാണ് അഭയം പ്രാപിച്ചിരുന്നത്. നസ്രാണിപുരം-വാളാര്‍ഡി ഇടവകകളുടെ വികാരിയായ നെല്ലരിയില്‍ ബ. മാത്യു അച്ചന്‍ 1975 മാര്‍ച്ച് 30 ന് പള്ളിക്കുവേണ്ടി മൂന്നേക്കര്‍ 60 സെന്‍റു സ്ഥലം 17,000 രൂപയ്ക്കു വാങ്ങി. അവിടെയുണ്ടായിരുന്ന പുല്ലുമേഞ്ഞ വീട്ടില്‍ അദ്ദേഹം ആദ്യമായി ദിവ്യബലിയര്‍പ്പിച്ചു. അന്നുതന്നെ ഇത് ഇടവകയായി ഉയര്‍ത്തപ്പെട്ടു. ശനിയാഴ്ച വൈകുന്നേരങ്ങളില്‍ നസ്രാണിപുരത്തുനിന്നു വൈദികന്മാരെത്തി ഇവിടെ ദിവ്യബലിയര്‍പ്പിച്ചുപോന്നു. 1976 ല്‍ നഴ്സറിസ്കൂള്‍ പ്രവര്‍ത്തനം ആരംഭിച്ചു. അതിനുശേഷം ഇവിടെത്തന്നെ വി. കുര്‍ബാനയും അര്‍പ്പിച്ചുപോന്നു. പിന്നീട് ഓടിട്ട പുതിയൊരു ഹാള്‍ പണിതു. 1995 വരെ പള്ളിയായി ഇതുപയോഗിച്ചു.
പള്ളിമുറിയും നവീനദൈവാലയവും
ചിറയ്ക്കലകത്ത് ബ. സെബാസ്റ്റ്യനച്ചന്‍ 1980 ല്‍ പള്ളി പണിയുന്നതിനുവേണ്ടി റോഡുസൈഡില്‍ 15 സെന്‍റു സ്ഥലം വിലയ്ക്കു വാങ്ങി. 1991 ല്‍ പുന്നോലിക്കുന്നേല്‍ ബ. മാത്യു അച്ചന്‍ അഞ്ചുസെന്‍റ് സ്ഥലം കൂടി വിലയ്ക്കുവാങ്ങി 1992 ല്‍ ഇവിടെ പള്ളിമുറി പണികഴിപ്പിച്ചു. പുന്നോലിക്കു ന്നേല്‍ ബ. മാത്യു അച്ചന്‍റെ കാലത്ത് 1997 ല്‍ ഇടവക ജനങ്ങളുടെ അക്ഷീണ ശ്രമഫലമായി ദൈവാലയം വിപുലീകരിച്ചു പുതുക്കിപ്പണിതു. 1997 മേയ് 25 ന് മാര്‍ മാത്യു വട്ടക്കുഴി ഇതു വെഞ്ചരിച്ചു.
1997 ല്‍ നെല്ലിക്കല്‍ ബ. ജോര്‍ജച്ചന്‍ പള്ളിക്കുവേണ്ടി ഒരേക്കര്‍ 42 സെന്‍റു സ്ഥലം വിലയ്ക്കു വാങ്ങി.
സേവനമനുഷഠിച്ച ബ. വികാരിമാര്‍
മാത്യു നെല്ലരി (1975-80), സെബാസ്റ്റ്യന്‍ ചിറയ്ക്കലകത്ത് (1980-91), മാത്യു പുന്നോലിക്കുന്നേല്‍ (1991-97), ജോര്‍ജ് നെല്ലിക്കല്‍ (1997-).
ചാരിറ്റി മഠം
ചാരിറ്റി സന്യാസിനികളുടെ മഠം 1981 മാര്‍ച്ച് 1 നു മാര്‍ ജോസഫ് പവ്വത്തില്‍ ആശീര്‍വദിച്ചു. മഠത്തിനോടു ചേര്‍ന്ന് ട്രൈബല്‍ ഓര്‍ഫനേജും ആശുപത്രിയും പ്രവര്‍ത്തിച്ചുവരുന്നു.
ഇംഗ്ലീഷ് മീഡിയം സ്കൂള്‍
നെല്ലിക്കല്‍ ബ. ജോര്‍ജച്ചന്‍റെ നേതൃത്വത്തില്‍ 1999 ല്‍ സെന്‍റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്കൂള്‍ ആരംഭിച്ചു. വിദ്യാഭ്യാസരംഗത്തു പിന്നാക്കം നില്‍ക്കുന്ന നാടിന് ഈ സ്കൂള്‍ ആശാകേന്ദ്രമാണ്. ഇപ്പോള്‍ എല്‍. കെ. ജി., യു. കെ. ജി., ഒന്നാം ക്ലാസ് എന്നീ ഡിവിഷനുകള്‍ ഇവിടെ പ്രവര്‍ത്തിക്കുന്നു.
സ്ഥിതിവിവരം
ഒന്‍പതു കുടുംബക്കൂട്ടായ്മകളിലായി 96 കുടുംബങ്ങളും 576 കത്തോലിക്കരുമുണ്ട്. ഒരു വൈദികനും അഞ്ചു സന്യാസിനികളും ഒരു വൈദികാര്‍ഥിയും ഒരു സന്യാസാര്‍ഥിനിയും ഉണ്ട്.
ഭക്തസംഘടനകള്‍
തിരുബാലസഖ്യം, അള്‍ത്താരബാലസഖ്യം, മിഷന്‍ലീഗ്, യുവദീപ്തി, മാതൃദീപ്തി, പിതൃവേദി എന്നീ സംഘടനകള്‍ നല്ല രീതിയില്‍ പ്രവര്‍ത്തിച്ചുവരുന്നു. തുടര്‍ച്ചയായി മൂന്നു വര്‍ഷങ്ങളില്‍ രൂപതാ മാതൃദീപ്തിയുടെ ബെസ്റ്റ് യൂണിറ്റായി വള്ളക്കടവ് തെരഞ്ഞെടുക്കപ്പെട്ടു. തുടര്‍ച്ചയായി രണ്ടുവര്‍ഷങ്ങളില്‍ രൂപതയിലെ മികച്ച കയ്യെഴുത്തു മാസികയ്ക്കുള്ള ട്രോഫി വള്ളക്കടവ് സണ്‍ഡേസ്കൂള്‍ കരസ്ഥമാക്കി.
സാമൂഹികജീവിതം
ഇവിടുത്തെ ഭൂരിപക്ഷം ജനങ്ങളും കര്‍ഷകരാണ്. നല്ലൊരുവിഭാഗം ചെറുകിടക്കാര്‍ വനത്തില്‍ കൂലിപ്പണിയെടുക്കുന്നു. മതസൗഹാര്‍ദം നന്നായി പുലര്‍ന്നുപോരുന്ന സ്ഥലമാണിത്. ദൈവാലയത്തില്‍നിന്നു വളരെയകലെയല്ലാതെ അമ്പലവും മുസ്ലീംപള്ളിയും സ്ഥിതിചെയ്യുന്നു. വള്ളക്കടവിന്‍റെ വളര്‍ച്ച ഇവിടുത്തെ കത്തോലിക്കാപ്പള്ളിയെ ആശ്രയിച്ചാ യിരുന്നു. പള്ളി വന്നതോടെ ഈ പ്രദേശത്തിന്‍റെ കെട്ടും മട്ടും മാറി.
ഇടവകയുടെ നേതൃത്വത്തില്‍ എം. ഡി. എസ്., പി. ഡി. എസ്. എന്നിവ യുമായി സഹകരിച്ച് നൂറു വീടുകള്‍ ജാതിമതഭേദമെന്യേ പണികഴിപ്പിച്ചു. കൂടാതെ വിവിധ വിനോദസഞ്ചാരികളെ ആകര്‍ ഷിക്കുന്ന സ്ഥലമാണ് വള്ളക്കടവ്. കക്കി, പമ്പ, ഗവി, മുല്ലപ്പെരിയാര്‍, മൂഴിയാര്‍ എന്നീ ഡാമുകളിലേക്കു പോകുന്നതു വള്ളക്കടവുവഴിയാണ്. ശബരിമല യിലേക്കുള്ള എളുപ്പവഴി ഇതിലേയാണ്.
മുല്ലപ്പെരിയാര്‍ അണക്കെട്ടിനു സമീപസ്ഥമായ ഇടവക ഇന്ന് അസ്ഥിത്വ ഭീഷണിയിലാണ്. ഡാമിന്‍റെ പഴക്കവും തമിഴ്നാടിന്‍റെ അവകാശവാദവും വള്ളക്കടവു മുതല്‍ ആലുവാ വരെയുള്ള കേരളത്തിലെ ജനത്തിന്‍റെയും വൃക്ഷലതാദികളുടെയും നിലനില്പിനെ സംബന്ധിച്ചാണ്. നെല്ലിക്കല്‍ ബ. ജോര്‍ജച്ചന്‍റെയും മറ്റും നേതൃത്വത്തില്‍ നാനാജാതിമതസ്ഥരെ സംഘടിപ്പിച്ചുകൊണ്ട് മുല്ലപ്പെരിയാറ്റില്‍ പുതിയ അണ കെട്ടണമെന്ന് ആവശ്യപ്പെട്ട് ശക്തമായ ബഹുജനപ്രക്ഷോഭണം നടന്നുവരുന്നു.