Aniyartholu, Kattappana – 685 515

Vicar: Rev. Fr. Antony Thekkekutt

Cell: 949 759 8280

frlittojames81@gmail.com

Click here to go to the Church

മുഖ്യമന്ത്രിയായിരുന്ന ശ്രീ പട്ടം താണുപിള്ള 1955-56 ല്‍ കല്ലാര്‍ പ്രദേശത്തു കര്‍ഷകര്‍ക്ക് അഞ്ചേക്കര്‍ ഭൂമിവീതം വിതരണം ചെയ്തു കുടിയേറ്റത്തെ പ്രോത്സാഹിപ്പിച്ചു. തമിഴ്നാട്ടില്‍ നിന്നുള്ള കുടിയേറ്റം കേരളത്തിന്‍റെ അതിര്‍ത്തി കടക്കുമെന്നുള്ള ഭയമായിരുന്നു ഇതിന്‍റെ മുഖ്യകാരണം. പക്ഷേ, ഭക്ഷ്യവിഭവങ്ങളുടെ കുറവുമൂലം കഷ്ടതയനുഭവിച്ചിരുന്ന അധ്വാനശീലരായ കര്‍ഷകര്‍ക്ക് ഇത് ആവേശമായിരുന്നു. വിവിധ ദേശങ്ങളില്‍ നിന്നു കുടിയേറിപ്പാര്‍ത്ത അവര്‍ സഹ്യസാനുക്കള്‍ കൃഷിഭൂമിയാക്കി. അതിലൊന്നാണു നിര്‍മലാപുരം പ്രദേശം. ശക്തമായ കാറ്റും രൂക്ഷമായ തണുപ്പും ചെറിയയിനം കാട്ടുമൃഗങ്ങളുടെ നിരന്തര ശല്യവുമുണ്ടായിരുന്നിട്ടും ഭൂമി തേടിവന്ന സാഹസികരായ കര്‍ഷകര്‍ പിന്‍വാങ്ങിയില്ല. നാടിന്‍റെ പ്രതിഛായ അവര്‍ മാറ്റിയെടുത്തു. ഒന്നുരണ്ടു ദശകങ്ങള്‍ക്കു മുമ്പുണ്ടായിരുന്ന നിര്‍മലാപുരത്തിന്‍റെ അവസ്ഥയല്ല ഇന്ന്. ജനങ്ങള്‍ സാമ്പത്തികമായും വിദ്യാഭ്യാസപരമായും ഏറെ വളര്‍ന്നിട്ടുണ്ട്. നാടിന്‍റെ വികസനചരിത്രം ഇടവകദൈവാലയത്തോടു ബന്ധപ്പെട്ടതാണ്.

ദൈവാലയസ്ഥാപനം
ഇടവക സ്ഥാപിതമാകുന്നതിനു മുമ്പ് വിശ്വാസികള്‍ മുണ്ടിയെരുമ, വണ്ടന്മേടു പള്ളികളിലാണ് ആത്മീയകാര്യങ്ങള്‍ നിര്‍വഹിച്ചിരുന്നത്. മുണ്ടിയെരുമപ്പള്ളി വികാരി കാട്ടൂര്‍ ബ. ജേക്കബച്ചന്‍ പുതുപ്പറമ്പില്‍, പതിനാറില്‍, കൊച്ചുകാലായില്‍, കാഞ്ഞിരത്തുംമൂട്ടില്‍ എന്നീ വീട്ടുകാരോടൊത്ത് ഇപ്പോള്‍ പള്ളി സ്ഥിതിചെയ്യുന്ന മേട്ടില്‍ 1961 ല്‍ ദൈവാലയത്തിനായി സ്ഥലം കണ്ടെത്തി. ഗിരിമുകളില്‍ ദൈവാലയവും കുരിശടികളും സ്ഥാപിക്കുന്നതിനുള്ള താല്പര്യം അന്ന് കൂടുതലായി ഉണ്ടായിരുന്നുവെന്നതിന് ഉദാഹരണമാണിത്. പള്ളിക്കുവേണ്ടി നിര്‍മിച്ച ഷെഡ്ഡില്‍ കാട്ടൂര്‍ ബ. ജേക്കബച്ചന്‍ 1962 ഏപ്രില്‍ 22 ന് ദിവ്യബലിയര്‍പ്പിച്ചു. തുടര്‍ന്ന് ഞായറാഴ്ചകളിലും പ്രധാനതിരുനാള്‍ദിനങ്ങളിലും മുണ്ടിയെരുമയില്‍നിന്നു വൈദികന്മാര്‍ വന്നു ബലിയര്‍പ്പിച്ചിരുന്നു.

വികസനചരിത്രം
പള്ളിമുറി 1963 ഫെബ്രുവരിയില്‍ നിര്‍മിച്ചു. മാര്‍ മാത്യു കാവുകാട്ട് നിര്‍മലാപുരം കുരിശുപള്ളി 1963 ജൂലൈ 25 ന് ഇടവകയായി ഉയര്‍ത്തി. മാടപ്പാട്ട് ബ. ജോണച്ചന്‍ ആദ്യവികാരിയായി നിയമിതനായി. വികാരിയായി എത്തിയ കുളങ്ങോട്ടില്‍ ബ. സിറിയക്കച്ചന്‍ വണ്ടന്മേടുപള്ളിയുടെ വികാരി കൂടിയായിരുന്നതിനാല്‍ അവിടെ താമസിച്ചു ഞായറാഴ്ചകളില്‍ ഇവിടെ ബലിയര്‍പ്പിച്ചുപോന്നു. 1964 ല്‍ വികാരിയായി വന്ന പിണമറുകില്‍ ബ. തോമസച്ചന്‍ ആദ്യം മുണ്ടിയെരുമ പള്ളിയില്‍ താമസിച്ചുകൊണ്ടും 1965 മുതല്‍ 66 വരെ നിര്‍മലാപുരത്തു താമസിച്ചുകൊണ്ടും ശുശ്രൂഷകള്‍ നടത്തിപ്പോന്നു. തുടര്‍ന്ന് കുഴിത്തൊളുപ്പള്ളിയുടെ വികാരിയച്ചന്മാരാണ് ഇവിടുത്തെ കാര്യങ്ങള്‍ നടത്തിയിരുന്നത്.
പള്ളിഷെഡ്ഡ് 1966 ല്‍ തകര്‍ന്നതോടെ പള്ളിമുറിയിലെ ഇടഭിത്തി മാറ്റി ഹാളാക്കി അവിടെ ബലിയര്‍പ്പിച്ചുകൊണ്ടിരുന്നു.
1990 ല്‍ മംഗലത്ത് ബ. ജോസഫച്ചന്‍റെ കാലത്ത് പള്ളിക്കുവേണ്ടി അന്യാര്‍തൊളുവില്‍ സ്ഥലം വാങ്ങി. 1999 ഡിസംബര്‍ 5 ന് അന്യാര്‍തൊളു കുരിശുപള്ളി ഇടവകയായി ഉയര്‍ത്തപ്പെട്ടു.

നവീനദൈവാലയം
കൊല്ലംകുന്നേല്‍ ബ. സെബാസ്റ്റ്യനച്ചന്‍റെ കാലത്ത് 1998 1998 ഫെബ്രുവരി 15 ന് മാര്‍ മാത്യു വട്ടക്കുഴി പള്ളിക്കു ശിലസ്ഥാപിച്ചതോടെ നവീനദൈവാലയനിര്‍മാണം ആരംഭിച്ചു. 1998 മേയില്‍ കാഞ്ഞിരത്തിനാല്‍ ബ. ഡോമിനിക്കച്ചന്‍ വികാരിയായെത്തി. അച്ചന്‍റെ നേതൃത്വത്തില്‍ പള്ളിപണി പുരോഗമിച്ചുവരുന്നു.

സേവനമനുഷ്ഠിച്ച ബ. വൈദികന്മാര്‍
ജേക്കബ് കാട്ടൂര്‍ (1962-63), ജോണ്‍ മാടപ്പാട്ട് (1963), ജോസഫ് വഞ്ചിപ്പുര (1963-64), സിറിയക് കുളങ്ങോട്ടില്‍ (1964-65), സഖറിയാസ് വാച്ചാപറമ്പില്‍ (1965-66), ഗ്രിഗറി ഓണംകുളം (1966-67), പോള്‍ വാഴപ്പനാടി (1967-69), ജോസഫ് വാഴയില്‍ (1969-72), ജോര്‍ജ് മണലേല്‍ (1972-75), ജോസ് പതാലില്‍ (1975-77), അഗസ്റ്റിന്‍ നെല്ലിയാനി (1977-84), ജോസ് മാറാമറ്റം (1984-85), മാത്യു കോക്കാട്ട് (1985-87), അലക്സ് തൊടുകയില്‍ (1987-90), ജോസഫ് മംഗലത്തില്‍ സി.എം.ഐ.(1990-92), ജസ്റ്റിന്‍ പഴേപറമ്പില്‍ (1992-95), ജോസഫ് ചിറയ്ക്കല്‍ (1995-96), അഗസ്റ്റിന്‍ നെല്ലരി (1996-97), സെബാസ്റ്റ്യന്‍ കൊല്ലംകുന്നേല്‍ (1997-98), ഡോമിനിക് കാഞ്ഞിരത്തിനാല്‍ (1998-).

കുടുംബങ്ങള്‍, ദൈവവിളി
46 കുടുംബങ്ങളെ ഉള്‍ക്കൊള്ളിച്ചുകൊണ്ട് രണ്ടു കുടുംബക്കൂട്ടായ്മകളിലായി 220 കത്തോലിക്കര്‍ ഇവിടെയുണ്ട്. ഒരു വൈദികാര്‍ഥിയും ഒരു സന്യാസാര്‍ഥിനിയും പരിശീലനം നേടുന്നു. ഇടവകയുടെ പരിധിയില്‍ നാലു ലത്തീന്‍കുടുംബങ്ങളും 12 മലങ്കര ഭവനങ്ങളും 265 ഹൈന്ദവഭവനങ്ങളും 27 മുസ്ലീം ഭവനങ്ങളുമുണ്ട്.
രൂപതയിലെ തീരെച്ചെറിയ ഇടവകകളിലൊന്നാണു നിര്‍മലാപുരം. അംഗസംഖ്യകൊണ്ടും സാമ്പത്തിക സ്ഥിതികൊണ്ടും പിന്നാക്കമാണിവിടം. ജനസംഖ്യയില്‍ കത്തോലിക്കര്‍ ചെറിയ ശതമാനമേയുള്ളു. എന്നാലും ഇടവകക്കൂട്ടായ്മ വളര്‍ത്തി പുരോഗതി പ്രാപിക്കാന്‍ ശ്രമിക്കുന്ന ആവേശം നിറഞ്ഞ കൊച്ചുസമൂഹമാണ് ഇവിടുത്തെ കത്തോലിക്കര്‍.
മിഷന്‍ലീഗ്, യുവദീപ്തി, മാതൃദീപ്തി, പിതൃവേദി എന്നീ ഭക്തസഖ്യങ്ങള്‍ ഇടവകയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.