Murinjapuzha – 685 532

04869 – 288022

Vicar: Rev. Fr. George Kochuparampil

Cell: 9744 8247 85

Click here to go to the Church

പാലാ, കാഞ്ഞിരപ്പള്ളി പ്രദേശങ്ങളില്‍ നിന്ന് 1950 നു മുമ്പു വന്നെത്തിയവരാണ് ഇവിടുത്തെ വിശ്വാസികള്‍. ചെറുവള്ളിക്കുളത്തെ കുടിയേറ്റക്കാര്‍ 1972 വരെ ആത്മീയാവശ്യങ്ങള്‍ കണയങ്കവയല്‍ പള്ളിയില്‍ നിര്‍വഹിച്ചുപോന്നു. പെരുവന്താനത്തുനിന്നു വൈദികന്മാരെത്തി കണയങ്കവയല്‍ പള്ളിയില്‍ വര്‍ഷത്തില്‍ ഏതാനും പ്രാവശ്യം മാത്രം ദിവ്യബലിയര്‍പ്പിക്കുകയും വിശ്വാസികളുടെ ആത്മീയാവശ്യങ്ങള്‍ നടത്തുകയും ചെയ്തിരുന്നു.
1953 ലെ ദുഃഖവെള്ളിയാഴ്ച കുരിശിന്‍റെ വഴിയില്‍ പങ്കുകൊള്ളാന്‍ വലിയ മരക്കുരിശുമായി പാഞ്ചാലിമേട്ടിലെത്തിയ ചെറുവള്ളിക്കുളത്തെ വിശ്വാസികളോട്, ചെറുവള്ളിക്കുളത്തു സൗകര്യമുള്ളിടത്തു കുരിശു നാട്ടുന്നത് ഉചിതമായിരിക്കുമെന്ന് കണയങ്കവയല്‍ വികാരി ഏറത്തേടത്ത് ബ. ജേക്കബ് അച്ചന്‍ നിര്‍ദേശിച്ചു. ഇപ്രകാരം സ്ഥാപിക്കപ്പെട്ട കുരിശു പുതിയ ദൈവാലയം സ്ഥിതി ചെയ്യുന്നിടത്തു സ്ഥാപിച്ചിട്ടുണ്ട്.
ഉദാരമതിയായ കരിമ്പനാല്‍ ശ്രീ ഇട്ടിയവിരാ തൊമ്മന്‍ പള്ളി നിര്‍മിക്കുന്നതിനായി കുറെ സ്ഥലം ദാനം ചെയ്തു. വിശ്വാസികള്‍ ഇവിടെ കുരിശുനാട്ടി ഈറ്റകൊണ്ടു ഷെഡുണ്ടാക്കി ആരാധനാലയമാക്കി. 1954 നവംബര്‍ 28 ന് ഏറത്തേടത്ത് ബ. ജേക്കബ് അച്ചന്‍ ഇവിടെ ആദ്യദിവ്യബലിയര്‍പ്പിച്ചു. 1975 ല്‍ ഇതു കുരിശുപളളിയായി. 1976 ഏപ്രില്‍ മുതല്‍ സ്ഥിരതാമസമുള്ള വൈദികനെ ലഭിച്ചു. ഇത് ഇടവകയായി 1978 ഏപ്രില്‍ 9 ന് ഉയര്‍ത്തപ്പെട്ടു. നങ്ങച്ചിവീട്ടില്‍ ബ. ജയിംസച്ചനായിരുന്നു പ്രഥമവികാരി.

ദൈവാലയനിര്‍മാണം
ഏറത്തേടത്ത് ബ. ജേക്കബ് അച്ചന്‍ 1960 ല്‍ പള്ളിക്കു തറക്കല്ലിട്ടു. 1961 ല്‍ പുല്ലുകാട്ട് ബ. എബ്രഹാം അച്ചന്‍റെ നേതൃത്വത്തില്‍ പള്ളിയുടെ തറകെട്ടി. കുന്നിപ്പറമ്പില്‍ ബ. സേവ്യര്‍ അച്ചന്‍റെ കാലത്ത് കരിങ്കല്ലുകൊണ്ടു ഭിത്തികെട്ടി ഓടുമേഞ്ഞു. പള്ളി വിസ്തൃതി വിശ്വാസികളുടെ ആവശ്യത്തിനു തികയാതെ വന്നപ്പോള്‍ പുതുക്കിപ്പണിയേണ്ടത് അത്യാവശ്യമായി. പുതിയ പള്ളിയുടെ ശിലാസ്ഥാപനം മാര്‍ മാത്യു വട്ടക്കുഴി 1997 ഡിസംബര്‍ 8 നു നിര്‍വഹിച്ചു. പെരുനിലത്ത് ബ. സെബാസ്റ്റ്യനച്ചന്‍റെ നേതൃത്വത്തില്‍ മനോഹരമായ ദൈവാലയത്തിന്‍റെ പണി പൂര്‍ത്തിയാക്കി. 2000 ഡിസംബര്‍ എട്ടിനു മാര്‍ മാത്യു വട്ടക്കുഴി ദൈവാലയം കൂദാശ ചെയ്തു.
നങ്ങച്ചിവീട്ടില്‍ ബ. ജയിംസച്ചന്‍റെ കാലത്ത് 1979 നവംബര്‍ 25 ന് പാരിഷ്ഹാളും 1982-84 കാലഘട്ടത്തില്‍ ചിറ്റപ്പനാട്ട് ബ. സെബാസ്റ്റ്യന്‍ അച്ചന്‍റെ കാലത്തു പള്ളിമുറിയും നിര്‍മിച്ചു.

സേവനമനുഷ്ഠിച്ച ബ. വൈദികന്മാര്‍
ജേക്കബ് ഏറത്തേടത്ത് (1954- 60), എബ്രാഹം പുല്ലുകാട്ട് (1960- 62), തോമസ് ആര്യമണ്ണില്‍ (1962- 66), സേവ്യര്‍ കുന്നിപ്പറമ്പില്‍ (1966- 69), ഇമ്മാനുവേല്‍ മങ്കന്താനം (1969), ലൂക്ക് തോണക്കര സി.എം.ഐ. (1969), ആന്‍റണി നെടിയകാലാപ്പറമ്പില്‍ (1969- 70), മാത്യു ചിറയില്‍ (1970- 71), ജോസഫ് തോട്ടുപുറം, മാത്യു ചെറുതാനിക്കല്‍ (അസിസ്റ്റന്‍റ് വികാരി :1971- 72), ജോസഫ് ചെരുവില്‍, ചാക്കോ കൂരമറ്റം (അസിസ്റ്റന്‍റ് വികാരി: 1972- 76), ജയിംസ് നങ്ങച്ചിവീട്ടില്‍ (1976- 1980), സെബാസ്റ്റ്യന്‍ ചിറ്റപ്പനാട്ട് (1980- 85), അഗസ്റ്റിന്‍ കാര്യപ്പുറം (1985- 90), മാത്യു പാണ്ടന്മനാല്‍ (1990- 93), ജോസഫ് വാഴപ്പനാടി (1993- 96), സെബാസ്റ്റ്യന്‍ പെരുനിലം (1996- ).

മഠം
കര്‍മലീത്താമഠം 1982 ല്‍ സ്ഥാപിതമായി. നഴ്സറി സ്കൂളും പ്രവര്‍ത്തിച്ചു വരുന്നു. 1981 ല്‍ ചിറ്റപ്പനാട്ട് ബ. സെബാസ്റ്റ്യനച്ചന്‍റെ ശ്രമഫലമായി എല്‍.പി.സ്കൂള്‍ സ്ഥാപിതമായി.

സ്ഥിതിവിവരം
പതിനൊന്നു കുടുംബക്കൂട്ടായ്മ കളിലായി 150 കുടുംബങ്ങളും 730 കത്തോലിക്കരും ഇവിടെയുണ്ട്. വര്‍ഗീസ് കുളമ്പള്ളില്‍, സില്‍വാനോസ് മഠത്തിനകത്ത്, മാര്‍ട്ടിന്‍ ഉപ്പുകുന്നേല്‍ എന്നിവര്‍ ഇടവകയില്‍ നിന്നുള്ള വൈദികന്മാരാണ്. 23 സന്യാസിനികള്‍ വിവിധസ്ഥലങ്ങളില്‍ സേവനമനുഷ്ഠിക്കുന്നു. മൂന്നു വൈദികാര്‍ഥികളും മൂന്നു സന്യാസാര്‍ഥിനികളും പരിശീലനം നടത്തുന്നു.

സ്ഥലവിവരം
കരിമ്പനാല്‍ ശ്രീ തൊമ്മന്‍ പള്ളി സ്ഥാപിക്കുന്നതിനായി 1972 ല്‍ സംഭാവന നല്‍കിയ രണ്ടേക്കര്‍ 50 സെന്‍റും പിന്നീടു തന്ന 50 സെന്‍റും കുമ്പളന്താനത്ത് ശ്രീ തോമസ് ജോസഫ് 1974 ഒക്ടോബര്‍ 30 നു പള്ളിമുറിക്കുവേണ്ടി ദാനമായിത്തന്ന ഒന്‍പതു സെന്‍റും പ്ലാത്തോട്ടത്തില്‍ ശ്രീ തോമസ് 1977 മാര്‍ച്ച് 21 നു ദാനമായിത്തന്ന അഞ്ചു സെന്‍റും 1982 ഓഗസ്റ്റ് 20 നു തീറുവാങ്ങിയ മൂന്നേക്കര്‍ 80 സെന്‍റുംകൂടെ പള്ളിക്ക് ആറേക്കര്‍ 17 സെന്‍റ് സ്ഥലമുണ്ട്. ഇതില്‍ പതിനെട്ടേ മുക്കാല്‍ സെന്‍റ് കൊടുത്തു പുതിയ പള്ളി സ്ഥാപിക്കുവാനായി 1990 ല്‍ ഇരുപത്തഞ്ചേകാല്‍ സെന്‍റ് സ്ഥലം വാങ്ങിയിട്ടുണ്ട്.
ദൈവാലയത്തിന്‍റെ രജതജൂബിലി 1979 നവംബര്‍ 25 ന് ആഘോഷിച്ചു. മിഷന്‍ലീഗ്, യുവദീപ്തി, മാതൃദീപ്തി, സെന്‍റ് വിന്‍സെന്‍റ് ഡി പോള്‍ സഖ്യം എന്നീ സംഘടനകള്‍ പ്രവര്‍ത്തിച്ചുവരുന്നു.