Kanjirapally – 686 507
04828 – 202681
Vicar: Rev. Dr. Xavier Kochuparampil
Cell: 944 786 8003
kochuparampilxavier@gmail.com
കുന്നുംഭാഗം പള്ളി 1956 ലാണ് സ്ഥാപിതമായത്. കാഞ്ഞിരപ്പള്ളിയേക്കാള്‍ ഉയര്‍ന്ന പ്രദേശമായതിനാലാണ് ഈ സ്ഥലത്തിന് ഇപ്രകാരം പേരു വന്നത്. പള്ളിയിരിക്കുന്ന ഒരേക്കര്‍ സ്ഥലം പള്ളിവാതുക്കലായ ഒളക്കാമാക്കല് ശ്രീ ദേവസ്യാച്ചന് 1933 ല്‍ മുത്തോലി കൊവേന്തക്കു ദാനം ചെയ്തു. വസ്തു കൈമാറ്റം ചെയ്തെങ്കിലും ദീര്‍ഘകാലമായി ഇവിടെ പള്ളിയോ മറ്റു സ്ഥാപനങ്ങളോ ഉണ്ടായിരുന്നില്ല. പരേതയായ ഡോ. ത്രേസ്യാമ്മ ഡോമിനിക് കരിപ്പാപ്പറമ്പിലിന്റെ (+1948) സ്മരണയ്ക്കു പള്ളിപണിയുന്നതിനുവേണ്ടി അവരുടെ സമ്പാദ്യത്തിലുണ്ടായിരുന്ന ഇന്‍ഷുറന്‍സ് തുക കുടുംബക്കാര് സംഭാവന ചെയ്തു. ഇതോടെ പാലാക്കുന്നേല്‍ ബ. അംബ്രോസ് സി. എം. ഐ. അച്ചന്റെ ചുമതലയില്‍ പള്ളിപണിയാരംഭിച്ചു. തികയാതെ വന്ന തുക സ്ഥലവാസികളില്‍ നിന്നു സമാഹരിച്ചു. പാലാ രൂപതാ മെത്രാന് മാര്‍ സെബാസ്റ്റ്യന്‍ വയലില്‍ 1956 മാര്‍ച്ച് 19 നു പള്ളി വെഞ്ചരിച്ചു. അന്നുതന്നെ പാലാക്കുന്നേല്‍ ബ. അംബ്രോസച്ചന് ആദ്യത്തെ ദിവ്യബലിയര്‍പ്പിച്ചു. ഞായറാഴ്ചകളില്‍ അച്ചന് ഇവിടെ വന്നു ദിവ്യബലി അര്‍പ്പിച്ചുപോന്നു. തുടര്‍ന്ന് ബ. നെസ്തോര്‍ സി. എം. ഐയും ബ. ഫ്ളോറിന് സി.എം.ഐയും ഇവിടെ സേവനമനുഷ്ഠിച്ചു. ദീപികയുടെ മുന്‍ ചീഫ് എഡിറ്ററായിരുന്ന ബ. വില്യമച്ചനായിരുന്നു ഇതിനുശേഷം പത്തു വര്‍ഷത്തോളം ആത്മീയകാര്യങ്ങള്‍ നടത്തിയിരുന്നത്.
കുരിശുപള്ളി
ബ. വില്യമച്ചന്‍ 1965 ഓഗസ്റ്റ് 15 നു നിര്യാതനായി. തുടര്‍ന്ന് ഇടവകയുടെ ആധ്യാത്മികാവശ്യങ്ങള്‍ നിര്‍വഹിക്കാന്‍ വൈദികന്മാരെ ലഭിക്കാഞ്ഞതിനാല്‍ സി.എം.ഐ. സഭാധികാരികള്‍ കൊവേന്തപ്പള്ളി ചങ്ങനാശേരി അതിരൂപതയ്ക്കു വിട്ടുകൊടുത്തു. തല്‍ഫലമായി 1965 ഏപ്രില്‍ 30 ന് ഈ ദൈവാലയം കാഞ്ഞിരപ്പള്ളി ഫൊറോനയുടെ കീഴിലുള്ള കുരിശുപള്ളിയായി. പ്രഥമ വികാരിയായി പുത്തന്‍പുരയ്ക്കല്‍ ബ. തോമസച്ചന് നിയമിതനായി.
ഇടവക
മാര്‍ ആന്റണി പടിയറ 1974 ഡിസം. 15 ന് ഇടവകയായി ഉയര്‍ത്തി. അന്നു കുരിശുപള്ളി വികാരി യായിരുന്ന മമ്പലത്ത് ബ. ജോസഫച്ചന് വികാരിയായി നിയമിതനായി. കാഞ്ഞിരപ്പള്ളി ഫൊറോനാപ്പള്ളിയില് നിന്നു പിന്നീട് പതിനേഴേക്കര്‍ സ്ഥലം ഇടവകയ്ക്കു വിഹിതമായി ലഭിച്ചു. 1999 ഡിസം. 15 ന് ഇടവക സ്ഥാപനത്തിന്റെ രജതജൂബിലി ആഘോഷിച്ചു.
വൈദികമന്ദിരം
പള്ളിസ്ഥലത്തുണ്ടായിരുന്ന പഴയ കെട്ടിടമാണ് 1978 വരെ വൈദിക മന്ദിരമായി ഉപയോഗിച്ചിരുന്നത്. ഏര്‍ത്തയില്‍ ബ. ജേക്കബച്ചന്റെ കാലത്താണ് ആധുനികസൗകര്യ ങ്ങളുള്ള വൈദികമന്ദിരം എന്ന ആശയമുദിച്ചത്. 1978 ല്‍ ഏറത്തേടത്ത് ബ. മാത്യു അച്ചന്റെ സേവനകാലത്ത് കൂവപ്പള്ളിയിലെ അഞ്ചേക്കര്‍ സ്ഥലം വിറ്റുകിട്ടിയ പണമുപയോഗിച്ച് വൈദികമന്ദിരം പൂര്‍ത്തിയാക്കി. മാര്‍ ജോസഫ് പവ്വത്തില്‍ 1978 നവം. 19 ന് ആശീര്‍വദിച്ചു.
നവീനദൈവാലയം
പള്ളിസ്ഥാപനത്തിന്റെ രജതജൂബിലി ദിനമായ 1981 മാര്‍ച്ച് 19 ന് പുതിയ ദൈവാലയത്തിന്റെ ശിലാസ്ഥാപനവും 1984 മേയ് മൂന്നിന് കൂദാശയും മാര്‍ ജോസഫ് പവ്വത്തില്‍ നിര്‍വഹിച്ചു. പള്ളിപണിക്കു നേതൃത്വം നല്കിയതു പരുവനാനി ബ. ജോര്‍ജച്ചനായിരുന്നു.
സേവനം ചെയ്ത ബ. വൈദികന്മാര്
അംബ്രോസ് സി. എം. ഐ., ഫ്ളോറിന് സി. എം. ഐ., വില്യം സി. എം. ഐ., നെസ്തോര്‍ സി. എം. ഐ., തോമസ് പുത്തന്‍പുരയ്ക്കല്‍ (1965-66), ജോസഫ് മുരിങ്ങയില്‍ (1966-67), മാത്യു മേപ്രത്ത് (1967-68), തോമസ് കൊടകശേരി (1968-72), സെബാസ്റ്റ്യന്‍ കാട്ടാമ്പള്ളി (1972-74), ജോസഫ് മമ്പലം (1974-75), ജോസ് പുത്തന്‍കടുപ്പില്‍ (1975-76), ജേക്കബ് ഏര്‍ത്തയില്‍ (1976 -77), മാത്യു ഏറത്തേടം (1977-79), ജോസഫ് തോട്ടുപുറം (1979-82), ജോര്‍ജ് പരുവനാനി (1982-86), ജോസഫ് കുന്നത്തുപുരയിടം (1986-87), എബ്രാഹം കഴുന്നടി (1988-92), ജോസഫ് വാഴയില്‍ (1992-96), ജയിംസ് ഇലഞ്ഞിപ്പുറം (1996-97), ജോസ് തറപ്പേല്‍ (1997- ).
മഠം, സ്കൂള്‍
ആരാധനസന്യാസിനീ സമൂഹത്തിന്റെ ചുമതലയില്‍ 1974 ജനുവരി ഒന്നിന് സെന്റ് ജോസഫ്സ് ഇംഗ്ലീഷ് മീഡിയം നഴ്സറി സ്കൂള്‍ ആരംഭിച്ചു. 1976 നവംബര്‍ എട്ടിന് ആരാധനമഠം പ്രവര്‍ത്തനമാരംഭിച്ചു. ഇവര്‍ പെണ്‍കുട്ടികള്‍ക്കായി സെന്റ് ജോസഫ്സ് ഇംഗ്ലീഷ് മീഡിയം സ്കൂള്‍ സ്ഥാപിച്ചു.
1993 സെപ്തംബര്‍ 12 ന് ആരാധന സന്യാസിനീ സമൂഹത്തിനു കാഞ്ഞിരപ്പള്ളിയില്‍ സാന്‍ ജിയോവാനി പ്രോവിന്ഷ്യല് ഹൗസ് സ്ഥാപിതമായി.
പാരിഷ് ഹാള്‍
വാഴയില്‍ ബ. ജോസഫച്ചന്റെ നേതൃത്വത്തില്‍ നിര്‍മിച്ച പാരിഷ് ഹാളിനു 1995 നവംബര്‍ 19 ന് മാര്‍ മാത്യു വട്ടക്കുഴി തറക്കല്ലിട്ടു. തുടര്‍ന്നു വികാരിയായെ ത്തിയ ഇലഞ്ഞിപ്പുറം ബ. ജയിംസച്ചന് നിര്‍മാണം പൂര്‍ത്തിയാക്കി. മാര്‍ മാത്യു വട്ടക്കുഴി 1997 ഏപ്രില്‍ രണ്ടിനു വെഞ്ചരിച്ചു.
സ്ഥിതിവിവരം
പതിന്നാലു കുടുംബക്കൂട്ടായ് മകളിലായി 225 കുടുംബങ്ങളും 1108 ല്‍ പരം അംഗങ്ങളും ഇവിടെയുണ്ട്. ഇടവകയില്‍നിന്നു പതിനൊന്നു വൈദികന്മാരും 32 സന്യാസിനികളും പ്രേഷിതപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നു. ഒരു വൈദികാര്‍ഥി യുമുണ്ട്.
സംഘടനകള്‍
സെന്റ് വിന്‍സെന്റ് ഡി പോള്‍ സഖ്യം (1973), യുവദീപ്തി (1973), മാതൃദീപ്തി (1995), അള്‍ത്താര ബാലസഖ്യം, മിഷന്‍ലീഗ്, ലീജിയന് ഓഫ് മേരി (1965) എ. കെ. സി. സി. എന്നീ സംഘടനകള്‍ സജീവമായി പ്രവര്‍ത്തിക്കുന്നു.
ഇതരസ്ഥാപനങ്ങള്‍
കാഞ്ഞിരപ്പള്ളി താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്സ് ഹോസ്പിറ്റല്‍, ഗവണ്മെന്റ് ഹൈസ്കൂള്‍, ഗവണ്മെന്റ് ടൂറിസ്റ്റു ബംഗ്ലാവ്, മുന്‍സിഫ്, മജിസ്ട്രേറ്റ് കോടതികള്‍, കേരളത്തിലെ ഏക ഓപ്പറേഷന് ഒളിമ്പിയ സെന്റര്‍, സെന്റ് ജോസഫ്സ് കണ്ണാശുപത്രി, സെന്റ് ജോസഫ്സ് ബോര്‍ഡിംഗ് ഹൗസ് എന്നിവ ഇടവകാതിര്‍ത്തിയിലുള്ള പ്രധാന സ്ഥാപനങ്ങളാണ്.
വികസനപ്രവര്‍ത്തനങ്ങള്‍
കാട്ടാമ്പള്ളി ബ. സെബാസ്റ്റ്യനച്ചന്റെ കാലത്ത് (1973) സണ്ഡേസ്കൂള് കെട്ടിടം പണിതു. കുന്നത്തുപുരയിടം ബ. ജോസഫച്ചന്റെ നേതൃത്വത്തില്‍ ദൈവാലയത്തിനു മുമ്പില്‍ കൊടിമരം നിര്‍മിച്ച് 1986 ഓഗസ്റ്റ് 15 ന് വെഞ്ചരിച്ച് ഉദ്ഘാടനം ചെയ്തു. പോസ്റ്റ് ഓഫീസ് പ്രവര്‍ത്തിച്ചു കൊണ്ടിരുന്ന സ്ഥലം 1986 ല്‍ നഷ്ടമായതോടെ പള്ളിസ്ഥലത്ത് പള്ളിച്ചെലവില്‍ കെട്ടിടം നിര്‍മിച്ച് നിസ്സാര വാടകയ്ക്ക് പോസ്റ്റ് ഓഫീസ് പ്രവര്‍ത്തനങ്ങള്‍ക്കു നല്കി.