Welcome to 365 Days Bible Reading

1st Year  – 365 Days Bible Reading

Day: 99   (18, August 2026)

അദ്ധ്യായം 8

ആയ്പട്ടണം നശിപ്പിക്കുന്നു

  • 1 : കര്‍ത്താവ് ജോഷ്വയോട് അരുളിച്ചെയ്തു: എല്ലാ യോദ്ധാക്കളെയും കൂട്ടി ആയിയിലേക്കു പോവുക. ഭയമോ പരിഭ്രമമോ വേണ്ടാ. ഇതാ, ഞാന്‍ അവിടത്തെ രാജാവിനെയും പ്രജകളെയും പട്ടണത്തെയും രാജ്യത്തെയും നിന്റെ കൈകളില്‍ ഏല്‍പിച്ചിരിക്കുന്നു.
  • 2 : ജറീക്കോയോടും അവിടത്തെ രാജാവിനോടും നീ പ്രവര്‍ത്തിച്ചതു പോലെ ആയിയോടും അവിടത്തെ രാജാവിനോടും പ്രവര്‍ത്തിക്കുക. എന്നാല്‍, കന്നുകാലികളെയും കൊള്ളവസ്തുക്കളെയും നിങ്ങള്‍ക്ക് എടുക്കാം. പട്ടണത്തെ ആക്രമിക്കുന്നതിന് അതിനു പിന്നില്‍ പതിയിരിക്കണം.
  • 3 : ജോഷ്വയും യോദ്ധാക്കളും ആയ് പട്ടണത്തിലേക്കു പുറപ്പെട്ടു. ജോഷ്വ ധീരപരാക്രമികളായ മുപ്പതിനായിരം പേരെ തിരഞ്ഞെടുത്തു രാത്രിയില്‍ത്തന്നെ അയച്ചു.
  • 4 : അവന്‍ അവരോട് ആജ്ഞാപിച്ചു: പട്ടണത്തെ ആക്രമിക്കുന്നതിന് നിങ്ങള്‍ അതിനു പിന്നില്‍ ഒളിച്ചിരിക്കണം. വളരെ അകലെപ്പോകരുത്. സദാ ജാഗരൂകരായിരിക്കുകയും വേണം.
  • 5 : ഞാനും കൂടെയുള്ളവരും പട്ടണത്തെ സമീപിക്കും. അവര്‍ ഞങ്ങള്‍ക്കെതിരേ വരുമ്പോള്‍ മുന്‍പിലത്തെപ്പോലെ ഞങ്ങള്‍ പിന്തിരിഞ്ഞോടും.
  • 6 : പട്ടണത്തില്‍ നിന്നു വളരെ അകലെ എത്തുന്നതുവരെ അവര്‍ ഞങ്ങളെ പിന്തുടരും. അപ്പോള്‍ അവര്‍ പറയും ഇതാ, അവര്‍ മുന്‍പിലത്തെപ്പോലെ പരാജിതരായി ഓടുന്നു. ഞങ്ങള്‍ അങ്ങനെ ഓടും.
  • 7 : അപ്പോള്‍ നിങ്ങള്‍ പുറത്തുവന്ന് പട്ടണം പിടിച്ചടക്കണം. നിങ്ങളുടെ ദൈവമായ കര്‍ത്താവ് അതു നിങ്ങളുടെ കൈകളില്‍ ഏല്‍പിച്ചുതരും.
  • 8 : കര്‍ത്താവു കല്‍പിച്ചതുപോലെ പട്ടണം പിടിച്ചടക്കിയതിനു ശേഷം അത് അഗ്‌നിക്കിരയാക്കണം. ഞാന്‍ നിങ്ങളോടു കല്‍പിക്കുന്നു.
  • 9 : ജോഷ്വ അവരെ യാത്രയാക്കി. അവര്‍ പോയി ആയ് പട്ടണത്തിനു പടിഞ്ഞാറ് ആ പട്ടണത്തിനും ബഥേലിനും മധ്യേ ഒളിച്ചിരുന്നു. ജോഷ്വ ആ രാത്രിയില്‍ ജനത്തോടുകൂടെ താമസിച്ചു.
  • 10 : അവന്‍ അതിരാവിലെ എഴുന്നേറ്റു യോദ്ധാക്കളെ വിളിച്ചുകൂട്ടി. ഇസ്രായേലിലെ ശ്രേഷ്ഠന്‍മാരോടു കൂടെ ജനത്തെ ആയ് പട്ടണത്തിലേക്കു നയിച്ചു.
  • 11 : അവനും കൂടെയുണ്ടായിരുന്ന യോദ്ധാക്കളും പട്ടണത്തിന്റെ പ്രധാന കവാടത്തിനു വടക്കുവശത്തായി പാളയമടിച്ചു. അവര്‍ക്കും ആയ്പട്ടണത്തിനും മധ്യേ ഒരു താഴ്‌വരയുണ്ടായിരുന്നു.
  • 12 : പട്ടണത്തിനു പടിഞ്ഞാറുവശത്ത് ബഥേലിനും പട്ടണത്തിനും മധ്യേ ഏകദേശം അയ്യായിരം യോദ്ധാക്കളെ അവന്‍ ഒളിപ്പിച്ചു.
  • 13 : പ്രധാന പാളയം പട്ടണത്തിനു വടക്കുഭാഗത്തും ബാക്കിയുള്ളവ പടിഞ്ഞാറുഭാഗത്തും ആയിരുന്നു. ജോഷ്വ ആ രാത്രി താഴ്‌വരയില്‍ത്തന്നെ കഴിച്ചുകൂട്ടി.
  • 14 : ആയ്‌രാജാവ് ഇതു കണ്ടപ്പോള്‍ അരാബായിലേക്കുള്ള ഇറക്കത്തില്‍വച്ച് ഇസ്രായേല്‍ക്കാരെ നേരിടാന്‍ സൈന്യസമേതം പുറപ്പെട്ടു. എന്നാല്‍, പട്ടണത്തിന്റെ പുറകില്‍ ശത്രുസൈന്യം പതിയിരുന്നത് അവര്‍ അറിഞ്ഞില്ല.
  • 15 : ജോഷ്വയും ജനവും പരാജിതരായി എന്നു നടിച്ചു മരുഭൂമിയുടെ നേരേ ഓടി.
  • 16 : അവരെ പിന്തുടരുന്നതിനു രാജാവ്, പട്ടണത്തിലുണ്ടായിരുന്നവരെയെല്ലാം വിളിച്ചുകൂട്ടി. അവര്‍ ജോഷ്വയെ പിന്തുടര്‍ന്നു പട്ടണത്തില്‍ നിന്നു വളരെ വിദൂരത്തായി.
  • 17 : ഇസ്രായേലിനെ പിന്തുടരാത്തവരായി ആരും ബഥേലിലോ ആയ്പട്ടണത്തിലോ ഉണ്ടായിരുന്നില്ല. അവര്‍ പട്ടണം അടയ്ക്കാതെയാണു പോയത്.
  • 18 : കര്‍ത്താവ് ജോഷ്വയോട് അരുളിച്ചെയ്തു: നിന്റെ കൈയിലിരിക്കുന്ന കുന്തം ആയ് പട്ടണത്തിനു നേരേ ചൂണ്ടുക; ഞാന്‍ പട്ടണം നിന്റെ കരങ്ങളില്‍ ഏല്‍പിക്കും. ജോഷ്വ അങ്ങനെ ചെയ്തു.
  • 19 : അവന്‍ കൈയുയര്‍ത്തിയയുടനെ, ഒളിച്ചിരുന്നവര്‍ എഴുന്നേറ്റ് പട്ടണത്തിലേക്കു പാഞ്ഞുചെന്ന് അതു കൈവശപ്പെടുത്തി; തിടുക്കത്തില്‍ പട്ടണത്തിനു തീവച്ചു.
  • 20 : ആയ്‌നിവാസികള്‍ തിരിഞ്ഞുനോക്കിയപ്പോള്‍ പട്ടണത്തില്‍നിന്ന് പുക ആകാശത്തേക്ക് ഉയരുന്നതു കണ്ടു. അവര്‍ക്ക് അങ്ങോട്ടോ ഇങ്ങോട്ടോ ഓടുന്നതിനു സാധിച്ചില്ല. കാരണം, മരുഭൂമിയിലേക്ക് ഓടിയവര്‍ ഓടിച്ചവരുടെ നേരേ തിരിഞ്ഞു.
  • 21 : പതിയിരുന്നവര്‍ പട്ടണം പിടിച്ചടക്കിയെന്നും അതില്‍ നിന്നു പുക പൊങ്ങുന്നെന്നും കണ്ടപ്പോള്‍ ജോഷ്വയും ഇസ്രായേല്‍ ജനവും തിരിഞ്ഞ് ആയ്‌നിവാസികളെ വധിച്ചു.
  • 22 : പട്ടണത്തില്‍ കടന്ന ഇസ്രായേല്യരും ശത്രുക്കള്‍ക്കെതിരേ പുറത്തുവന്നു. ആയ്‌നിവാസികള്‍ ഇസ്രായേല്‍ക്കാരുടെ മധ്യത്തില്‍ കുടുങ്ങി. അവരെ ഇസ്രായേല്യര്‍ സംഹരിച്ചു; ആരും രക്ഷപെട്ടില്ല.
  • 23 : എന്നാല്‍, രാജാവിനെ ജീവനോടെ പിടിച്ച് അവര്‍ ജോഷ്വയുടെ അടുക്കല്‍ കൊണ്ടുവന്നു.
  • 24 : ഇസ്രായേല്‍ തങ്ങളെ പിന്തുടര്‍ന്ന ആയ്പട്ടണക്കാരെയെല്ലാം വിജനദേശത്തുവച്ചു സംഹരിച്ചു. അവസാനത്തെയാള്‍ വരെ വാളിനിരയായി. പിന്നീട്, ഇസ്രായേല്യര്‍ ആയ്പട്ടണത്തിലേക്കു മടങ്ങിച്ചെന്ന് അവശേഷിച്ചവരെയും വാളിനിരയാക്കി.
  • 25 : ആയ്പട്ടണത്തിലുണ്ടായിരുന്ന പന്തീരായിരം സ്ത്രീപുരുഷന്‍മാര്‍ അന്നു മൃതിയടഞ്ഞു.
  • 26 : ആയ്‌നിവാസികള്‍ പൂര്‍ണമായി നിഗ്രഹിക്കപ്പെടുന്നതുവരെ കുന്തം നീട്ടിപ്പിടിച്ചിരുന്ന തന്റെ കരങ്ങള്‍ ജോഷ്വ പിന്‍വലിച്ചില്ല.
  • 27 : കര്‍ത്താവ് ജോഷ്വയോടു കല്‍പിച്ചതനുസരിച്ച് ഇസ്രായേല്‍ക്കാര്‍ പട്ടണത്തില്‍നിന്നു കന്നുകാലികളെയും കൊള്ളവസ്തുക്കളെയും എടുത്തു.
  • 28 : അങ്ങനെ ജോഷ്വ ആയ് പട്ടണത്തിനു തീവച്ച് അതിനെ ഒരു നാശക്കൂമ്പാരമാക്കി. ഇന്നും അത് അങ്ങനെതന്നെ കിടക്കുന്നു.
  • 29 : പിന്നീട് അവന്‍ ആയ് രാജാവിനെ ഒരു മരത്തില്‍ തൂക്കിക്കൊന്നു. സായാഹ്‌നം വരെ ജഡം അതിന്‍മേല്‍ തൂങ്ങിക്കിടന്നു. സൂര്യാസ്തമയമായപ്പോള്‍ ശരീരം മരത്തില്‍ നിന്നിറക്കി നഗരകവാടത്തില്‍ വയ്ക്കാന്‍ ജോഷ്വ കല്‍പിച്ചു. അവര്‍ അങ്ങനെ ചെയ്തു. അതിനു മുകളില്‍ ഒരു കല്‍ക്കൂമ്പാരം ഉയര്‍ത്തി. അത് ഇന്നും അവിടെയുണ്ട്.
  • 30 : ജോഷ്വ ഇസ്രായേലിന്റെ ദൈവമായ കര്‍ത്താവിന് ഏബാല്‍മലയില്‍ ഒരു ബലിപീഠം നിര്‍മിച്ചു.
  • 31 : കര്‍ത്താവിന്റെ ദാസനായ മോശ ഇസ്രായേല്‍ ജനത്തോടു കല്‍പിച്ചതുപോലെയും മോശയുടെ നിയമഗ്രന്ഥത്തില്‍ എഴുതിയിരുന്നതുപോലെയും ചെത്തിമിനുക്കാത്ത കല്ലുകള്‍കൊണ്ടുള്ളതും ഇരുമ്പായുധം സ്പര്‍ശിക്കാത്തതുമായിരുന്നു അത്. അതില്‍ അവര്‍ കര്‍ത്താവിനു ദഹനബലികളും സമാധാനബലികളും അര്‍പ്പിച്ചു.
  • 32 : മോശ എഴുതിയ നിയമത്തിന്റെ ഒരു പകര്‍പ്പ് ഇസ്രായേല്‍ ജനത്തിന്റെ സാന്നിധ്യത്തില്‍ജോഷ്വ അവിടെ കല്ലില്‍ കൊത്തിവച്ചു.
  • 33 : അവിടെ ഇസ്രായേല്‍ജനം തങ്ങളുടെശ്രേഷ്ഠന്‍മാര്‍, സ്ഥാനികള്‍, ന്യായാധിപന്‍മാര്‍ എന്നിവരോടും തങ്ങളുടെയിടയിലുള്ള വിദേശികളോടും സ്വദേശികളോടും കൂടെ കര്‍ത്താവിന്റെ വാഗ്ദാനപേടകം വഹിച്ചിരുന്ന ലേവ്യപുരോഹിതന്‍മാര്‍ക്കെതിരേ ഇരുവശങ്ങളിലുമായി നിന്നു. അവരില്‍ പകുതി ഗരിസിംമലയുടെ മുന്‍പിലും പകുതി ഏബാല്‍മലയുടെ മുന്‍പിലും നിലകൊണ്ടു. കര്‍ത്താവിന്റെ ദാസനായ മോശ കല്‍പിച്ചിരുന്നതുപോലെ അനുഗ്രഹം സ്വീകരിക്കാനായിരുന്നു ഇത്.
  • 34 : അതിനുശേഷം അവന്‍ നിയമഗ്രന്ഥത്തിലെ വാക്കുകളെല്ലാം - അനുഗ്രഹവചസ്‌സുകളും ശാപവാക്കുകളും - വായിച്ചു.
  • 35 : മോശ കല്‍പിച്ച ഒരു വാക്കുപോലും, സ്ത്രീകളും കുട്ടികളും തങ്ങളുടെയിടയില്‍ പാര്‍ത്തിരുന്ന പരദേശികളും അടങ്ങിയ ഇസ്രായേല്‍ സമൂഹത്തില്‍ ജോഷ്വ വായിക്കാതിരുന്നില്ല.
  • അദ്ധ്യായം 9

ഗിബയോന്‍കാരുടെ വഞ്ചന

    • 1 : ജോര്‍ദാന്റെ മറുകരയില്‍ മലകളിലും താഴ്‌വരകളിലും ലബനോന്‍വരെ നീണ്ടു കിടക്കുന്ന വലിയ കടലിന്റെ തീരത്തും വസിച്ചിരുന്ന ഹിത്യരും അമോര്യരും കാനാന്യരും പെരീസ്യരും ഹിവ്യരും ജബൂസ്യരും ആയരാജാക്കന്‍മാരെല്ലാവരും
    • 2 : ഇതു കേട്ടപ്പോള്‍ ജോഷ്വയ്ക്കും ഇസ്രായേലിനുമെതിരേ യുദ്ധം ചെയ്യാന്‍ ഒരുമിച്ചുകൂടി.
    • 3 : എന്നാല്‍, ജറീക്കോയോടും ആയ്പട്ടണത്തോടും ജോഷ്വ ചെയ്തത് അറിഞ്ഞപ്പോള്‍
    • 4 : ഗിബയോന്‍ നിവാസികള്‍ തന്ത്രപൂര്‍വം പ്രവര്‍ത്തിച്ചു. പഴകിയ ചാക്കുകളില്‍ ഭക്ഷണസാധനങ്ങളും കീറിത്തുന്നിയ തോല്‍ക്കുടങ്ങളില്‍ വീഞ്ഞും എടുത്ത് അവര്‍ കഴുതപ്പുറത്തു കയറ്റി.
    • 5 : നന്നാക്കിയെടുത്ത പഴയ ചെരിപ്പുകളും കീറിപ്പറിഞ്ഞവസ്ത്രങ്ങളും ധരിച്ച് അവര്‍ പുറപ്പെട്ടു. അവരുടെ ഭക്ഷണപദാര്‍ഥങ്ങള്‍ ഉണങ്ങിയതും പൂത്തതുമായിരുന്നു.
    • 6 : അവര്‍ ഗില്‍ഗാലില്‍ ജോഷ്വയുടെ പാളയത്തില്‍ച്ചെന്ന് അവനോടും ഇസ്രായേല്‍ക്കാരോടും പറഞ്ഞു: ഞങ്ങള്‍ വിദൂരദേശത്തു നിന്നു വരുകയാണ്. ഞങ്ങളുമായി ഒരു ഉടമ്പടി ചെയ്യണം.
    • 7 : അപ്പോള്‍ ഇസ്രായേല്‍ജനം ഹിവ്യരോടു പറഞ്ഞു: നിങ്ങള്‍ ഞങ്ങളുടെ സമീപത്തുള്ളവരാണെങ്കിലോ? നിങ്ങളുമായി ഞങ്ങള്‍ക്ക് ഉടമ്പടി ചെയ്യാന്‍ ആവില്ല.
    • 8 : ഞങ്ങള്‍ അങ്ങയുടെ ദാസന്‍മാരാണ് എന്ന് അവര്‍ ജോഷ്വയോടു പറഞ്ഞു. അപ്പോള്‍ അവന്‍ അവരോടു ചോദിച്ചു: നിങ്ങള്‍ ആരാണ്? എവിടെ നിന്നു വരുന്നു? അവര്‍ പറഞ്ഞു:
    • 9 : നിങ്ങളുടെ ദൈവമായ കര്‍ത്താവിന്റെ നാമം കേട്ട് വിദൂരദേശത്തു നിന്ന് ഈ ദാസന്‍മാര്‍ വന്നിരിക്കുന്നു. എന്തെന്നാല്‍, അവിടുത്തെക്കുറിച്ചും അവിടുന്ന് ഈജിപ്തില്‍ പ്രവര്‍ത്തിച്ചതിനെക്കുറിച്ചും ഞങ്ങള്‍ അറിഞ്ഞു.
    • 10 : ജോര്‍ദാന്റെ മറുകരയിലുള്ള അമോര്യരാജാക്കന്‍മാരായ ഹെഷ്‌ബോനിലെ സീഹോനോടും അഷ്ത്താറോത്തില്‍ താമസിക്കുന്ന ബാഷാന്‍ രാജാവായ ഓഗിനോടും പ്രവര്‍ത്തിച്ചതും ഞങ്ങള്‍ കേട്ടിട്ടുണ്ട്.
    • 11 : ഞങ്ങളുടെ ശ്രേഷ്ഠന്‍മാരും നാട്ടുകാരും ഞങ്ങളോടു പറഞ്ഞു: യാത്രയ്ക്കുവേണ്ട ഭക്ഷണസാധനങ്ങള്‍ എടുത്തുചെന്ന് അവരെ കണ്ട് ഞങ്ങള്‍ നിങ്ങളുടെ ദാസന്‍മാരാണ്, അതുകൊണ്ട് ഞങ്ങളുമായി ഒരു ഉടമ്പടി ഉണ്ടാക്കുക എന്നുപറയണം.
    • 12 : ഇതാ ഞങ്ങളുടെ ഭക്ഷണ പദാര്‍ഥങ്ങള്‍ ഉണങ്ങിപ്പൂത്തിരിക്കുന്നു. യാത്രാമധ്യേ ഭക്ഷിക്കുന്നതിനായി ഞങ്ങളുടെ വീടുകളില്‍ നിന്ന് എടുത്ത ഇവയ്ക്ക് പുറപ്പെടുമ്പോള്‍ ചൂടുണ്ടായിരുന്നു.
    • 13 : ഞങ്ങള്‍ വീഞ്ഞു നിറയ്ക്കുമ്പോള്‍ ഈ തോല്‍ക്കുടങ്ങള്‍ പുതിയവയായിരുന്നു. ഇപ്പോള്‍ ഇതാ അവ കീറിയിരിക്കുന്നു. സുദീര്‍ഘമായ യാത്രയില്‍ ഞങ്ങളുടെ വസ്ത്രങ്ങളും ചെരിപ്പുകളും കീറി നശിച്ചിരിക്കുന്നു. കര്‍ത്താവിന്റെ നിര്‍ദ്‌ദേശമാരായാതെ ജനം ആ ഭക്ഷണപദാര്‍ഥങ്ങളില്‍ പങ്കുചേര്‍ന്നു.
    • 14 : ജോഷ്വ അവരുടെ ജീവന്‍ രക്ഷിക്കാമെന്ന് സമാധാനയുടമ്പടി ചെയ്തു.
    • 15 : ജനപ്രമാണികളും അങ്ങനെ ശപഥംചെയ്തു.
    • 16 : ഉടമ്പടി ചെയ്തു മൂന്നുദിവസം കഴിഞ്ഞപ്പോള്‍ അവര്‍ തങ്ങളുടെ അയല്‍വാസികളും തങ്ങളുടെ മധ്യേതന്നെ വസിക്കുന്നവരും ആണെന്ന് ഇസ്രായേല്‍ക്കാര്‍ക്കു മനസ്‌സിലായി.
    • 17 : ഇസ്രായേല്‍ജനം യാത്ര പുറപ്പെട്ട് മൂന്നാംദിവസം അവരുടെ പട്ടണങ്ങളായ ഗിബയോന്‍, കെഫീറാ, ബേറോത്ത്, കിര്യാത്ത്‌യയാറിം എന്നിവിടങ്ങളില്‍ എത്തിച്ചേര്‍ന്നു.
    • 18 : ഇസ്രായേലിന്റെ ദൈവമായ കര്‍ത്താവിന്റെ നാമത്തില്‍ ജനപ്രമാണികള്‍ ശപഥം ചെയ്തിരുന്നതിനാല്‍ ജനം അവരെ വധിച്ചില്ല. സമൂഹം മുഴുവന്‍ ജനപ്രമാണികള്‍ക്കെതിരേ പിറുപിറുത്തു.
    • 19 : പ്രമാണികള്‍ അവരോടു പറഞ്ഞു: ഇസ്രായേലിന്റെ ദൈവമായ കര്‍ത്താവിന്റെ നാമത്തില്‍ ശപഥം ചെയ്തതിനാല്‍ ഇപ്പോള്‍ നമ്മള്‍ അവരെ ഉപദ്രവിച്ചുകൂടാ.
    • 20 : നമുക്ക് ഇങ്ങനെ ചെയ്യാം. അവര്‍ ജീവിച്ചുകൊള്ളട്ടെ; അല്ലാത്തപക്ഷം ദൈവകോപം നമ്മുടെമേല്‍ പതിക്കും. നാം അവരോടു ശപഥം ചെയ്തതാണല്ലോ.
    • 21 : അവര്‍ ഇസ്രായേല്‍ ജനത്തിനുവേണ്ടി വിറകുവെട്ടിയും വെള്ളം കോരിയും ജീവിച്ചുകൊള്ളട്ടെ എന്നു പ്രമാണികള്‍ നിര്‍ദേശിച്ചു. സമൂഹം അത് അംഗീകരിച്ചു.
    • 22 : ജോഷ്വ അവരെ വിളിച്ചു ചോദിച്ചു: അടുത്തുതന്നെ വസിക്കേ വളരെ ദൂരത്താണെന്നു പറഞ്ഞു നിങ്ങള്‍ ഞങ്ങളെ വഞ്ചിച്ചതെന്തിന്?
    • 23 : അതിനാല്‍, നിങ്ങള്‍ ശപിക്കപ്പെട്ടവരാകട്ടെ! നിങ്ങള്‍ എന്നും എന്റെ ദൈവത്തിന്റെ ഭവനത്തില്‍ വെള്ളം കോരുകയും വിറകുവെട്ടുകയും ചെയ്യുന്ന അടിമകളായിരിക്കും.
    • 24 : അവര്‍ ജോഷ്വയോടു പറഞ്ഞു: നിങ്ങളുടെ ദൈവമായ കര്‍ത്താവു തന്റെ ദാസനായ മോശയോട് ഈ ദേശം മുഴുവനും നിങ്ങള്‍ക്കു തരണമെന്നും തദ്‌ദേശ വാസികളെയെല്ലാം നിഗ്രഹിക്കണമെന്നും കല്‍പിച്ചിട്ടുണ്ടെന്ന് നിന്റെ ദാസന്‍മാരായ ഞങ്ങള്‍ക്ക് അറിവുകിട്ടി. അതുകൊണ്ട് നിങ്ങളുടെ മുന്നേറ്റത്തില്‍ ഭയന്ന് ജീവന്‍ രക്ഷിക്കാന്‍ ഇങ്ങനെ ചെയ്തുപോയി.
    • 25 : ഇതാ, ഇപ്പോള്‍ ഞങ്ങള്‍ നിങ്ങളുടെ കരങ്ങളിലാണ്. ന്യായവുംയുക്തവുമെന്നു തോന്നുന്നത് ഞങ്ങളോടു ചെയ്യുക.
    • 26 : അപ്രകാരംതന്നെ അവന്‍ അവരോടു പ്രവര്‍ത്തിച്ചു; അവരെ ഇസ്രായേല്‍ജനങ്ങളുടെ കരങ്ങളില്‍നിന്നു മോചിപ്പിച്ചു; അവരെ വധിച്ചില്ല.
    • 27 : അന്നു ജോഷ്വ അവരെ ഇസ്രായേല്‍ക്കാര്‍ക്കും കര്‍ത്താവിന്റെ ബലിപീഠത്തിനുംവേണ്ടി വിറകുവെട്ടാനും വെള്ളം കോരാനും നിയമിച്ചു. തന്നെ ആരാധിക്കാനായി കര്‍ത്താവു തിരഞ്ഞെടുത്ത സ്ഥലത്ത് അവര്‍ ഇന്നും അതേ ജോലി ചെയ്യുന്നു.

അദ്ധ്യായം 31

കര്‍ത്താവ് എന്റെ സങ്കേതം

  • 1 : കര്‍ത്താവേ, അങ്ങയില്‍ ഞാന്‍ അഭയം തേടുന്നു, ലജ്ജിക്കാന്‍ എനിക്കിടവരുത്തരുതേ! നീതിമാനായ അങ്ങ് എന്നെ രക്ഷിക്കണമേ!
  • 2 : എന്റെ നേരേ ചെവിചായിച്ച്, എന്നെ അതിവേഗം വിടുവിക്കണമേ! അവിടുന്ന് എന്റെ അഭയശിലയും എനിക്കു രക്ഷ നല്‍കുന്ന ശക്തിദുര്‍ഗവുമായിരിക്കണമേ!
  • 3 : അവിടുന്ന് എനിക്കു പാറയും കോട്ടയുമാണ്; അങ്ങയുടെ നാമത്തെപ്രതി എന്നെ നയിക്കണമേ; എനിക്കു വഴികാട്ടി ആയിരിക്കണമേ!
  • 4 : എനിക്കായി ഒളിച്ചുവച്ചിരിക്കുന്ന വലയില്‍ നിന്ന് എന്നെ രക്ഷിക്കണമേ! അവിടുന്നാണ് എന്റെ അഭയസ്ഥാനം.
  • 5 : അങ്ങയുടെ കരങ്ങളില്‍ എന്റെ ആത്മാവിനെ ഞാന്‍ സമര്‍പ്പിക്കുന്നു; കര്‍ത്താവേ, വിശ്വസ്തനായ ദൈവമേ, അവിടുന്ന് എന്നെ രക്ഷിച്ചു.
  • 6 : വ്യര്‍ഥവിഗ്രഹങ്ങളെ ആരാധിക്കുന്നവരെ അവിടുന്നു വെറുക്കുന്നു; എന്നാല്‍ ‍, ഞാന്‍ കര്‍ത്താവില്‍ ആശ്രയിക്കുന്നു;
  • 7 : അങ്ങയുടെ അചഞ്ചല സ്‌നേഹത്തില്‍ ഞാന്‍ ആനന്ദമടയും; അവിടുന്ന് എന്റെ ദുരിതങ്ങള്‍ കണ്ടിരിക്കുന്നു; എന്റെ യാതനകള്‍ അങ്ങു ശ്രദ്ധിച്ചിരിക്കുന്നു.
  • 8 : ശത്രുകരങ്ങളില്‍ അങ്ങ് എന്നെഏല്‍പിച്ചുകൊടുത്തില്ല; വിശാലസ്ഥലത്ത് എന്റെ പാദങ്ങളെ അങ്ങ് ഉറപ്പിച്ചിരിക്കുന്നു.
  • 9 : കര്‍ത്താവേ, എന്നോടു കരുണതോന്നണമേ! ഞാന്‍ ദുരിതമനുഭവിക്കുന്നു; ദുഃഖംകൊണ്ട് എന്റെ നയനങ്ങള്‍ ക്ഷയിച്ചിരിക്കുന്നു; എന്റെ ജീവനും ശരീരവും തളര്‍ന്നിരിക്കുന്നു.
  • 10 : എന്റെ ആയുസ്‌സു ദുഃഖത്തിലുംഎന്റെ വത്‌സരങ്ങള്‍ നെടുവീര്‍പ്പിലും കടന്നുപോകുന്നു; ദുരിതംകൊണ്ട് എന്റെ ശക്തി ക്ഷയിക്കുന്നു, എന്റെ അസ്ഥി ദ്രവിച്ചുപോകുന്നു.
  • 11 : ശത്രുക്കള്‍ക്കു ഞാന്‍ പരിഹാസപാത്രമായി, അയല്‍ക്കാര്‍ക്കു ഞാന്‍ ഭീകരസത്വമാണ്; പരിചയക്കാര്‍ എന്നെ കണ്ടു നടുങ്ങുന്നു, തെരുവില്‍ എന്നെ കാണുന്നവര്‍ ഓടിയകലുന്നു.
  • 12 : മൃതനെപ്പോലെ ഞാന്‍ വിസ്മൃതനായിരിക്കുന്നു; ഞാന്‍ ഉടഞ്ഞു ചിതറിയ പാത്രം പോലെയായിത്തീര്‍ന്നു.
  • 13 : പലരും മന്ത്രിക്കുന്നതു ഞാന്‍ കേള്‍ക്കുന്നു; ചുറ്റും ഭീഷണിതന്നെ; എനിക്കെതിരേ അവര്‍ ഒന്നുചേര്‍ന്നു ഗൂഢാലോചന നടത്തുന്നു; എന്റെ ജീവന്‍ അപഹരിക്കാന്‍ അവര്‍ ആലോചിക്കുന്നു.
  • 14 : കര്‍ത്താവേ, ഞാനങ്ങയില്‍ ആശ്രയിക്കുന്നു; അങ്ങാണ് എന്റെ ദൈവമെന്നു ഞാന്‍ പ്രഖ്യാപിക്കുന്നു.
  • 15 : എന്റെ ഭാഗധേയം അങ്ങയുടെ കൈകളിലാണ്; ശത്രുക്കളുടെയും പീഡകരുടെയും കൈകളില്‍ നിന്ന് എന്നെ മോചിപ്പിക്കണമേ!
  • 16 : അങ്ങയുടെ ദൃഷ്ടി ഈ ദാസന്റെ മേല്‍ പതിക്കണമേ! അങ്ങയുടെ കാരുണ്യത്താല്‍ എന്നെ രക്ഷിക്കണമേ!
  • 17 : കര്‍ത്താവേ, ഞാനങ്ങയെ വിളിച്ച് അപേക്ഷിക്കുന്നു; ഞാന്‍ ലജ്ജിതനാകാന്‍ ഇടയാക്കരുതേ! ദുഷ്ടരെ ലജ്ജിതരാക്കണമേ! അവര്‍ മൂകരായി പാതാളത്തില്‍ പതിക്കട്ടെ!
  • 18 : അസത്യം പറയുന്ന അധരങ്ങള്‍ മൂകമാകട്ടെ! അവര്‍ അഹന്തയോടും അവജ്ഞയോടുംകൂടെ നീതിമാന്‍മാര്‍ക്കെതിരേ സംസാരിക്കുന്നു.
  • 19 : കര്‍ത്താവേ, അങ്ങയുടെ അനുഗ്രഹങ്ങള്‍ എത്ര വിപുലമാണ്! തന്റെ ഭക്തര്‍ക്കുവേണ്ടി അവിടുന്ന് അവ ഒരുക്കിവച്ചിരിക്കുന്നു; അങ്ങയില്‍ അഭയം തേടുന്നവര്‍ക്ക് അവ പരസ്യമായി നല്‍കുന്നു.
  • 20 : അങ്ങ് അവരെ മനുഷ്യരുടെ ഗൂഢാലോചനയില്‍ നിന്നു രക്ഷിക്കാന്‍ അങ്ങയുടെ സാന്നിധ്യത്തിന്റെ മറവില്‍ ഒളിപ്പിച്ചു. നിന്ദാവചനങ്ങള്‍ ഏല്‍ക്കാതെ അങ്ങയുടെ കൂടാരത്തില്‍ അവരെ മറച്ചുവച്ചു.
  • 21 : കര്‍ത്താവു വാഴ്ത്തപ്പെടട്ടെ! ആക്രമിക്കപ്പെട്ട നഗരത്തിലെന്നപോലെ ഞാന്‍ അസ്വസ്ഥനായിരുന്നു; അവിടുന്നു വിസ്മയകരമാം വിധം എന്നോടു കാരുണ്യം കാണിച്ചു.
  • 22 : അങ്ങയുടെ ദൃഷ്ടിയില്‍ നിന്നു ഞാന്‍ പുറന്തള്ളപ്പെട്ടു എന്ന് എന്റെ പരിഭ്രമത്തില്‍ ഞാന്‍ പറഞ്ഞുപോയി; എന്നാല്‍ , ഞാന്‍ സഹായത്തിനു യാചിച്ചപ്പോള്‍ അവിടുന്ന് എന്റെ അപേക്ഷ കേട്ടു.
  • 23 : കര്‍ത്താവിന്റെ വിശുദ്ധരേ, അവിടുത്തെ സ്‌നേഹിക്കുവിന്‍ ‍; അവിടുന്നു വിശ്വസ്തരെ പരിപാലിക്കുന്നു; അഹങ്കാരികളെ കഠിനമായി ശിക്ഷിക്കുന്നു.
  • 24 : കര്‍ത്താവിനെ കാത്തിരിക്കുന്നവരേ, ദുര്‍ബലരാകാതെ ധൈര്യം അവലംബിക്കുവിന്‍ ‍.
X