Welcome to 365 Days Bible Reading

1st Year  – 365 Days Bible Reading

Day: 86   (5, August 2026)

അദ്ധ്യായം 15

സാബത്തുവര്‍ഷം

    • 1 : ഓരോ ഏഴുവര്‍ഷം തികയുമ്പോഴും ഋണമോചനം നല്‍കണം.
    • 2 : മോചനത്തിന്റെ രീതി ഇതാണ്: ആരെങ്കിലും അയല്‍ക്കാരനു കടം കൊടുത്തിട്ടുണ്ടെങ്കില്‍, അത് ഇളവുചെയ്യണം. അയല്‍ക്കാരനില്‍ നിന്നോ സഹോദരനില്‍നിന്നോ അത് ഈടാക്കരുത്. എന്തെന്നാല്‍, കര്‍ത്താവിന്റെ മോചനം പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നു.
    • 3 : വിദേശീയരില്‍ നിന്ന് കടം ഈടാക്കിക്കൊള്ളുക. എന്നാല്‍, നിന്റേത് എന്തെങ്കിലും നിന്റെ സഹോദരന്റെ കൈവശമുണ്ടെങ്കില്‍ അത് ഇളവുചെയ്യണം.
    • 4 : നിങ്ങളുടെയിടയില്‍ ദരിദ്രര്‍ ഉണ്ടായിരിക്കുകയില്ല.
    • 5 : എന്തെന്നാല്‍, നിങ്ങളുടെ ദൈവമായ കര്‍ത്താവു നിങ്ങള്‍ക്ക് അവകാശമായിത്തരുന്ന ദേശത്ത് നിങ്ങള്‍ അവിടുത്തെ വാക്കു കേള്‍ക്കുകയും ഞാന്‍ ഇന്നു നല്‍കുന്ന അവിടുത്തെ കല്‍പനകളെല്ലാം ശ്രദ്ധാപൂര്‍വം പാലിക്കുകയും ചെയ്താല്‍, അവിടുന്ന് നിങ്ങളെ സമൃദ്ധമായി അനുഗ്രഹിക്കും.
    • 6 : നിങ്ങളുടെ ദൈവമായ കര്‍ത്താവു തന്റെ വാഗ്ദാനമനുസരിച്ചു നിങ്ങളെ അനുഗ്രഹിക്കും. നിങ്ങള്‍ അനേകം ജനതകള്‍ക്കു കടം കൊടുക്കും. നിങ്ങള്‍ ഒന്നും കടം വാങ്ങുകയില്ല. നിങ്ങള്‍ അനേകം ജനതകളെ ഭരിക്കും; നിങ്ങളെ ആരും ഭരിക്കുകയില്ല.
    • 7 : നിങ്ങളുടെ ദൈവമായ കര്‍ത്താവ് നിങ്ങള്‍ക്കു നല്‍കുന്ന ദേശത്തെ പട്ടണങ്ങളില്‍ ഏതിലെങ്കിലും ഒരു സഹോദരന്‍ ദരിദ്രനായിട്ടുണ്ടെങ്കില്‍, നീ നിന്റെ ഹൃദയം കഠിനമാക്കുകയോ അവനു സഹായം നിരസിക്കുകയോ അരുത്.
    • 8 : അവന് ആവശ്യമുള്ളത് എന്തുതന്നെയായാലും ഉദാരമായി വായ്പ കൊടുക്കണം.
    • 9 : മോചനത്തിന്റെ വര്‍ഷമായ ഏഴാംവര്‍ഷം അടുത്തിരിക്കുന്നുവെന്നു നിന്റെ ദുഷ്ടഹൃദയത്തില്‍ ചിന്തിച്ചു ദരിദ്രനായ സഹോദരനെ നിഷ്‌കരുണം വീക്ഷിക്കുകയും അവന് ഒന്നും കൊടുക്കാതിരിക്കുകയും അരുത്. അവന്‍ നിനക്കെതിരായി കര്‍ത്താവിന്റെ സന്നിധിയില്‍ നിലവിളിക്കുകയും അങ്ങനെ അതു നിനക്കു പാപമായിത്തീരുകയും ചെയ്യാതിരിക്കാന്‍ സൂക്ഷിച്ചുകൊള്ളുക.
    • 10 : നീ അവന് ഉദാരമായി കടംകൊടുക്കണം. അതില്‍ ഖേദിക്കരുത്. നിന്റെ ദൈവമായ കര്‍ത്താവു നീ ചെയ്യുന്ന എല്ലാ ജോലികളിലും നീ ആരംഭിക്കുന്ന എല്ലാ പ്രവൃത്തികളിലും നിന്നെ അനുഗ്രഹിക്കും.
    • 11 : ഭൂമിയില്‍ ദരിദ്രര്‍ എന്നും ഉണ്ടായിരിക്കും. ആകയാല്‍, നിന്റെ നാട്ടില്‍ വസിക്കുന്ന അഗതിയും ദരിദ്രനുമായ നിന്റെ സഹോദരനു വേണ്ടി കൈയയച്ചു കൊടുക്കുക എന്നു ഞാന്‍ നിന്നോടു കല്‍പിക്കുന്നു.

അടിമകള്‍ക്കു മോചനം

    • 12 : നിന്റെ ഹെബ്രായ സഹോദരനോ സഹോദരിയോ നിനക്കു വില്‍ക്കപ്പെടുകയും നിന്നെ ആറു വര്‍ഷം സേവിക്കുകയും ചെയ്താല്‍, ഏഴാം വര്‍ഷം ആ ആള്‍ക്ക് സ്വാതന്ത്ര്യം നല്‍കണം.
    • 13 : സ്വാതന്ത്ര്യം നല്‍കി അയയ്ക്കുമ്പോള്‍ വെറും കൈയോടെ വിടരുത്.
    • 14 : നിന്റെ ആട്ടിന്‍പറ്റത്തില്‍ നിന്നും മെതിക്കളത്തില്‍ നിന്നും മുന്തിരിച്ചക്കില്‍ നിന്നും അവന് ഉദാരമായി നല്‍കണം. നിന്റെ ദൈവമായ കര്‍ത്താവു നിനക്കു നല്‍കിയ ദാനങ്ങള്‍ക്കനുസരിച്ച് നീ അവനു കൊടുക്കണം.
    • 15 : നീ ഒരിക്കല്‍ ഈജിപ്തില്‍ അടിമയായിരുന്നെന്നും നിന്റെ ദൈവമായ കര്‍ത്താവാണു നിന്നെ രക്ഷിച്ചതെന്നും ഓര്‍ക്കണം. അതിനാലാണ് ഇന്നു ഞാന്‍ നിന്നോട് ഇക്കാര്യം കല്‍പിക്കുന്നത്.
    • 16 : എന്നാല്‍, അവന്‍ നിന്നെയും നിന്റെ കുടുംബത്തെയും സ്‌നേഹിക്കുകയും നിന്നോടുകൂടെ താമസിക്കാന്‍ ഇഷ്ടപ്പെടുകയും ചെയ്യുന്നതുകൊണ്ട്, ഞാന്‍ നിന്നെ പിരിഞ്ഞുപോവുകയില്ല എന്നു പറഞ്ഞാല്‍,
    • 17 : അവനെ ഭവനവാതില്‍ക്കല്‍ കൊണ്ടുവന്ന് ഒരു തോല്‍സൂചികൊണ്ട് നീ അവന്റെ കാതു തുളയ്ക്കണം; അവന്‍ എന്നും നിന്റെ ദാസനായിരിക്കും. നിന്റെ ദാസിയോടും അപ്രകാരം ചെയ്യുക.
    • 18 : അവനെ സ്വതന്ത്രനാക്കുമ്പോള്‍ നിനക്കു ഖേദം തോന്നരുത്. ഒരു കൂലിക്കാരന് കൊടുക്കേണ്ടതിന്റെ പകുതിച്ചെലവിന് അവന്‍ ആറു വര്‍ഷം നിനക്കുവേണ്ടി ജോലി ചെയ്തു. നിന്റെ ദൈവമായ കര്‍ത്താവു നിന്റെ എല്ലാ പ്രവൃത്തികളിലും നിന്നെ അനുഗ്രഹിക്കും.

കടിഞ്ഞൂലുകള്‍

  • 19 : നിന്റെ ആടുമാടുകളില്‍ ആണ്‍കടിഞ്ഞൂലുകളെയെല്ലാം നിന്റെ ദൈവമായ കര്‍ത്താവിനു സമര്‍പ്പിക്കണം. കടിഞ്ഞൂല്‍ക്കാളയെക്കൊണ്ടു പണി എടുപ്പിക്കരുത്; കടിഞ്ഞൂലാടിന്റെ രോമം കത്രിക്കുകയും അരുത്.
  • 20 : നിന്റെ ദൈവമായ കര്‍ത്താവു തിരഞ്ഞെടുക്കുന്ന സ്ഥലത്തുവച്ച് അവിടുത്തെ സന്നിധിയില്‍ വര്‍ഷം തോറും നീയും നിന്റെ കുടുംബവും അവയെ ഭക്ഷിക്കണം.
  • 21 : അവയ്ക്ക് മുടന്തോ അന്ധതയോ മറ്റെന്തെങ്കിലും ന്യൂനതയോ ഉണ്ടെങ്കില്‍ നിന്റെ ദൈവമായ കര്‍ത്താവിന് അവയെ ബലികഴിക്കരുത്.
  • 22 : നിന്റെ പട്ടണത്തില്‍ വച്ചുതന്നെ അതിനെ ഭക്ഷിച്ചുകൊള്ളുക. ഒരു കലമാനിനെയോ പുള്ളിമാനിനെയോ എന്നതുപോലെ, ശുദ്ധനും അശുദ്ധനും ഒന്നുപോലെ, അതു ഭക്ഷിക്കാം.
  • 23 : എന്നാല്‍, രക്തം ഭക്ഷിക്കരുത്. അതു ജലം പോലെ നിലത്തൊഴിച്ചു കളയണം.
  • അദ്ധ്യായം 16

പെസഹാത്തിരുനാള്‍

      • 1 : അബീബുമാസം ആചരിക്കുകയും നിന്റെ ദൈവമായ കര്‍ത്താവിന്റെ പെസഹാ ആഘോഷിക്കുകയും ചെയ്യുക; അബീബു മാസത്തിലാണ് നിന്റെ ദൈവമായ കര്‍ത്താവു രാത്രിയില്‍ നിന്നെ ഈജിപ്തില്‍നിന്നു പുറത്തേക്കു നയിച്ചത്.
      • 2 : നിന്റെ ദൈവമായ കര്‍ത്താവ് തന്റെ നാമം സ്ഥാപിക്കാന്‍വേണ്ടി തിരഞ്ഞെടുക്കുന്ന സ്ഥലത്ത് ആടുമാടുകളില്‍നിന്ന് അവിടുത്തേക്ക് പെസഹാബലി അര്‍പ്പിക്കണം.
      • 3 : അവയോടുകൂടെ പുളിപ്പുള്ള അപ്പം ഭക്ഷിക്കരുത്. ഏഴു ദിവസം യാതനയുടെ അപ്പമായ പുളിപ്പില്ലാത്ത അപ്പം നീ ഭക്ഷിക്കണം. നീ ഈജിപ്തില്‍നിന്നു പുറത്തുകടന്ന ദിവസത്തെപ്പറ്റി ജീവിതകാലം മുഴുവന്‍ ഓര്‍മിക്കുന്നതിനു വേണ്ടിയാണിത്. തിടുക്കത്തിലാണല്ലോ ഈജിപ്തില്‍ നിന്നു നീ പുറപ്പെട്ടത്.
      • 4 : ഏഴു ദിവസത്തേക്കു നിന്റെ അതിര്‍ത്തിക്കുള്ളില്‍ പുളിമാവ് കാണരുത്. പ്രഥമദിവസം സായാഹ്‌നത്തില്‍ അര്‍പ്പിക്കുന്ന ബലിയുടെ മാംസത്തില്‍ അല്‍പം പോലും പ്രഭാതം വരെ അവശേഷിക്കുകയുമരുത്.
      • 5 : നിന്റെ ദൈവമായ കര്‍ത്താവു നിനക്കു തരുന്ന പട്ടണങ്ങളില്‍ ഏതിലെങ്കിലും വച്ച് പെസഹാബലി അര്‍പ്പിച്ചാല്‍പ്പോരാ;
      • 6 : നിന്റെ ദൈവമായ കര്‍ത്താവു തന്റെ നാമം സ്ഥാപിക്കുന്നതിനുവേണ്ടി തിരഞ്ഞെടുത്ത സ്ഥലത്തുവച്ച്, സൂര്യാസ്തമയസമയത്ത്, അതായത്, നിങ്ങള്‍ ഈജിപ്തില്‍നിന്ന് പുറപ്പെട്ട സമയത്ത്, പെസഹാബലി അര്‍പ്പിക്കണം.
      • 7 : നിന്റെ ദൈവമായ കര്‍ത്താവു തിരഞ്ഞെടുക്കുന്ന സ്ഥലത്തുവച്ച് അതു വേവിച്ചു ഭക്ഷിച്ചതിനു ശേഷം രാവിലെ എഴുന്നേറ്റു കൂടാരത്തിലേക്കു മടങ്ങണം.
      • 8 : ആറുദിവസം പുളിപ്പില്ലാത്ത അപ്പം ഭക്ഷിക്കണം. ഏഴാം ദിവസം നിന്റെ ദൈവമായ കര്‍ത്താവിനു വേണ്ടി നിങ്ങള്‍ ആഘോഷപൂര്‍വം ഒരുമിച്ചു കൂടണം.
      • 9 : അന്നു ജോലിയൊന്നും ചെയ്യരുത്.

ആഴ്ചകളുടെ തിരുനാള്‍

      • 10 : ഏഴാഴ്ചകള്‍ എണ്ണുക. കൊയ്ത്തു തുടങ്ങിയ ദിവസം മുതലാണ് ആഴ്ചകള്‍ എണ്ണേണ്ടത്. അനന്തരം, നിന്റെ ദൈവമായ കര്‍ത്താവു നിനക്കു നല്‍കുന്ന അനുഗ്രഹങ്ങള്‍ക്കൊത്ത വിധം സ്വാഭീഷ്ടക്കാഴ്ചകള്‍ സമര്‍പ്പിച്ചുകൊണ്ട് അവിടുത്തേക്കു ആഴ്ചകളുടെ തിരുനാള്‍ കൊണ്ടാടുക.
      • 11 : നിന്റെ ദൈവമായ കര്‍ത്താവ് തന്റെ നാമം സ്ഥാപിക്കുന്നതിനു വേണ്ടി തിരഞ്ഞെടുക്കുന്ന സ്ഥലത്തുവച്ചു നീയും നിന്റെ മകനും മകളും ദാസനും ദാസിയും നിന്റെ പട്ടണത്തിലുള്ള ലേവ്യനും നിന്റെ ഇടയിലുള്ള പരദേശിയും അനാഥനും വിധവയും അവിടുത്തെ മുന്‍പില്‍ സന്തോഷിക്കണം.
      • 12 : ഈജിപ്തില്‍ നീ അടിമയായിരുന്നെന്ന് ഓര്‍മിക്കുക; ഈ കല്‍പനകളെല്ലാം ശ്രദ്ധാപൂര്‍വം അനുസരിക്കണം.

കൂടാരത്തിരുനാള്‍

      • 13 : ധാന്യവും വീഞ്ഞും ശേഖരിച്ചുകഴിയുമ്പോള്‍ ഏഴുദിവസത്തേക്ക് കൂടാരത്തിരുനാള്‍ ആചരിക്കണം.
      • 14 : ഈ തിരുനാളില്‍ നീയും നിന്റെ മകനും മകളും ദാസനും ദാസിയും നിന്റെ പട്ടണത്തിലുള്ള ലേവ്യനും പരദേശിയും അനാഥനും വിധവയും സന്തോഷിക്കണം.
      • 15 : നിന്റെ ദൈവമായ കര്‍ത്താവ് തിരഞ്ഞെടുക്കുന്ന സ്ഥലത്ത് അവിടുത്തേക്ക് ഏഴുദിവസം തിരുനാള്‍ ആഘോഷിക്കണം. നിന്റെ എല്ലാ വിളവുകളും പ്രയത്‌നങ്ങളും നിന്റെ ദൈവമായ കര്‍ത്താവ് അനുഗ്രഹിക്കും; നീ സന്തോഷപൂരിതനാവുകയും ചെയ്യും.
      • 16 : ആണ്ടില്‍ മൂന്നു പ്രാവശ്യം, പുളിപ്പില്ലാത്ത അപ്പത്തിന്റെ തിരുനാളിലും ആഴ്ചകളുടെ തിരുനാളിലും കൂടാരത്തിരുനാളിലും നിന്റെ ദൈവമായ കര്‍ത്താവ് തിരഞ്ഞെടുക്കുന്ന സ്ഥലത്ത് പുരുഷന്‍മാരെല്ലാവരും സമ്മേളിക്കണം. അവര്‍ കര്‍ത്താവിന്റെ മുന്‍പില്‍ വെറും കൈയോടെ വരരുത്.
      • 17 : നിന്റെ ദൈവമായ കര്‍ത്താവു നിങ്ങള്‍ക്കു നല്‍കിയിരിക്കുന്ന അനുഗ്രഹങ്ങള്‍ക്കൊത്ത വിധം ഓരോരുത്തരും കഴിവനുസരിച്ചു കാഴ്ചകള്‍ സമര്‍പ്പിക്കണം.

നീതിപാലനം

    • 18 : നിന്റെ ദൈവമായ കര്‍ത്താവു നല്‍കുന്ന പട്ടണങ്ങളില്‍ ഗോത്രം തോറും ന്യായാധിപന്‍ മാരെയും സ്ഥാനികളെയും നിയമിക്കണം. അവര്‍ ജനങ്ങള്‍ക്ക് നിഷ്പക്ഷമായി നീതി നടത്തിക്കൊടുക്കട്ടെ.
    • 19 : നിന്റെ വിധികള്‍ നീതിവിരുദ്ധമായിരിക്കരുത്. നീ പക്ഷപാതം കാട്ടുകയോ കൈക്കൂലി വാങ്ങുകയോ അരുത്. എന്തെന്നാല്‍, കൈക്കൂലി ജ്ഞാനിയെ അന്ധനാക്കുകയും നീതി നിഷേധിക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്യുന്നു.
    • 20 : നീ ജീവിച്ചിരിക്കുന്നതിനും നിന്റെ ദൈവമായ കര്‍ത്താവു തരുന്ന രാജ്യം കൈവശമാക്കുന്നതിനും വേണ്ടി നീതിമാത്രം പ്രവര്‍ത്തിക്കുക.
    • 21 : നിന്റെ ദൈവമായ കര്‍ത്താവിനു നീ ഉണ്ടാക്കുന്ന ബലിപീഠത്തിനരികേ അഷേരാദേവതയുടെ പ്രതീകമായി ഒരു വൃക്ഷവും നട്ടു പിടിപ്പിക്കരുത്.
    • 22 : നിന്റെ ദൈവമായ കര്‍ത്താവ് വെറുക്കുന്ന സ്തംഭവും നീ സ്ഥാപിക്കരുത്.

അദ്ധ്യായം 9

മര്‍ദിതന്റെ പ്രത്യാശ

  • 1 : പൂര്‍ണഹൃദയത്തോടെ ഞാന്‍ കര്‍ത്താവിനു നന്ദിപറയും; അവിടുത്തെ അദ്ഭുത പ്രവൃത്തികള്‍ ഞാന്‍ വിവരിക്കും.
  • 2 : ഞാന്‍ അങ്ങയില്‍ ആഹ്‌ളാദിച്ചുല്ലസിക്കും; അത്യുന്നതനായവനേ, അങ്ങയുടെ നാമത്തിനു ഞാന്‍ സ്‌തോത്രമാലപിക്കും.
  • 3 : എന്തെന്നാല്‍, എന്റെ എതിരാളികള്‍ പിന്‍തിരിഞ്ഞോടിയപ്പോള്‍ കാലിടറി വീഴുകയും അങ്ങയുടെ മുന്‍പില്‍ നാശമടയുകയും ചെയ്തു.
  • 4 : അങ്ങ് എനിക്കു നീതി നടത്തിത്തന്നിരിക്കുന്നു; അങ്ങു ന്യായാസനത്തിലിരുന്നു നീതിപൂര്‍വകമായ വിധി പ്രസ്താവിച്ചു.
  • 5 : അവിടുന്നു ജനതകളെ ശകാരിച്ചു; അവിടുന്നു ദുഷ്ടരെ നശിപ്പിച്ചു; അവരുടെ നാമം എന്നേക്കുമായി മായിച്ചുകളഞ്ഞു.
  • 6 : ശത്രു നാശക്കൂമ്പാരത്തില്‍ അപ്രത്യക്ഷമായിരിക്കുന്നു; അവരുടെ നഗരങ്ങളെ അങ്ങ് ഉന്‍മൂലനം ചെയ്തു; അവരുടെ സ്മരണപോലും മാഞ്ഞുപോയിരിക്കുന്നു.
  • 7 : എന്നാല്‍ ‍, കര്‍ത്താവ് എന്നേക്കുമായി സിംഹാസനസ്ഥനായിരിക്കുന്നു; ന്യായവിധിക്കാണ് അവിടുന്നു സിംഹാസനം സ്ഥാപിച്ചിരിക്കുന്നത്.
  • 8 : അവിടുന്നു ലോകത്തെ നീതിയോടെ വിധിക്കുന്നു; അവിടുന്നു ജനതകളെ നിഷ്പക്ഷമായി വിധിക്കുന്നു.
  • 9 : കര്‍ത്താവു മര്‍ദിതരുടെ ശക്തിദുര്‍ഗമാണ്; കഷ്ടകാലത്ത് അവരുടെ അഭയസ്ഥാനവും.
  • 10 : അങ്ങയുടെ നാമമറിയുന്നവര്‍ അങ്ങില്‍ വിശ്വാസമര്‍പ്പിക്കുന്നു; കര്‍ത്താവേ, അങ്ങയെ അന്വേഷിച്ചവരെ അങ്ങ് ഉപേക്ഷിച്ചിട്ടില്ല.
  • 11 : സീയോനില്‍ വസിക്കുന്ന കര്‍ത്താവിനു സ്‌തോത്രം ആലപിക്കുവിന്‍; അവിടുത്തെ പ്രവൃത്തികളെ ജനതകളുടെ ഇടയില്‍ പ്രഘോഷിക്കുവിന്‍;
  • 12 : എന്തെന്നാല്‍ ‍, രക്തത്തിനു പ്രതികാരം ചെയ്യുന്ന അവിടുന്ന് അവരെ ഓര്‍മിക്കും. പീഡിതരുടെ നിലവിളി അവിടുന്നു മറക്കുന്നില്ല.
  • 13 : കര്‍ത്താവേ! എന്നോടു കരുണ കാണിക്കണമേ! മരണകവാടത്തില്‍ നിന്ന് എന്നെ ഉദ്ധരിക്കുന്നവനേ, വൈരികള്‍മൂലം ഞാന്‍ സഹിക്കുന്ന പീഡകള്‍ കാണണമേ!
  • 14 : അങ്ങനെ ഞാന്‍ അവിടുത്തെ സ്തുതികള്‍ ആലപിക്കട്ടെ! അങ്ങു നല്‍കിയ വിമോചനമോര്‍ത്തു സീയോന്‍പുത്രിയുടെ കവാടങ്ങളില്‍ ഞാന്‍ സന്തോഷിക്കട്ടെ!
  • 15 : തങ്ങള്‍ കുഴിച്ച കുഴിയില്‍ത്തന്നെ ജനതകള്‍ വീണടിഞ്ഞു; തങ്ങള്‍ ഒരുക്കിയ കെണിയില്‍ അവരുടെ തന്നെ പാദങ്ങള്‍ കുരുങ്ങി.
  • 16 : കര്‍ത്താവു തന്നെത്തന്നെ വെളിപ്പെടുത്തി, അവിടുന്നു ന്യായവിധി നടത്തി, ദുഷ്ടര്‍ സ്വന്തം കരവേലകളില്‍ കുടുങ്ങി.
  • 17 : ദുഷ്ടര്‍ പാതാളത്തില്‍ പതിക്കട്ടെ! ദൈവത്തെ മറക്കുന്ന സകല ജനതകളും തന്നെ.
  • 18 : ദരിദ്രര്‍ എന്നേക്കും വിസ്മരിക്കപ്പെടുകയില്ല; പാവങ്ങളുടെ പ്രത്യാശ എന്നേക്കുമായി അസ്തമിക്കുകയില്ല.
  • 19 : കര്‍ത്താവേ, എഴുന്നേല്‍ക്കണമേ! മനുഷ്യന്‍ അഹങ്കരിക്കാതിരിക്കട്ടെ! ജനതകള്‍ അങ്ങയുടെ സന്നിധിയില്‍ വിധിക്കപ്പെടട്ടെ!
  • 20 : കര്‍ത്താവേ, അവരെ ഭയാധീനരാക്കണമേ! തങ്ങള്‍ വെറും മര്‍ത്യരാണെന്നു ജനതകള്‍ മനസ്‌സിലാക്കട്ടെ!
X