Welcome to 365 Days Bible Reading

1st Year  – 365 Days Bible Reading

Day: 114   (2, September 2026)

അദ്ധ്യായം 1

എലിമെലെക്കും കുടുംബവും മൊവാബില്‍

    • 1 : ന്യായാധിപന്‍മാരുടെ ഭരണകാലത്ത് നാട്ടില്‍ ക്ഷാമമുണ്ടായി. അന്ന് യൂദായിലെ ഒരു ബേത്‌ലെഹംകാരന്‍ ഭാര്യയും പുത്രന്‍മാര്‍ ഇരുവരുമൊത്ത് മൊവാബ് ദേശത്ത് കുടിയേറിപ്പാര്‍ത്തു.
    • 2 : അവന്റെ പേര് എലിമെലെക്ക്, ഭാര്യ നവോമി, പുത്രന്‍മാര്‍ മഹ്‌ലോനും കിലിയോനും; അവര്‍ യൂദായിലെ ബേത്‌ലെഹെമില്‍ നിന്നുള്ള എഫ്രാത്യരായിരുന്നു. അവര്‍ മൊവാബില്‍ താമസമാക്കി.
    • 3 : നവോമിയുടെ ഭര്‍ത്താവ് എലിമെലെക്ക് മരിച്ചു. അവളും പുത്രന്‍മാരും ശേഷിച്ചു.
    • 4 : പുത്രന്‍മാര്‍ ഓര്‍ഫാ, റൂത്ത് എന്നീ മൊവാബ്യസ്ത്രീകളെ വിവാഹം ചെയ്തു. പത്തുവര്‍ഷത്തോളം അവര്‍ അവിടെ കഴിഞ്ഞു.
    • 5 : അങ്ങനെയിരിക്കെ മഹ്‌ലോനും കിലിയോനും മരിച്ചു; നവോമിക്ക് ഭര്‍ത്താവും പുത്രന്‍മാരും നഷ്ടപ്പെട്ടു.

നവോമിയും റൂത്തും ബേത്‌ലെഹെമിലേക്ക്

  • 6 : കര്‍ത്താവ് തന്റെ ജനത്തെ ഭക്ഷണം നല്‍കി അനുഗ്രഹിക്കുന്നു എന്നു കേട്ട് നവോമി മരുമക്കളോടുകൂടെ മൊവാബില്‍ നിന്നു തിരികെ പോകാനൊരുങ്ങി.
  • 7 : അവള്‍ താമസിച്ചിരുന്ന സ്ഥലത്തുനിന്നു മരുമക്കളോടുകൂടെ പുറപ്പെട്ട് യൂദായിലേക്കുള്ള വഴിയിലെത്തി.
  • 8 : അപ്പോള്‍ നവോമി മരുമക്കളോടു പറഞ്ഞു: നിങ്ങള്‍ മാതൃഭവനങ്ങളിലേക്കു മടങ്ങിപ്പോകുവിന്‍. മരിച്ചവരോടും എന്നോടും നിങ്ങള്‍ കരുണകാണിച്ചു. കര്‍ത്താവ് നിങ്ങളോടും കരുണകാണിക്കട്ടെ!
  • 9 : വീണ്ടും വിവാഹം ചെയ്തു കുടുംബജീവിതം നയിക്കാന്‍ കര്‍ത്താവ് നിങ്ങളെ അനുഗ്രഹിക്കട്ടെ! അവള്‍ അവരെ ചുംബിച്ചു. അവര്‍ പൊട്ടിക്കരഞ്ഞു.
  • 10 : അവര്‍ പറഞ്ഞു: ഞങ്ങള്‍ പോകുന്നില്ല. അമ്മയുടെ ആളുകളുടെ അടുത്തേക്കു ഞങ്ങളും വരുന്നു.
  • 11 : എന്നാല്‍, നവോമി പറഞ്ഞു: എന്റെ മക്കളേ, നിങ്ങള്‍ തിരിച്ചുപോകുവിന്‍. എന്തിന് എന്നോടുകൂടെ വരുന്നു? നിങ്ങള്‍ക്കു ഭര്‍ത്താക്കന്‍മാരാകാന്‍ എനിക്കിനി പുത്രന്‍മാര്‍ ഉണ്ടാകുമോ?
  • 12 : എന്റെ മക്കളേ, നിങ്ങള്‍ മടങ്ങിപ്പോകുവിന്‍. വിവാഹം ചെയ്യാന്‍ കഴിയാത്തവിധം ഞാന്‍ വൃദ്ധയായിരിക്കുന്നു. അഥവാ ഈ രാത്രിതന്നെ ഭര്‍ത്താവിനെ സ്വീകരിച്ച് പുത്രന്‍മാരെ ഗര്‍ഭം ധരിച്ചാല്‍ത്തന്നെ
  • 13 : അവര്‍ക്കു പ്രായമാകുന്നതുവരെ നിങ്ങള്‍ കാത്തിരിക്കുമോ? നിങ്ങള്‍ വിധവകളായിക്കഴിയുമോ? ഇല്ല! മക്കളേ, കര്‍ത്താവിന്റെ കരം എനിക്കെതിരായി ഉയര്‍ന്നിരിക്കുന്നു. നിങ്ങളെ പ്രതിയും ഞാന്‍ അത്യന്തം വ്യസനിക്കേണ്ടിവരും.
  • 14 : അവര്‍ വീണ്ടും പൊട്ടിക്കരഞ്ഞു; ഓര്‍ഫാ അമ്മായിയമ്മയെ ചുംബിച്ച് വിടവാങ്ങി; റൂത്ത് അവളെ പിരിയാതെ നിന്നു.
  • 15 : നവോമി പറഞ്ഞു: നിന്റെ സഹോദരി ചാര്‍ച്ചക്കാരുടെയും ദേവന്‍മാരുടെയും അടുത്തേക്ക് മടങ്ങിപ്പോയല്ലോ; അവളെപ്പോലെ നീയും പോകുക.
  • 16 : റൂത്ത് പറഞ്ഞു: അമ്മയെ ഉപേക്ഷിക്കാനോ കൂടെപ്പോരാതിരിക്കാനോ എന്നോടു പറയരുത്. അമ്മ പോകുന്നിടത്തു ഞാനും വരും; വസിക്കുന്നിടത്തു ഞാനും വസിക്കും. അമ്മയുടെ ചാര്‍ച്ചക്കാര്‍ എന്റെ ചാര്‍ച്ചക്കാരും അമ്മയുടെ ദൈവം എന്റെ ദൈവവുമായിരിക്കും;
  • 17 : അമ്മ മരിക്കുന്നിടത്ത് ഞാനും മരിച്ച് അടക്കപ്പെടും. മരണം തന്നെ എന്നെ അമ്മയില്‍നിന്നു വേര്‍പെടുത്തിയാല്‍, കര്‍ത്താവ് എന്തു ശിക്ഷയും എനിക്കു നല്‍കിക്കൊള്ളട്ടെ.
  • 18 : അവള്‍ തന്നോടുകൂടെ പോരാനുറച്ചു എന്നുകണ്ടു നവോമി അവളെ നിര്‍ബന്ധിച്ചില്ല.
  • 19 : അവര്‍ ബേത്‌ലെഹെമില്‍ എത്തി. പട്ടണം മുഴുവന്‍ അവരെ കണ്ടു വിസ്മയിച്ചു. ഇതു നവോമിയോ എന്നു സ്ത്രീകള്‍ പരസ്പരം ചോദിച്ചു.
  • 20 : അവള്‍ പറഞ്ഞു: എന്നെ നവോമിയെന്നല്ല മാറാ എന്നാണു വിളിക്കേണ്ടത്. സര്‍വശക്തന്‍ എന്നോടു വളരെ കഠിനമായിട്ടാണ് പ്രവര്‍ത്തിച്ചത്.
  • 21 : എല്ലാം തികഞ്ഞവളായി ഞാന്‍ ഇവിടെനിന്നുപോയി. ഒന്നും ഇല്ലാത്തവളായി കര്‍ത്താവ് എന്നെതിരിച്ചയച്ചു. കര്‍ത്താവ് എന്നെ ഞെരുക്കുകയും, സര്‍വശക്തന്‍ എനിക്ക് ആപത്തു വരുത്തുകയും ചെയ്യുമ്പോള്‍ എന്തിനെന്നെ നവോമി എന്നു വിളിക്കുന്നു?
  • 22 : അങ്ങനെ നവോമി മൊവാബില്‍നിന്ന് അവിടത്തുകാരിയായ മരുമകള്‍ റൂത്തിനോടുകൂടെ തിരിച്ചെത്തി. ബാര്‍ലിക്കൊയ്ത്തു തുടങ്ങിയപ്പോഴാണ് അവര്‍ ബേത്‌ലെഹെമില്‍ എത്തിയത്.

അദ്ധ്യായം 2

റൂത്ത് ബോവാസിന്റെ വയലില്‍

  • 1 : നവോമിയുടെ ഭര്‍ത്തൃകുടുംബത്തില്‍ ബോവാസ് എന്നു പേരായ ഒരു ധനികന്‍ ഉണ്ടായിരുന്നു.
  • 2 : ഞാന്‍ പോയി എന്നെ അനുവദിക്കുന്നവരുടെ വയലില്‍ കാലാപെറുക്കട്ടെ എന്ന് മൊവാബ്യയായ റൂത്ത് നവോമിയോടു ചോദിച്ചു.
  • 3 : അവള്‍ പറഞ്ഞു: പോയ്‌ക്കൊള്ളുക. റൂത്ത് വയലില്‍ച്ചെന്ന് കൊയ്ത്തുകാരുടെ പിറകേ കാലാപെറുക്കി. എലിമെലെക്കിന്റെ കുടുംബത്തില്‍പ്പെട്ട ബോവാസിന്റെ വയലിലാണ് അവള്‍ എത്തിച്ചേര്‍ന്നത്.
  • 4 : ബോവാസ് ബേത്‌ലെഹെമില്‍നിന്നു വന്നു. കര്‍ത്താവ് നിങ്ങളോടുകൂടെ എന്നുപറഞ്ഞ് അവന്‍ കൊയ്ത്തുകാരെ അഭിവാദനം ചെയ്തു. കര്‍ത്താവ് അങ്ങയെ അനുഗ്രഹിക്കട്ടെ എന്ന് അവര്‍ പ്രത്യഭിവാദനം ചെയ്തു.
  • 5 : കൊയ്ത്തുകാരുടെ മേല്‍നോട്ടം വഹിച്ചിരുന്ന ഭൃത്യനോട് ബോവാസ് ചോദിച്ചു: ആരാണ് ഈയുവതി?
  • 6 : നവോമിയോടൊപ്പം മൊവാബില്‍നിന്നു വന്ന മൊവാബ്യ സ്ത്രീയാണിവള്‍ എന്നു ഭൃത്യന്‍ മറുപടി നല്‍കി.
  • 7 : വയലില്‍ കാലാപെറുക്കാന്‍ അനുവദിക്കണമേ എന്ന് അവള്‍ അപേക്ഷിച്ചു. രാവിലെ മുതല്‍ ഇതുവരെ വിശ്രമമില്ലാതെ കാലാപെറുക്കുകയാണ്.
  • 8 : അപ്പോള്‍ ബോവാസ് റൂത്തിനോടു പറഞ്ഞു: മകളേ, കാലാപെറുക്കാന്‍ ഇവിടംവിട്ടു മറ്റു വയലുകളില്‍ പോകേണ്ടാ. എന്റെ ദാസിമാരോടു കൂടെ ചേര്‍ന്നുകൊള്ളുക.
  • 9 : അവര്‍ കൊയ്യുന്നതെവിടെയെന്നു നോക്കി അവരെ പിന്തുടരുക. നിന്നെ ശല്യപ്പെടുത്തരുതെന്നു ഭൃത്യന്‍മാരോടു ഞാന്‍ പറഞ്ഞിട്ടുണ്ട്. നിനക്കു ദാഹിക്കുമ്പോള്‍ അവര്‍ കോരിവച്ചിട്ടുള്ള വെള്ളം കുടിക്കാം.
  • 10 : അവള്‍ സാഷ്ടാംഗം പ്രണമിച്ചുകൊണ്ടു ബോവാസിനോടു പറഞ്ഞു: അന്യനാട്ടുകാരിയായ എന്നോടു കരുണതോന്നാന്‍ ഞാന്‍ അങ്ങേക്ക് എന്തു നന്‍മ ചെയ്തു?
  • 11 : ബോവാസ് പറഞ്ഞു: ഭര്‍ത്താവിന്റെ മരണത്തിനുശേഷം നീ അമ്മായിയമ്മയ്ക്കുവേണ്ടി ചെയ്തതും മാതാപിതാക്കളെയും സ്വദേശത്തെയും വിട്ട് അപരിചിതരായ ജനത്തിന്റെ ഇടയില്‍ വന്നതുമെല്ലാം എനിക്ക് അറിയാം.
  • 12 : നിന്റെ പ്രവൃത്തികള്‍ക്കു കര്‍ത്താവ് പ്രതിഫലം നല്‍കും. നീ അഭയം പ്രാപിച്ചിരിക്കുന്ന ഇസ്രായേലിന്റെ ദൈവമായ കര്‍ത്താവ് നിന്നെ സമൃദ്ധമായി അനുഗ്രഹിക്കും.
  • 13 : അപ്പോള്‍ റൂത്ത് പറഞ്ഞു: യജമാനനേ, അങ്ങ് എന്നോടു വലിയ ദയയാണു കാണിക്കുന്നത്; എന്തെന്നാല്‍, ഞാന്‍ അങ്ങയുടെ ദാസിമാരില്‍ ഒരുവളല്ല. എങ്കിലും, ഈ ദാസിയെ ആശ്വസിപ്പിക്കുകയും കരുണയോടെ സംസാരിക്കുകയും ചെയ്തു.
  • 14 : ഭക്ഷണ സമയത്ത് ബോവാസ് അവളോടു പറഞ്ഞു: വന്നു ഭക്ഷണം കഴിക്കൂ. വീഞ്ഞില്‍ മുക്കി അപ്പം ഭക്ഷിച്ചു കൊള്ളൂ. അങ്ങനെ അവള്‍ കൊയ്ത്തുകാരോടുകൂടെ ഇരുന്നു. അവന്‍ അവള്‍ക്കു മലര്‍ കൊടുത്തു; അവള്‍ ഭക്ഷിച്ചു തൃപ്തയായി; ബാക്കിയും വന്നു.
  • 15 : അവള്‍ കാലാപെറുക്കാന്‍ എഴുന്നേറ്റപ്പോള്‍ ബോവാസ് ഭൃത്യന്‍മാരോടു പറഞ്ഞു: അവള്‍ കറ്റകളുടെ ഇടയില്‍നിന്നും ശേഖരിച്ചുകൊള്ളട്ടെ.
  • 16 : അവളെ ശകാരിക്കരുത്. കറ്റകളില്‍നിന്നു കുറേശ്‌ശെ വലിച്ചൂരി അവള്‍ക്കു പെറുക്കാന്‍ ഇടണം. അവളെ ശാസിക്കരുത്.
  • 17 : അങ്ങനെ അവള്‍ സന്ധ്യവരെ കാലാപെറുക്കി. മെതിച്ചപ്പോള്‍ ഏകദേശം ഒരു ഏഫാ ബാര്‍ലി ഉണ്ടായിരുന്നു.
  • 18 : അവള്‍ അതെടുത്തുകൊണ്ടു നഗരത്തിലേക്കു പോയി, താന്‍ ശേഖരിച്ച ധാന്യം അമ്മായിയമ്മയെ കാണിച്ചു; ബാക്കിവന്ന ആഹാരം അവള്‍ക്കു കൊടുക്കുകയും ചെയ്തു.
  • 19 : അമ്മായിയമ്മ ചോദിച്ചു: എവിടെയാണ് ഇന്നു നീ കാലാ പെറുക്കിയത്? എവിടെയാണ് ഇന്നു നീ ജോലി ചെയ്തത്? നിന്നോടു കരുണതോന്നിയ മനുഷ്യന്‍ അനുഗൃഹീതനാകട്ടെ! താനിന്നു ജോലി ചെയ്തത് ബോവാസിനോടു കൂടെ ആണെന്ന് അവള്‍ അമ്മായിയമ്മയോടു പറഞ്ഞു.
  • 20 : നവോമി മരുമകളോടു പറഞ്ഞു: ജീവിച്ചിരിക്കുന്നവരോടും മരിച്ചവരോടും കാരുണ്യം കാണിക്കുന്ന കര്‍ത്താവ് അവനെ അനുഗ്രഹിക്കട്ടെ! അവള്‍ തുടര്‍ന്നു: അവന്‍ നമ്മുടെ ബന്ധുവാണ് - ഉറ്റബന്ധു.
  • 21 : റൂത്ത് പറഞ്ഞു: കൊയ്ത്തു മുഴുവന്‍ തീരുവോളം വേലക്കാരോടുകൂടെ ഉണ്ടായിരിക്കണമെന്ന് അവന്‍ എന്നോടു പറഞ്ഞിട്ടുണ്ട്.
  • 22 : നവോമി മരുമകളോടു പറഞ്ഞു: മറ്റു വയലുകളില്‍പോയി ശല്യം ഏല്‍ക്കാനിടയാകാതെ നീ അവന്റെ ദാസിമാരോടുകൂടെ പോകുന്നതാണു നല്ലത്.
  • 23 : അങ്ങനെ ബാര്‍ലിയുടെയും ഗോതമ്പിന്റെയും വിളവെടുപ്പു കഴിയുന്നതു വരെ അവള്‍ ബോവാസിന്റെ ദാസിമാരോടു ചേര്‍ന്നുനിന്നു കാലാപെറുക്കി; തന്റെ അമ്മായിയമ്മയോടൊത്തു ജീവിച്ചു.

അദ്ധ്യായം 53

ദൈവനിഷേധകന്റെ മൗഢ്യം

  • 1 : ദൈവമില്ല എന്നു ഭോഷന്‍ തന്റെ ഹൃദയത്തില്‍ പറയുന്നു. മ്‌ളേച്ഛതയില്‍ മുഴുകി അവര്‍ദുഷിച്ചിരിക്കുന്നു, നന്‍മ ചെയ്യുന്നവരാരുമില്ല.
  • 2 : ദൈവം സ്വര്‍ഗത്തില്‍ നിന്നു മനുഷ്യമക്കളെ നോക്കുന്നു; ദൈവത്തെ തേടുന്ന ജ്ഞാനികളുണ്ടോ എന്ന് അവിടുന്ന് ആരായുന്നു.
  • 3 : എല്ലാവരും വഴിതെറ്റി ഒന്നുപോലെ ദുഷിച്ചുപോയി, നന്‍മചെയ്യുന്നവനില്ല- ഒരുവന്‍ പോലുമില്ല.
  • 4 : ഈ അധര്‍മികള്‍ക്കു ബോധമില്ലേ? ഇവര്‍ എന്റെ ജനതയെ അപ്പം പോലെ തിന്നൊടുക്കുന്നു; ഇവര്‍ ദൈവത്തെ വിളിച്ചപേക്ഷിക്കുന്നില്ല.
  • 5 : അതാ, അവര്‍ പരിഭ്രാന്തരായിക്കഴിയുന്നു, ഇന്നോളം കണ്ടിട്ടില്ലാത്ത പരിഭ്രാന്തി! ദൈവം അധര്‍മികളുടെ അസ്ഥികള്‍ ചിതറിക്കും; അവര്‍ ലജ്ജിതരാകും; ദൈവം അവരെ കൈവെടിഞ്ഞിരിക്കുന്നു.
  • 6 : ഇസ്രായേലിന്റെ വിമോചനം സീയോനില്‍നിന്നു വന്നിരുന്നെങ്കില്‍ ‍! ദൈവം തന്റെ ജനത്തിന്റെ സുസ്ഥിതി പുനഃസ്ഥാപിക്കുമ്പോള്‍ യാക്കോബ് ആനന്ദിക്കും, ഇസ്രായേല്‍ സന്തോഷിക്കും.
X