Welcome to 365 Days Bible Reading

1st Year  – 365 Days Bible Reading

Day: 30   (10, June 2026)

  • അദ്ധ്യായം 5

ഫറവോയുടെ പ്രതികരണം

    • 1 : മോശയും അഹറോനും ഫറവോയുടെ മുന്‍പില്‍ച്ചെന്നു പറഞ്ഞു: ഇസ്രായേലിന്റെ ദൈവമായ കര്‍ത്താവു കല്‍പിക്കുന്നു: മരുഭൂമിയില്‍വന്ന് എന്റെ ബഹുമാനാര്‍ഥം പൂജാമഹോത്‌സവം ആഘോഷിക്കാന്‍ എന്റെ ജനത്തെ വിട്ടയയ്ക്കുക.
    • 2 : അപ്പോള്‍, ഫറവോ ചോദിച്ചു: ആരാണീ കര്‍ത്താവ്? അവന്റെ വാക്കുകേട്ടു ഞാന്‍ എന്തിന് ഇസ്രായേല്‍ക്കാരെ വിട്ടയയ്ക്കണം? ഞാന്‍ കര്‍ത്താവിനെ അറിയുന്നില്ല, ഇസ്രായേല്‍ക്കാരെ വിട്ടയയ്ക്കുകയുമില്ല.
    • 3 : അപ്പോള്‍, അവര്‍ പറഞ്ഞു: ഹെബ്രായരുടെ ദൈവം ഞങ്ങളെ സന്ദര്‍ശിച്ചിരിക്കുന്നു. ആകയാല്‍, മൂന്നു ദിവസത്തെയാത്രചെയ്ത് മരുഭൂമിയില്‍ച്ചെന്നു ഞങ്ങളുടെ ദൈവമായ കര്‍ത്താവിനു ബലിയര്‍പ്പിക്കാന്‍ ഞങ്ങളെ അനുവദിക്കുക. അല്ലാത്തപക്ഷം, അവിടുന്നു മഹാമാരികൊണ്ടോ വാള്‍കൊണ്ടോ ഞങ്ങളെ ശിക്ഷിക്കും.
    • 4 : അപ്പോള്‍ ഈജിപ്തുരാജാവ് അവരോടു പറഞ്ഞു: മോശേ, അഹറോനേ, നിങ്ങള്‍ ജനത്തിന്റെ ജോലിക്കു മുടക്കം വരുത്തുന്നതെന്തിന്? പോയി നിങ്ങളുടെ കാര്യം നോക്കുവിന്‍.
    • 5 : അവന്‍ തുടര്‍ന്നു: നാട്ടില്‍ നിങ്ങളുടെ ജനം ഏറെയുണ്ട്. അവരുടെ ജോലിക്കു നിങ്ങള്‍ മുടക്കം വരുത്തുകയോ?
    • 6 : ഫറവോ അന്നുതന്നെ ജനത്തിന്റെ മേല്‍നോട്ടക്കാരോടും അവരുടെ മേലധികാരികളോടും കല്‍പിച്ചു:
    • 7 : ഇഷ്ടികയുണ്ടാക്കാന്‍ വേണ്ട വയ്‌ക്കോല്‍ മുന്‍പെന്നപോലെ ഇനി ജനത്തിന് എത്തിച്ചുകൊടുക്കേണ്ടാ; അവര്‍തന്നെ പോയി ആവശ്യമുള്ള വയ്‌ക്കോല്‍ ശേഖരിക്കട്ടെ.
    • 8 : എന്നാല്‍ ഇതുവരെ ഉണ്ടാക്കിയിരുന്നത്ര ഇഷ്ടികയുണ്ടാക്കാന്‍ അവരെ നിര്‍ബന്ധിക്കുകയും വേണം. അതില്‍ കുറവുവരരുത്. അവര്‍ അലസരാണ്. അതുകൊണ്ടാണ്, ഞങ്ങളുടെ ദൈവത്തിന് ബലിയര്‍പ്പിക്കാന്‍ ഞങ്ങള്‍ പോകട്ടെ എന്ന് അവര്‍ മുറവിളി കൂട്ടുന്നത്.
    • 9 : അവരെക്കൊണ്ട് കൂടുതല്‍ ജോലി ചെയ്യിക്കുക. അങ്ങനെ അവര്‍ അധ്വാനിക്കുകയും വ്യാജ വാക്കുകളില്‍ ശ്രദ്ധിക്കാതിരിക്കുകയും ചെയ്യട്ടെ.
    • 10 : മേല്‍നോട്ടക്കാരും മേസ്തിരികളും ചെന്ന് ജനത്തോടു പറഞ്ഞു: ഇനി നിങ്ങള്‍ക്കു വയ്‌ക്കോല്‍ തരുകയില്ല എന്നു ഫറവോ പറയുന്നു.
    • 11 : നിങ്ങള്‍തന്നെ പോയി കിട്ടാവുന്നിടത്തുനിന്നെല്ലാം വയ്‌ക്കോല്‍ ശേഖരിക്കുവിന്‍. എന്നാല്‍, പണിയില്‍യാതൊരു കുറവും വരരുത്.
    • 12 : ജനം വയ്‌ക്കോല്‍ശേഖരിക്കുന്നതിന് ഈജിപ്തിന്റെ നാനാഭാഗങ്ങളിലേക്കും പോയി.
    • 13 : മേല്‍നോട്ടക്കാര്‍ കര്‍ശനമായി നിര്‍ദേശിച്ചു: ദിവസംതോറുമുള്ള വേല, വയ്‌ക്കോല്‍ തന്നിരുന്നപ്പോള്‍ എന്നപോലെ ചെയ്തു തീര്‍ക്കുവിന്‍.
    • 14 : ഫറവോയുടെ ഉദ്യോഗസ്ഥന്‍മാര്‍ ജോലിയുടെമേല്‍നോട്ടത്തിനു നിയമിച്ചിരുന്ന ഇസ്രായേല്‍ക്കാരെ പ്രഹരിച്ചുകൊണ്ടു ചോദിച്ചു: നിങ്ങള്‍ ഇതുവരെ ഉണ്ടാക്കിക്കൊണ്ടിരുന്നത്ര ഇഷ്ടികകള്‍ ഇന്നലെയും ഇന്നും ഉണ്ടാക്കാഞ്ഞതെന്ത്?
    • 15 : ഇസ്രായേല്‍ക്കാരായ മേല്‍നോട്ടക്കാര്‍ ഫറവോയെ സമീപിച്ച് ഇങ്ങനെ പരാതിപ്പെട്ടു: അങ്ങയുടെ ദാസന്‍മാരോട് എന്താണ് ഇപ്രകാരം പെരുമാറുന്നത്?
    • 16 : അങ്ങയുടെ ദാസന്‍മാര്‍ക്ക് അവര്‍ വയ്‌ക്കോല്‍ തരുന്നില്ല; എങ്കിലും ഇഷ്ടികയുണ്ടാക്കുവിന്‍ എന്ന് അവര്‍ കല്‍പിക്കുന്നു; അങ്ങയുടെ ദാസന്‍മാരെ പ്രഹരിക്കുന്നു. എന്നാല്‍, കുറ്റം അങ്ങയുടെ ജനത്തിന്റേതാണ്.
    • 17 : ഫറവോ മറുപടി പറഞ്ഞു: നിങ്ങള്‍ അലസരാണ്. അതുകൊണ്ടാണു കര്‍ത്താവിനു ബലിയര്‍പ്പിക്കാന്‍ ഞങ്ങള്‍ പോകട്ടെ എന്നു നിങ്ങള്‍ പറഞ്ഞുകൊണ്ടിരിക്കുന്നത്.
    • 18 : പോയി ജോലി ചെയ്യുവിന്‍, നിങ്ങള്‍ക്കു വയ്‌ക്കോല്‍ തരുകയില്ല. എന്നാല്‍, ഇഷ്ടികയുടെ എണ്ണം കുറയുകയുമരുത്.
    • 19 : അനുദിനം ഉണ്ടാക്കുന്ന ഇഷ്ടികയുടെ എണ്ണത്തില്‍ കുറവു വരാന്‍ പാടില്ലെന്നു കേട്ടപ്പോള്‍ ഇസ്രായേല്‍ക്കാരായ മേലാളന്‍മാര്‍ ധര്‍മസങ്കടത്തിലായി.
    • 20 : ഫറവോയുടെ അടുക്കല്‍നിന്നു മടങ്ങിയെത്തുമ്പോള്‍ മോശയും അഹറോനും തങ്ങളെ കാത്തുനില്‍ക്കുന്നത് അവര്‍ കണ്ടു.
    • 21 : അവര്‍ മോശയോടും അഹറോനോടും പറഞ്ഞു: കര്‍ത്താവു നിങ്ങളുടെ പ്രവൃത്തി കണ്ടു നിങ്ങളെ വിധിക്കട്ടെ. ഫറവോയുടെയും അവന്റെ സേവകരുടെയും മുന്‍പില്‍ നിങ്ങള്‍ ഞങ്ങളെ അവജ്ഞാപാത്രങ്ങളാക്കി. ഞങ്ങളെ വധിക്കാന്‍ നിങ്ങള്‍ അവരുടെ കൈയില്‍ വാള്‍ കൊടുത്തിരിക്കുന്നു.
    • 22 : അപ്പോള്‍ മോശ കര്‍ത്താവിനോടു പറഞ്ഞു: കര്‍ത്താവേ, അങ്ങ് എന്തിനാണ് ഈ ജനത്തോട് ഇത്ര ക്രൂരമായി പെരുമാറുന്നത്? എന്തിനാണ് അങ്ങ് എന്നെ ഇങ്ങോട്ടയച്ചത്?
    • 23 : ഞാന്‍ അങ്ങയുടെ നാമത്തില്‍ ഫറവോയോടു സംസാരിക്കാന്‍ വന്നതുമുതല്‍ അവന്‍ ഈ ജനത്തെ കഷ്ടപ്പെടുത്തുകയാണ്; അങ്ങ് അങ്ങയുടെ ജനത്തെ മോചിപ്പിക്കുന്നുമില്ല.

അദ്ധ്യായം 6

മോശയെ ധൈര്യപ്പെടുത്തുന്നു

    • 1 : കര്‍ത്താവു മോശയോടു പറഞ്ഞു: ഞാന്‍ ഫറവോയോട് എന്തുചെയ്യുമെന്നു നീ ഉടനെ കാണും. ശക്തമായ കരത്താല്‍ നിര്‍ബന്ധിതനായി അവന്‍ അവരെ വിട്ടയയ്ക്കും. അവരെ പുറന്തള്ളാതിരിക്കാന്‍ വയ്യാത്തനില അവനു വന്നുകൂടും.
    • 2 : അവിടുന്നു തുടര്‍ന്നു: ഞാന്‍ കര്‍ത്താവാണ്.
    • 3 : അബ്രാഹത്തിനും ഇസഹാക്കിനും യാക്കോബിനും സര്‍വശക്തനായ ദൈവമായി ഞാന്‍ പ്രത്യക്ഷപ്പെട്ടു; എന്നാല്‍ കര്‍ത്താവ് എന്ന നാമത്താല്‍ ഞാന്‍ എന്നെ അവര്‍ക്കു വെളിപ്പെടുത്തിയില്ല.
    • 4 : എങ്കിലും അവര്‍ പരദേശികളായിപ്പാര്‍ത്തിരുന്ന കാനാന്‍ദേശം അവര്‍ക്കു നല്‍കുമെന്ന് അവരുമായി ഞാന്‍ ഉടമ്പടി ചെയ്തിരുന്നു.
    • 5 : ഈജിപ്തുകാര്‍ അടിമകളാക്കിയിരിക്കുന്ന ഇസ്രായേല്‍ മക്കളുടെ ദീനരോദനം ഞാന്‍ കേട്ടു. എന്റെ ഉടമ്പടി ഞാന്‍ ഓര്‍മിക്കുകയുംചെയ്തു.
    • 6 : ആകയാല്‍, ഇസ്രായേല്‍മക്കളോടു പറയുക: ഞാന്‍ കര്‍ത്താവാണ്. ഈജിപ്തുകാര്‍ ചുമത്തിയ ഭാരം നീക്കി നിങ്ങളെ ഞാന്‍ മോചിപ്പിക്കും. നിങ്ങളുടെ അടിമത്തത്തില്‍ നിന്നു നിങ്ങളെ സ്വതന്ത്രരാക്കും. കൈയുയര്‍ത്തി അവരെ കഠിനമായി ശിക്ഷിച്ച്, നിങ്ങളെ വീണ്ടെടുക്കും.
    • 7 : ഞാന്‍ നിങ്ങളെ എന്റെ ജനമായി സ്വീകരിക്കും; നിങ്ങളുടെ ദൈവമായിരിക്കുകയും ചെയ്യും. ഈജിപ്തുകാരുടെ ദാസ്യത്തില്‍നിന്ന് നിങ്ങളെ മോചിപ്പിച്ച ഞാനാണു നിങ്ങളുടെ ദൈവമായ കര്‍ത്താവ് എന്നു നിങ്ങള്‍ അറിയും.
    • 8 : അബ്രാഹത്തിനും ഇസഹാക്കിനും യാക്കോബിനും വാഗ്ദാനം ചെയ്ത ദേശത്തേക്കു നിങ്ങളെ ഞാന്‍ നയിക്കും; അതു നിങ്ങള്‍ക്ക് അവകാശമായിത്തരുകയും ചെയ്യും.
    • 9 : ഞാന്‍ കര്‍ത്താവാണ്. ഇസ്രായേല്‍മക്കളോടു മോശ ഇപ്രകാരം പറഞ്ഞെങ്കിലും അവരുടെ മനോവ്യഥയും ക്രൂരമായ അടിമത്തവും നിമിത്തം അവര്‍ അവന്റെ വാക്കുകള്‍ ശ്രദ്ധിച്ചില്ല.
    • 10 : കര്‍ത്താവു മോശയോടു കല്‍പിച്ചു:
    • 11 : നീ പോയി ഈജിപ്തിലെ രാജാവായ ഫറവോയോട് ഇസ്രായേല്‍മക്കളെ വിട്ടയയ്ക്കാന്‍ പറയുക.
    • 12 : മോശ കര്‍ത്താവിനോടു പറഞ്ഞു: ഇസ്രായേല്‍ മക്കള്‍ പോലും ഞാന്‍ പറയുന്നതു കേള്‍ക്കുന്നില്ല. പിന്നെ ഫറവോ കേള്‍ക്കുമോ? പോരെങ്കില്‍ ഞാന്‍ സംസാരിക്കാന്‍ കഴിവില്ലാത്തവനുമാണ്.
    • 13 : കര്‍ത്താവു മോശയോടും അഹറോനോടും കല്‍പിച്ചു: ഇസ്രായേല്‍ക്കാരെ ഈജിപ്തില്‍നിന്നു മോചിപ്പിക്കാന്‍ ഞാന്‍ നിങ്ങളെ നിയോഗിച്ചിരിക്കുന്നുവെന്ന് ഇസ്രായേല്‍ മക്കളോടും ഈജിപ്തുരാജാവായ ഫറവോയോടും പറയുക.

വംശാവലി

  • 14 : മോശയുടെയും അഹറോന്റെയും പിതൃഗോത്രങ്ങളുടെ തലവന്‍മാര്‍ ഇവരാകുന്നു: ഇസ്രായേലിന്റെ ആദ്യജാതനായ റൂബന്റെ പുത്രന്‍മാര്‍: ഹനോക്ക്, പല്ലു, ഹെസ്രോന്‍, കര്‍മി ഇവരാകുന്നു റൂബന്‍ ഗോത്രത്തിലെ തലവന്‍മാര്‍.
  • 15 : ശിമയോന്റെ പുത്രന്‍മാര്‍: യെമുവേല്‍, യാമീന്‍, ഓഹദ്, യാക്കീന്‍, സോഹാര്‍, കാനാന്‍കാരിയില്‍നിന്നുള്ള ഷാവൂല്‍. ഇവരാകുന്നു ശിമയോന്റെ ഗോത്രത്തിലെ കുലത്തലവന്‍മാര്‍.
  • 16 : കുലങ്ങളനുസരിച്ചു ലേവിയുടെ പുത്രന്‍മാരുടെ പേരുകള്‍: ഗര്‍ഷോന്‍, കൊഹാത്ത്, മെറാറി. ലേവിയുടെ ജീവിതകാലം നൂറ്റിമുപ്പത്തേഴു വര്‍ഷമായിരുന്നു.
  • 17 : ഗര്‍ഷോന്റെ പുത്രന്‍മാര്‍: ലിബ്‌നി, ഷിമെയി എന്നിവരും അവരുടെ കുടുംബങ്ങളും. കൊഹാത്തിന്റെ പുത്രന്‍മാര്‍: അമ്രാം, ഇസ്ഹാര്‍, ഹെബ്രോണ്‍, ഉസ്സിയേല്‍.
  • 18 : കൊഹാത്തിന്റെ ജീവിതകാലം നൂറ്റിമുപ്പത്തിമൂന്നു വര്‍ഷമായിരുന്നു.
  • 19 : മെറാറിയുടെ പുത്രന്‍മാര്‍: മഹ്‌ലി, മൂഷി. തലമുറയനുസരിച്ചു ലേവിയുടെ കുടുംബങ്ങള്‍ ഇവയാണ്.
  • 20 : അമ്രാം തന്റെ പിതൃസഹോദരിയായ യോക്കെബെദിനെ ഭാര്യയായി സ്വീകരിക്കുകയും അവളില്‍ അവനു അഹറോന്‍, മോശ എന്നിവര്‍ ജനിക്കുകയും ചെയ്തു. അമ്രാമിന്റെ ജീവിതകാലം നൂറ്റിമുപ്പത്തേഴു വര്‍ഷമായിരുന്നു. ഇസ്ഹാറിന്റെ പുത്രന്‍മാര്‍: കോറഹ്, നെഫെഗ്, സിക്രി.
  • 21 : ഉസ്സിയേലിന്റെ പുത്രന്‍മാര്‍:
  • 22 : മിഷായേല്‍, എല്‍സാഫാന്‍, സിത്രി.
  • 23 : അഹറോന്‍, അമ്മീനാദാബിന്റെ മകളും നഹ്‌ഷോന്റെ സഹോദരിയുമായ എലിഷേബായെ ഭാര്യയായി സ്വീകരിക്കുകയും അവളില്‍ അവന് നാദാബ്, അബീഹു, എലെയാസര്‍, ഇത്താമാര്‍ എന്നീ പുത്രന്‍മാര്‍ ജനിക്കുകയുംചെയ്തു.
  • 24 : കോറഹിന്റെ പുത്രന്‍മാര്‍: അസ്സീര്‍, എല്‍ക്കാനാ, അബിയാസാഫ്. ഇവരാണു കോറഹ് വംശജര്‍.
  • 25 : അഹറോന്റെ പുത്രനായ എലെയാസര്‍ പുത്തിയേലിന്റെ പുത്രിയെ ഭാര്യയായി സ്വീകരിക്കുകയും അവളില്‍ അവന് ഫിനെഹാസ് എന്ന പുത്രന്‍ ജനിക്കുകയും ചെയ്തു. ഇവരാണ് ലേവി ഗോത്രത്തിലെ കുലത്തലവന്‍മാര്‍.
  • 26 : ഈജിപ്തു രാജ്യത്തുനിന്ന് ഇസ്രായേല്‍ക്കാരെ സംഘം സംഘമായി പുറത്തുകൊണ്ടുവരുകയെന്ന് കര്‍ത്താവു കല്‍പിച്ചത് ഈ അഹറോനോടും മോശയോടുമാണ്.
  • 27 : ഇസ്രായേല്‍ക്കാരെ ഈജിപ്തില്‍ നിന്നു പുറത്തുകൊണ്ടുവരാന്‍വേണ്ടി ഈജിപ്തിലെ രാജാവായ ഫറവോയോടു സംസാരിച്ചത് ഇവരാണ്.
  • 28 : ഈജിപ്തില്‍വച്ചു കര്‍ത്താവ് മോശയോടു സംസാരിച്ച ദിവസം
  • 29 : അവിടുന്ന് ഇപ്രകാരം അരുളിച്ചെയ്തു: ഞാന്‍ കര്‍ത്താവാണ്. ഞാന്‍ നിന്നോടു കല്‍പിക്കുന്നതെല്ലാം ഈജിപ്തിലെ രാജാവായ ഫറവോയോടു നീ പറയുക.
  • 30 : മോശ കര്‍ത്താവിനോടു പറഞ്ഞു: സംസാരിക്കാന്‍ കഴിവില്ലാത്തവനാണു ഞാന്‍. ഫറവോ എന്റെ വാക്കുകള്‍ ശ്രദ്ധിക്കുമോ?

അദ്ധ്യായം 45

രാജകീയ വിവാഹം

  • 1 : എന്റെ ഹൃദയത്തില്‍ ഉദാത്തമായ ആശയം തുടിച്ചുനില്‍ക്കുന്നു; ഈ ഗീതം ഞാന്‍ രാജാവിനു സമര്‍പ്പിക്കുന്നു; തയ്യാറായിരിക്കുന്ന എഴുത്തുകാരന്റെ തൂലികയ്ക്കു തുല്യമാണ് എന്റെ നാവ്.
  • 2 : നീ മനുഷ്യമക്കളില്‍ ഏറ്റവും സുന്ദരന്‍ ‍, നിന്റെ അധരങ്ങളില്‍ വചോവിലാസം തുളുമ്പുന്നു; ദൈവം നിന്നെ എന്നേക്കുമായി അനുഗ്രഹിച്ചിരിക്കുന്നു.
  • 3 : വീരപുരുഷാ, മഹത്വത്തിന്റെയും തേജസ്‌സിന്റെയും വാള്‍ അരയില്‍ ധരിക്കുക.
  • 4 : സത്യത്തിനും നീതിയുടെ സംരക്ഷണത്തിനും വേണ്ടി പ്രതാപത്തോടെ വിജയത്തിലേക്കു മുന്നേറുക. നിന്റെ വലത്തുകൈ ഭീതി വിതയ്ക്കട്ടെ!
  • 5 : രാജശത്രുക്കളുടെ ഹൃദയത്തില്‍ നിന്റെ കൂരമ്പുകള്‍ തറച്ചുകയറും; ജനതകള്‍ നിന്റെ കീഴില്‍ അമരും.
  • 6 : നിന്റെ ദിവ്യസിംഹാസനം എന്നേക്കും നിലനില്‍ക്കുന്നു; നിന്റെ ചെങ്കോല്‍ നീതിയുടെ ചെങ്കോലാണ്.
  • 7 : നീ നീതിയെ സ്‌നേഹിക്കുകയും ദുഷ്ടതയെ വെറുക്കുകയും ചെയ്യുന്നു; ആകയാല്‍ ദൈവം, നിന്റെ ദൈവം, നിന്നെ മറ്റുള്ളവരില്‍നിന്നുയര്‍ത്തി ആനന്ദത്തിന്റെ തൈലം കൊണ്ട് അഭിഷേകം ചെയ്തു.
  • 8 : നിന്റെ അങ്കി നറുംപശയും ചന്ദനവും ലവംഗവും കൊണ്ട്‌ സുരഭിലമായിരിക്കുന്നു; ദന്തനിര്‍മിതമായ കൊട്ടാരങ്ങളില്‍ നിന്ന് തന്ത്രീ നാദം നിന്നെ ആനന്ദിപ്പിക്കുന്നു.
  • 9 : നിന്റെ അന്തഃപുരവനിതകളില്‍ രാജകുമാരിമാരുണ്ട്; നിന്റെ വലത്തുവശത്ത് ഓഫീര്‍ സ്വര്‍ണം അണിഞ്ഞ രാജ്ഞി നില്‍ക്കുന്നു.
  • 10 : മകളേ, കേള്‍ക്കുക, ചെവിചായിച്ചു ശ്രദ്ധിക്കുക; നിന്റെ ജനത്തെയും പിതൃഭവനത്തെയും മറക്കുക.
  • 11 : അപ്പോള്‍ രാജാവു നിന്റെ സൗന്ദര്യത്തില്‍ ആകൃഷ്ടനാകും, അവന്‍ നിന്റെ നാഥനാണ്, അവനെ വണങ്ങുക.
  • 12 : ടയിര്‍നിവാസികള്‍ നിന്റെ പ്രീതി കാംക്ഷിച്ച് ഉപഹാരങ്ങള്‍ അര്‍പ്പിക്കും.
  • 13 : ധനികന്‍മാര്‍ എല്ലാവിധ സമ്പത്തും കാഴ്ചവയ്ക്കും; രാജകുമാരി സ്വര്‍ണക്കസവുടയാടചാര്‍ത്തി അന്തഃപുരത്തില്‍ ഇരിക്കുന്നു.
  • 14 : വര്‍ണശബളമായ അങ്കിയണിയിച്ച് അവളെ രാജസന്നിധിയിലേക്ക് ആനയിക്കുന്നു; കന്യകമാരായ തോഴിമാര്‍ അവള്‍ക്ക് അകമ്പടി സേവിക്കുന്നു.
  • 15 : ആഹ്‌ളാദഭരിതരായി അവര്‍ രാജകൊട്ടാരത്തില്‍ പ്രവേശിക്കുന്നു.
  • 16 : നിന്റെ പുത്രന്‍മാര്‍ പിതാക്കന്‍മാരുടെ സ്ഥാനത്ത് അവരോധിക്കപ്പെടും; ഭൂമിയിലെങ്ങും നീ അവരെ അധിപതികളായി വാഴിക്കും.
  • 17 : തലമുറതോറും നിന്റെ നാമം കീര്‍ത്തിക്കപ്പെടാന്‍ ഞാന്‍ ഇടയാക്കും; ജനതകള്‍ നിന്നെ എന്നേക്കും പ്രകീര്‍ത്തിക്കും.
X